വയനാടന്‍

Thursday, January 17, 2013

ചകോര പക്ഷി


വെയില്‍ മണലിനെ
തീകൊണ്ട്  കുത്തിയിളക്കുന്ന
ഒരു നട്ടുച്ചയില്‍
ചുട്ടുനീറുന്ന തരികളെ ,
തിരയെറിഞ്ഞാറ്റി തണുപ്പിക്കും
കടലിന്റെ കരയില്‍ വെച്ചാണ്
ചകോര പക്ഷിയുടെ
പ്രണയരഹസ്യം
എനിക്ക് വെളിപ്പെടുന്നത് .

പകലൊടുക്കത്തിന്‍ മേലെ
കരിന്തുണി വീശി പുതക്കുമ്പോള്‍
സകല സ്വപ്നങ്ങള്‍ക്കും
നിലാവ് നല്‍കുന്ന
ചന്ദ്രനെ ഭൂമിയില്‍ വെച്ച്
പ്രണയിച്ച ചകോര പക്ഷി !

രാത്രിയില്‍ ഉയരത്തിന്റെ
അവസാനത്തെ
കൊമ്പില്‍ ചേക്കേറി
കണ്ണുകളില്‍ പ്രണയം
ഇമചിമ്മാതെ
കത്തിച്ചു പിടിച്ച്
തന്റെ പ്രണയത്തിന്റെ
ദൂരമളന്നു കാത്തു നിന്ന
ചകോര പക്ഷി !

തന്റെ പ്രണയ ചന്ദ്രനെ
അടുത്തൊന്നു കാണുവാന്‍
പുഴക്കരയില്‍ രാവിനായി
കാത്തു നിന്ന് ,
ചന്ദ്രബിംബത്തെ
കൊത്തികലക്കി
നെഞ്ചു പൊട്ടിയ
ചകോര പക്ഷി !

ഒടുവില്‍ ,
ഒരമാവാസി ചത്തതിന്റെ
പിറ്റേന്ന്
ഇനിയൊരു നിമിഷവും
പിരിയുക വയ്യെന്നുറച്ചു
ചിറകുകള്‍
ചന്ദ്രമണ്ഡലം ലക്ഷ്യമാക്കി
ആഞ്ഞു വീശി പറന്ന
ചകോര പക്ഷി
നീയിനിയും മടങ്ങി വന്നില്ല .....!
നീ പറന്നു പറന്നിനിയും
മടങ്ങി വന്നില്ല

നീയുമൊരു ചകോര പക്ഷി
എത്തി പിടിക്കും മുന്നേ
ചിറകു കുഴഞ്ഞു
ചങ്കു തളര്‍ന്നു കിതച്ചു വീണ
എന്റെ ചകോര പക്ഷി
കണ്ടെടുത്തില്ലനിയും
ഞാന്‍ നിന്റെ അവശിഷ്ടങ്ങള്‍
നീ ചോരയില്‍ പറഞ്ഞ
വാക്കുകളല്ലാതെ .......






Tuesday, January 15, 2013

ചില കണ്ടെത്തലുകൾ

1) കിടപ്പറകൾ

ഭാര്യയുടെ കിടപ്പു
മുറിയിലേക്ക് ഒളിഞ്ഞു
നോക്കുമ്പോഴാണ്
അയാളാദ്യമായി,
കൈകാലിട്ടടിച്ചു കരയുന്ന
പാതിവൃത്യത്തെ കണ്ടെത് .

2) നഖക്ഷതങ്ങള്‍

ഇരുണ്ട വെളിച്ചത്തില്‍
ഭര്‍ത്താവിന്റെ നെഞ്ചിലെ
നഖപാടുകള്‍ കണ്ടെത്തിയ
ഉടനെയവള്‍ തുടയിലെ
തിണുര്‍ത്ത പാടുകള്‍
കൈകളാലമര്‍ത്തി മറച്ചു

3) സ്ത്രീപക്ഷ വാദി

ഒരിക്കല്‍ ഒരു സ്ത്രീപക്ഷ വാദി
ഉയർത്തിപ്പിടിച്ച ദെണ്ടുമായി
സ്വവര്‍ഗ്ഗരതിക്കാരന്റെ
മുറിയിലേക്ക് അമര്‍ത്തി ചവിട്ടുന്നത് കണ്ടു

Monday, January 7, 2013

വീണ സ്വപ്നം


ഞാന്‍ കുടിച്ചതും വറ്റിച്ചതും
ചാരായത്തില്‍ നീയൊഴിച്ചു തന്ന
സ്വപ്നങ്ങളായിരുന്നു ...
സര്‍ക്കാര്‍ ചാരായം നിര്‍ത്തും മുന്‍പേ ,
നീ വിദേശ മദ്യ ഷാപ്പില്‍ ചേക്കേറിയിരുന്നു.
അവിടെ ബിയറു പോല്‍
തിളയ്ക്കുന്ന മോഹങ്ങളുണ്ടത്രേ ....
ഗുരുവരം കിട്ടിയൊരു ശിഷ്യന്‍
ആനമയക്കി തന്നനുഗ്രഹിച്ചതിനാല്‍
അടിയനിതാ സ്വപ്നങ്ങലില്ലാതെ
റോഡു വക്കിലൊടുങ്ങിടുന്നു ......

ഒരു മനുഷ്യന്‍


കുടിച്ചുല്ലസിക്കുമ്പോളാണ് നിങ്ങളെന്നെ
മദ്ധ്യപാനിയെന്നു വിളിച്ചധിക്ഷേപിച്ചത്.
എന്റെ തോല്‍വിയുടെ ചരമക്കുറിപ്പുകളെ
കവിതകളെന്ന് നിങ്ങള്‍ ഉദ്ഘോഷിച്ചപ്പോള്‍
ഒരു പരനാറിയുടെ വായിനോട്ടത്തിന്റെ
ഓര്‍മ്മക്കുറിപ്പുകളെന്നവള്‍ തിരുത്തി ...
പച്ചയായി ജീവിക്കുമ്പോളായിരുന്നു
പുഴുകുത്തേറ്റ അവാര്‍ഡുകള്‍ എന്റെ
ചിന്തകളുടെ മേല്‍ പട്ടടയായി അടുക്കി വെച്ചത് .
വിലയ്ക്കെടുത്തെന്റെ ചിരികളെ ,
സ്വതന്ത്രമാക്കാന്‍ യുദ്ധമല്ലതൊരു വഴിയുമില്ല
കാലനേ നീ കയറൂരുക ........