വയനാടന്‍

Monday, March 11, 2013

ശിവ രാത്രി


ഇന്നലെ
തെരുവുകളിലും ,
ഊടുവഴികളിലും
ചെരുപ്പുകള്‍ റോഡില്‍
ഉരച്ച്,ഉച്ചത്തില്‍
സംസാരിച്ചു നടന്നവര്‍
കാരണം ,
പങ്കജ വല്ലി മേടിച്ച
അഞ്ചു മുഴം മുല്ലപൂ
മുടക്ക് മുതല്‍
പോലും കിട്ടാതെ
വാടി പോയി !

ജെനറേറ്ററുകള്‍
വെളുപ്പിച്ച രാത്രി
ഇരുട്ടുമെന്നും ,
റോഡില്‍ ഉരച്ചു
നടക്കുന്നവര്‍ ഉറങ്ങുമെന്നും,
പൂച്ചയെ പോലെ നടക്കാനും
വീഴാനും അറിയുന്നവര്‍
തന്റെ വാതിലില്‍
മാന്തുമെന്നും
കരുതി
കാത്തിരുന്ന പങ്കജവല്ലി
ഉറങ്ങിപോയത്
കഷ്ടമെന്നല്ലാതെ
എന്ത് പറയാന്‍ .

കാലങ്ങള്‍ക്ക് മുന്നേ
തോറ്റു പോയൊരാത്മഹത്യാ ശ്രെമം
ഇപ്പോഴും
നാടുമുഴുവന്‍ ഉറക്കളച്ചു
പാടി പരത്തുന്നത്
എന്തിന്റെ  കേടായിട്ടെന്നു
പങ്കജവല്ലി ദേഷ്യപെടുമ്പോൾ
 
മോഹിനിയെ താനിനിയും
മറന്നിട്ടില്ലെന്ന്
വിഷമുറഞ്ഞൂറിയ കഴുത്ത്
തടവി പറയുമ്പോള്‍
ശിവന്റെ കണ്ണില്‍
ഗംഗ ഒഴുകുന്നുണ്ടായിരുന്നു ....