വയനാടന്‍

Monday, August 29, 2011

അധികാരം


ഞാന്‍ കുടത്തില്‍ തലയിട്ട പട്ടി
തന്നെയാണിപ്പോഴും
ഞാന്‍ വിതച്ചു കൊയ്തുകൊണ്ടിരിക്കുന്നു
നീ കുഴച്ച് കഴിച്ചു കൊണ്ടിരിക്കുന്നു .

ഓട തോണ്ടി , തെങ്ങ് കേറി
നിന്റെ ബക്കറ്റ് നിറയ്ക്കുന്നു ഞാന്‍ ......
എന്നെ കൊണ്ട് നിറച്ചെടുത്ത
പത്തായ പുരകള്‍
നീ സ്വിസ് ബാങ്കില്‍ പൂഴ്ത്തുന്നു

വീണ്ടും വീണ്ടും നിനക്ക് ജയിക്കാന്‍ നിന്റെ
കൊടി എനിക്ക് പട്ടടയായി പുതപ്പിച്ചു
ചാനലില്‍ പൊട്ടികരയുന്നു നീ ......


തിന്നു മുറ്റിയ നിന്റെ കൂട്ടര്‍ എന്റെ
പെണ്ണിന്റെ മുല കടിച്ചു പറിക്കുന്നു ....


ചത്ത്‌ തുലഞ്ഞ പൂര്‍വ്വികരുടെ അലറിച്ചകള്‍
അരി വാളുകളായി തിളങ്ങുന്നു
അവയെല്ലാം ഒരിക്കലുമുണരാത്ത
ചോദ്യ ചിഹ്നങ്ങളായി ചുരുങ്ങുന്നു ...

28/04/2010

 

Monday, August 8, 2011

യാത്രയയപ്പ്
കാലന്‍ മൂന്നു ദിവസമായി
സെക്രട്രിയേറ്റിന് മുന്നില്‍
നിരാഹാരത്തിലാണ്
കവിയെ വിട്ടു
കൊടുക്കാത്തതില്‍ പ്രതിഷേധിച്ച്.
നാടിന്റെ അഭിമാനമായ കവിയെ
പറഞ്ഞയക്കാന്‍ സര്‍ക്കാരിനു
സമ്മതമില്ലത്രേ..

താമസം മോര്‍ച്ചെറിയിലേക്ക്
മാറ്റിയതിനു ശേഷമാണ്
പത്രക്കാര്‍ ജനകീയനെന്നും ,
നാടിന്റെ നഷ്ടമെന്നും
വിളിച്ചലറി കരഞ്ഞതും ,കരയിപ്പിച്ചതും .
കള്ള വോട്ടിന്റെയും
ബൂത്ത് പിടിത്തത്തിന്റെയും
ക്ഷീണമകറ്റി മന്ത്രിമാര്‍
അയ്യപ്പനെ ഇന്ന്
 വെടിയൊച്ചകളോടെ
യാത്രയയക്കാന്‍
തീരുമാനമായിരിക്കുന്നത്രേ .

ആര്‍ക്കും പിടികൊടുക്കാതെ
തെരുവില്‍ പാടി നടന്നത്
ഇവരെ പേടിച്ചായിരിക്കണം .
കലിയുഗ വരദന്‍
അയ്യപ്പനെ കാണാന്‍
കൈകൂലി വാങ്ങുന്ന നാട്ടില്‍
കള്ളുകുടിയന്‍ അയ്യപ്പനെ
ആരറിയാന്‍ ....!


ശവം തീനികളുടെ നാട്ടില്‍
മുഴുത്ത കഷണത്തിനായല്ലാതെ
വരരുതിനി വീണ്ടും നീ
നിന്‍റെ മനുഷ്യത്വവുമായ് .
നിന്‍റെ ആത്മാവിനെ
വെടിവെച്ചിടുമിന്നെന്റെ
പോലീസ് ,
ഇനി നിന്റെ നിഷ്കളങ്ക ചിരിയില്ല .
മറക്കുന്നു നിന്നെ ഞങള്‍
നിന്റെ പേരിലൊരു
അവാര്‍ഡ്‌ കമ്മിറ്റി വരും വരെ .........

 എ .അയ്യപ്പന്റെ മരണത്തിന്റെ ഓര്‍മ്മയ്ക്ക്‌
26/08/2010

Wednesday, August 3, 2011

തോല്‍വി
തോല്‍പ്പിച്ചുവെന്നു നിനക്ക് തോന്നാം
പക്ഷെ ദൈവമേ സത്യമതല്ല
പ്രണയം ആത്മാവ്  പോലെ
മരണമില്ലാത്തതാണ് .
തോറ്റുവെന്ന് തോന്നിയത് 
ഒന്നിനും കഴിവില്ലാത്ത നിന്റെ
പുറം പൂച്ചുകളില്‍ മയങ്ങി
എന്റെ വേദനകളെ നീ നീക്കുമെന്ന്
കരുതി എന്റെ അവസാന തുട്ടും
നീ മേടിച്ചെടുത്തപ്പോള്‍  മാത്രമാണ്