വയനാടന്‍

Tuesday, June 28, 2011

സ്വപ്നം


പുതിയലമാര മേടിച്ച്
ഭിത്തിയില്‍ കുത്തിച്ചാരുമ്പോള്‍
കുത്തഴിഞ്ഞ സ്വപ്‌നങ്ങള്‍ 
ചിരിക്കുന്നുണ്ടായിരുന്നു 

നഷ്ടങ്ങള്‍ അടുക്കി പെറുക്കിയപ്പോള്‍
മനസ്സ് വറ്റിയൊട്ടിയിരിക്കുന്നു .
കാലം മുന്നിലേക്കും കാലുകള്‍
പിന്നിലേക്കും ഇഴയുന്ന പോലെ ..

തീര്‍ച്ചകള്‍ നഷ്ടമാക്കിയ
കാലത്തിന്‍റെ മൂര്‍ച്ചകള്‍
പിന്നെയും വക്കുകള്‍
മിനുക്കി തന്നെ ..

ഒഴുകി നീണ്ടിട്ടും തീരാത്ത
പുഴ പോല്‍ പിന്നെയും ജീവന്‍
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
സ്വപ്നം കാണുന്നു ....

നനഞ്ഞ തലയിണയില്‍
സ്വപ്നങ്ങള്‍ തണുത്ത് വിറച്ചു .
മോഹങ്ങള്‍ പഞ്ഞിമരങ്ങളായി
കിളിര്‍ത്തു പൊങ്ങും .

വീണ്ടുമൊരു വേനലില്‍
ഉരുകി പൊട്ടിത്തെറിക്കും ..
പഞ്ഞി കുരുക്കള്‍
പിന്നെ ലോകമില്ലാതെ പറന്നലയും....

Monday, June 27, 2011

തീരം തേടി


പുഴ പോലെ ആളുകള്‍
ഒഴികിയെത്തി
പതിഞ്ഞ വാക്കുകള്‍
മുറ്റത്തെ പന്തലില്‍
പതറി നടക്കുന്നു

മുഖം നേടാനാവാതെ
പലരും കുനിഞ്ഞു
തിരഞ്ഞു നടക്കുന്നു ...
കനത്ത മുഖങ്ങളില്‍
നോക്കി മടുത്ത കുട്ടികള്‍
തൊടിയില്‍ ചിതറി ..

കുളിക്കനായെന്നാരോ
വിളിച്ചു പറഞ്ഞു
ആരെയോ കരുതി
ഉടയാതെ കാത്ത
നഗ്നതയില്‍ ഇക്കിളി
മരച്ച് വിറങ്ങലിച്ചിരുന്നു

ആരൊക്കെയോ താങ്ങി
പുത്തനുടുപ്പുകള്‍
അണിയിക്കുമ്പോള്‍
വീണ്ടുമൊരു കുട്ടികാലം ..

തൂശനിലയില്‍ നീണ്ടു
നിവര്‍ന്നു കിടക്കുമ്പോള്‍
അറിയാതെ വാക്കുകള്‍
പറയാതിരിക്കാന്‍ തല
കടും കെട്ടിനുള്ളിലാക്കി .

എള്ള് ചുവച്ച ചോറുണ്ടപ്പോള്‍
അമ്മയുടെ കണ്ണീര്‍
മുഖം നനച്ചു ...
തിരിച്ച് തെക്കേ
തടത്തിലേക്കു പോകുമ്പോള്‍
അവള്‍ കാത്തിരുപ്പുകളുടെ തീരം
കണ്ട കണ്ണുകളുമായി
കൈകള്‍ നീട്ടി
പുണര്‍ന്നമരാന്‍ കൊതിച്ച്
വെമ്പുന്നു ...

പൂവെറിഞ്ഞ് കിണ്ടി
കമിഴ്ത്തി കര്‍പ്പൂര
ഗന്ധത്തില്‍ , തീണ്ടിയ
ശരീരമഴിച്ചു വെച്ച്
ചന്ദന തിരികളുടെ പുക
മറയില്‍ അവളിലേക്ക്‌

Tuesday, June 14, 2011

"അച്ഛന്റെ അ"


അവനു അ എന്നെഴുതാന്‍
അറിയില്ലായിരുന്നു ..
കയ്യിലെ പുളിവാരല്‍ കൊണ്ട്
അയാള്‍  മുതുകിലൂടെ
അവന്റെ ഹൃദയത്തിലേക്ക്
കുത്തിയിറക്കി
അച്ഛാ എന്ന് വിളിച്ചലറി
പിടയുമ്പോള്‍ ,
പതിയെ തിരിച്ചറിയുകയായിരുന്നു
അ എന്നത് അച്ഛന്റെ
അ അല്ല എന്ന് ...


Friday, June 10, 2011

ചാനല്‍


ഒരു പെണ്ണിന്റെ മാനം നഷ്ടപെട്ടു !
പോലീസും , നാട്ടുകാരും
കുറ്റിക്കാടുകളും പറമ്പുകളും
തിരഞ്ഞു മെതിച്ചു ......

ചാനലുകളിലെ  തല്‍സമയ
ചര്‍ച്ചകളില്‍ പല
കണ്ടു പിടിത്തങ്ങളും ,
സിദ്ദാന്തങ്ങളും രൂപപെട്ടു

ചായ കുടിക്കാന്‍ കയറിയ
ഹോട്ടെലില്‍ മറന്നു വെച്ചതെന്ന്
അല്ല , സംഘം ചേര്‍ന്ന്
തട്ടിപ്പറിച്ചതെന്നു .
അതല്ല ,അടിപാവാടയുടെ
നിറം ചുവപ്പായതാണ്
കാരണമെന്ന്

നാല്‍പ്പതു പേരുടെ
തുടയിടുക്കുകളില്‍ നിന്ന്
ഒളിപ്പിച്ചു വെച്ചിരുന്ന
അവളുടെ മാനത്തിന്റെ
സ്ഖലിച്ച പാടുകള്‍
പിന്നീട് പോലീസ് കണ്ടെത്തി ...