വയനാടന്‍

Friday, November 22, 2013

അജ്ഞാതനായ ഷേക്സ്പിയര്‍


ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ നാടകകൃത്ത്‌ ആരെന്നു ചോദിച്ചാൽ നമുക്കൊരുത്തരമേ ഉള്ളു അത് വില്ല്യം ഷേക്സ്പിയർ എന്ന് മാത്രമാണ് .മനുഷ്യ ജീവിതത്തിൻറെ വ്യത്യസ്ത ഭാവതലങ്ങളെക്കുറിച്ച് അദ്ദേഹം രേഖപെടുത്തിയിട്ടുള്ളതായ 'കല്പനകൾ' നാം പോലുമറിയാതെ നമ്മുടെ ദൈനംദിന ഭാഷായുപയോഗത്തിൽ കയറിയിറങ്ങി പോകുന്നു .

മുപ്പത്തിയെട്ടു നാടകങ്ങളും നൂറ്റി അൻപത്തിനാലു ഗീതകങ്ങളും ചില കാവ്യങ്ങളും എഴുതിയിട്ടുള്ള  ഷേക്സ്പിയർ ഇംഗ്ലണ്ടിന്റെ രാഷ്ട്ര കവി എന്നറിയപെട്ടിരുന്നു .എങ്കിലും പല അത്ഭുത പ്രതിഭകളെയും പോലെ തന്നെ മരണശേഷമാണ് വില്യമിനെയും പ്രശസ്തി തേടി വന്നത് .പ്രണയദുരന്തങ്ങളുടെ  അവസാനവാക്കുകളായ മാക്ക്ബത്തും ,ഹാംലെറ്റും ഇന്നും  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നാടകങ്ങളായി അരങ്ങുകളെ കണ്ണീരണിയിക്കുന്നു. വിക്ടോറിയൻ കാലഘട്ടം  ഷേക്സ്പിയറെ ആരാധിക്കുമ്പോൾ റൊമാന്റിക്കുകൾ അദ്ദേഹത്തെ ഒരത്ഭുത പ്രതിഭയായി കണക്കാക്കുന്നു.

ഏകദേശം നാനൂറു വർഷങ്ങൾക്കു മുൻപേ തൻറെ അസാധ്യമായ സർഗ്ഗപ്രതിഭാ ജോലികൾ നിറുത്തി വെച്ചുകൊണ്ട് മരണത്തിലേക്ക് മടങ്ങിയെങ്കിലും, താനെഴുതി ജീവൻവെപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും ഭൂമിയിൽ അനശ്വരനായി വിരാജിക്കുകയും നമ്മെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുകയും  ചെയ്തു കൊണ്ടിരിക്കുന്ന വില്ല്യം ഷേക്സ്പിയർ യഥാർത്ഥത്തിൽ ആരാണ് ?

സ്നിറ്റർ ഫീൽഡിലെ തുകൽ നിർമാതാവായ ജോണ്‍ ഷേക്സ്പിയറിന്റെയും മേരി ആർഡൻന്റെയും മൂന്നാമത്തെ മകനായി ആയിരത്തി അഞ്ഞൂറ്റി അറുപത്തിനാലിൽ ജനിച്ചു എന്ന് കരുതപെടുന്ന വില്ല്യമിന് പക്ഷെ വിശ്വസനീയമായ ഒരു ജനന തിയ്യതി ഇല്ലന്നതാണ് സത്യം . ആയിരത്തി അഞ്ഞൂറ്റി അറുപത്തിനാല് ഏപ്രിൽ ഇരുപത്തിആറിനു  ഒരു പള്ളിയിൽ വെച്ച് മാമ്മോദീസ മുങ്ങിയതായി പള്ളിരേഖ ഉണ്ട് എന്ന പൊതുവെ അംഗീകരിക്കപെട്ട ഒരു ചരിത്രമുണ്ടെങ്കിലും  ഇതും വിശ്വസനീയമല്ല.

വില്ല്യമിന്റെ ജനനത്തെക്കുറിച്ച് വിശ്വസ്നീയമായ ഒരു തെളിവും ഇല്ലെന്നതും ഉള്ളവ തന്നെ ഇടവിട്ടതും അപൂർണ്ണവുമാണെന്നതും മാത്രമല്ല ഈ അത്ഭുതപ്രതിഭയെക്കുറിച്ച് കാലം പറയാതെ വെച്ചത്.കൂടുതല്‍ പരപ്പിലേക്ക് ചെല്ലുമ്പോൾ ചുഴികളുടെ നിഗൂഡത പോലെ നമ്മെ ചുറ്റിവരിയുകയാണ് ഈ അതുല്ല്യ പ്രതിഭയുടെ ജീവിതം.അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ഏറ്റവും അടിത്തട്ടിൽ ജനിച്ചു വളർന്നു എന്ന് വിശ്വസിക്കപെടുകയും,കൃത്യമായ വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും ചെയ്ത വില്ല്യം ഷേക്സ്പിയർ എഴുതിയതും പറഞ്ഞതുമെല്ലാം കൊട്ടാരം ഉപജാപകങ്ങളോ ,അന്തപുര കലാപങ്ങളോ അതുമല്ലെങ്കിൽ ഉന്നതകുല ജാതരുടെ ജീവിതവുമായി ബന്ധപെട്ട കഥകളോ ആയിരുന്നു എന്നത് ഒരു വിരോധാഭാസമായി ചോദ്യം ചെയ്യപെടുന്നു.

വില്ല്യം ഷേക്സ്പിയറിന്റെ കൃതികളിലൂടെ വായിച്ചു വരുമ്പോൾ മനസ്സിലാവുന്ന ഒരു വസ്തുതയാണ് രചിയിതാവിനു രാജകീയ കലകളിലെല്ലാം അവഗാഹമുണ്ടെന്ന്.വേണ്ടത്ര ഉയർന്ന വിദ്യാഭ്യാസമോ ,ഉന്നതകുല സഹവാസമോ ഇല്ലാതിരുന്ന വില്ല്യം എങ്ങിനെയാണ് നിയമം,കായികം ,ആയോധനം ,വിദേശ ഭാഷകൾ മുതലായവ കൈവശമാക്കിയതെന്നു ചിന്തിക്കുമ്പോൾ വില്ല്യം ഷേക്സ്പിയർ എന്ന ഒരത്ഭുത പ്രതിഭ ഇരുട്ടിൻറെ ഏതോ ഗുഹാന്തർഭാഗത്ത്‌ ധ്യാനം ചെയ്യുന്നു എന്ന് നാം വിശ്വസിച്ചു തുടങ്ങുന്നു .

ആയിരത്തി എണ്ണൂറ്റി നാൽപത്തി എട്ടുകളിലാണ് ഷേക്സ്പിയർ എന്നതൊരു പകരക്കാരനാണ് എന്നതിനെക്കുറിച്ച് അന്വേഷണങ്ങൾ ആരംഭിക്കുന്നത് .ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും അത് തുടരുന്നു .അടുത്ത കാലത്തായി തെളിവുകൾ തേടി കല്ലറകൾ വരെ പൊളിച്ചു പരിശോധിക്കുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുന്നു .ഇതേവരെ ഏകദേശം അറുപതോളം പേരെയാണ് ഷേക്സ്പിയർ എന്ന സംശയത്തിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നത് .

ഇംഗ്ലണ്ടിലെ യോർക്ക്ഷെയർ പ്രവിശ്യയിൽ അതോർപ്പ് എന്ന സ്ഥലത്ത് നിന്ന് അടുത്തിടെ ഒരു പെട്ടി ഖനനം ചെയ്തെടുക്കുകയുണ്ടായി .ഷേക്സ്പിയറിനെ ഒരു സാഹിത്യ മോഷ്ടാവ് എന്ന് വിളിക്കാൻ മാത്രമുള്ള തെളിവുകൾ ആ പെട്ടിയിൽ ഉണ്ടായിരുന്നുവത്രേ .പെട്ടിയിൽ നിന്നും ലഭിച്ച രേഖകൾ പറയുന്നത് പ്രകാരം ബില്ലി ഷേക്ക്‌ മേലോട്ടോയെന്ന ഒരു കുടുംബാംഗത്തിന്റെ കൃതികൾ വില്ല്യം മോഷ്ടിക്കുകയും അത് പിന്നീട് സ്വന്തം പേരിൽ പ്രചരിപ്പിക്കുകയുമായിരുന്നു എന്നാണ് .വിശ്വപ്രസിദ്ധമായ മാക്ക്ബത്തിലെ വരികൾ അടങ്ങിയ രേഖകൾ പെട്ടിയിൽ നിന്ന് കണ്ടെടുക്കുകയും അതിൽ ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറു ആണ് കൃതി എഴുതിയ വർഷമെന്ന് കൃത്യമായി രേഖപെടുത്തിയിരുന്നതായി പറയപെടുന്നു.ഈ കണക്കു പ്രകാരം ഷേക്സ്പിയർ മാക്ക്ബത്ത് എഴുതി എന്ന് വിശ്വസിക്കുന്ന വർഷത്തേക്കാൾ പതിനഞ്ചു വർഷം മുന്നേയാണ്‌ യഥാർതത്തിൽ നാടകം എഴുതപെട്ടിരിക്കുന്നത്. മാത്രവുമല്ല മുൻപ് എഴുതിയതാരെന്നറിയാത്തതും പിന്നീട് ഷേക്സ്പിയർ ആണ് രചിയിതാവ് എന്ന് കരുതപെടുകയും ചെയ്ത പല കൃതികളുടെയും കോപ്പികൾ ഈ പെട്ടിയിൽ നിന്ന് കണ്ടെത്തുകയുണ്ടായി എന്നതും യഥാർത്ഥ ഷേക്സ്പിയർ ബില്ലി ആണെന്ന് വിശ്വസിക്കാൻ കാരണമായി .
യോർക്ക്ഷെയറിലെ സർ നിക്കോളാസ് ബെക്കന്റെയും അന്ന ബെക്കന്റെയും മകനായി ആയിരത്തി അഞ്ഞൂറ്റി അറുപത്തി ഒന്ന്  ജൂണ്‍ ഇരുപത്തിരണ്ടിനു ജനിച്ച ഫ്രാൻസിസ് ബെക്കൻ ആണ് പിന്നീട് ഏറ്റവും ശക്തമായി ഉയർന്നു വന്ന മറ്റൊരു പേര് . മികച്ച സാമാജികനും,നിയമ വിദഗ്ദനുമായിരുന്ന ബെക്കൻ ഒരു  മികച്ച ശാസ്ത്രഞ്ഞനും കൂടാതെ എഴുത്തുകാരനുമായിരുന്നു .ഈ ബഹുമുഖ പ്രതിഭയാണ് യഥാർത്ഥ ഷേക്സ്പിയർ എന്ന തരത്തിൽ ചിന്തകൾ രൂപപെട്ടത്‌  പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് .ഒരു തത്വ ചിന്തകൻ കൂടിയായിരുന്ന ബെക്കണിന്റെ വീക്ഷണങ്ങലോടുള്ള സാമ്യം ഷേക്സ്പിയർ കൃതികളിലുണ്ടായിരുന്നു എന്നതാണ് ബെക്കൻ സിദ്ധാന്തം ഉയർത്തിയവരുടെ വാദം .

ആയിരത്തി തൊള്ളായിരത്തി ഇരുപതിൽ പുറത്തിറങ്ങിയ ഷേക്സ്പിയർ തിരിച്ചറിയപെടുന്നു എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനായ തോമസ്‌ ലൂണി ഒക്സ്ഫോഡിലെ പതിനേഴാമത്തെ പ്രഭുവായ എഡ്വേഡ് ഡി വോരെയാണ്‌ യഥാർത്ഥ ഷേക്സ്പിയർ എന്ന ഒരു പുതിയ വാദം ഉന്നയിച്ചു.

എഡ്വേഡ് ഡി വോരെ ചെറുപ്പം മുതലേ സാഹിത്യരചനകളിലും നാടകങ്ങളിലും വലിയ തല്പരനായിരുന്നു.ഇതുമൂലം എലിസബത്ത് രാജകുമാരി എഡ്വേഡിൽ അനുരകതയായി മാറി .ഒരിക്കൽ  പ്രഭു തൻറെ കൊട്ടാരത്തിലെ ഒരു ചാര ഭ്രത്യനെ വധിക്കുകയുണ്ടായി ഇത് മനസ്സിലാക്കിയ വില്ല്യം സെസിൽ എന്ന പുരോഹിത പ്രമാണി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വന്തം മകളായ അന്ന സെസിലിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു .തൻറെ ഭർത്താവിന്റെ സാഹിത്യവും ,നാടകങ്ങളും വെറുത്ത അന്ന എഡ്വേഡിന്റെ സാഹിത്യപ്രവർത്തനങ്ങളെ അതിശക്തമായി എതിർക്കുകയും തൻറെ കുടുംബത്തിന്റെ അഭിമാനത്തിന് ചേർന്നതല്ല നാടക പ്രവർത്തനം എന്ന് പ്രഭുവിനെ കൂടെ കൂടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു .

ഭാര്യയുടെ എതിർപ്പുമൂലം തൻറെ എഴുത്ത് ജോലികൾ പ്രഭു അതീവ രഹസ്യമാക്കുകയും .തൻറെ എഴുത്തുകൾ മറ്റൊരു പേരിൽ അറിയപെടാനും പ്രഭു ആഗ്രഹിച്ചു .അങ്ങിനെയാണ് വില്ല്യം ഷേക്സ്പിയർ എന്നയാൾ തികച്ചും ആകസ്മികമായി എഡ്വേഡ് പ്രഭുവിന്റെ സാഹിത്യ രചനകളുടെ അവകാശിയായി മാറുന്നത് .
പ്രഭുവിന്റെ ജീവിതവുമായി ഷേക്സ്പിയർ നാടകങ്ങൾക്കുള്ള സാമ്യതയും ,അദ്ദേഹത്തന്റെ ആഖ്യാന ശൈലിയും ചൂണ്ടികാണിച്ചാണ് ഈ വാദം കരുത്താർജ്ജിച്ചത്.മാത്രവുമല്ല ഷേക്സ്പിയർ നാടകങ്ങളിലെ കുലീനതയും ,രാജകീയതയും ഒരു വെറും തുകൽ കച്ചവടക്കാരന്റെ മകന് സൃഷ്ടിക്കാവുന്നതല്ല എന്നതാണ് ഓക്സ്ഫോഡിയൻ വാദികളുടെ വിശ്വാസം .രണ്ടായിരത്തി പതിനൊന്നിൽ ജോണ്‍ ഓർലോഫ് എഴുതി റോളണ്ട് എമ്മറിച്ച് സംവിധാനം ചെയ്ത അനോണിമസ് എന്ന സിനിമ ഈ സിദ്ധാന്തത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നു.

പിന്നീട് ഉയർന്നു വന്ന പേരാണ് ക്രിസ്റ്റഫർ മാർലോവ് .നാടകകൃത്തും,കവിയുമായിരുന്ന ക്രിസ്റ്റഫർ വില്യമിനെ പോലെ തന്നെ ഒരു സാദാരണ കുടുംബത്തിൽ നിന്നും ഉയർന്നു വന്നതാണ് .വില്ല്യം ഷേക്സ്പിയറും ക്രിസ്റ്റഫറും ഒരേ സമയത്ത് ജീവിച്ചിരുന്നവരാണ് .അജ്ഞാത കാരണത്താൽ മാർലോവിനെ അറസ്റ്റു ചെയ്യുകയും പത്തു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം കൊല്ലപെടുകയും ചെയ്തു .അദ്ദേഹമാണ് ഷേക്സ്പിയർ എന്ന തെളിവ് നശിപ്പിക്കാൻ കരുതി കൂട്ടി അദ്ദേഹത്തെ വധിച്ചതാണെന്നും വാദങ്ങൾ നിലനില്ക്കുന്നു.അതല്ല ഇദ്ദേഹമൊരു ചാരനായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട് .

ദെർബിയിലെ ആറാമത്തെ പ്രഭുവായിരുന്ന വില്ല്യം സ്റ്റാൻലിയാണ് ഷേക്സ്പിയറിന്റെ മറ്റൊരു പകരക്കാരൻ .ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്നിലാണ് ജെയിംസ്‌ സ്ട്രീറ്റ് എന്ന എഴുത്തുകാരൻ വില്ല്യം പ്രഭുവാണ് യഥാർത്ഥ ഷേക്സ്പിയർ എന്ന  ആശയം മുന്നോട്ടു വെച്ചത് .ഷേക്സ്പിയറിനേക്കാൾ മൂന്ന് വർഷം മുൻപേ ജനിച്ച വില്ല്യം പ്രഭു കവിയും ,സ്വന്തമായി നാടക കമ്പനിയുമുള്ള ആളായിരുന്നു .ഇദ്ദേഹത്തിന്റെ ഒപ്പ് w s  എന്നതാണ് ഒരു പ്രധാന തെളിവായി ജെയിംസ്‌ ഉയർത്തികാട്ടിയത്‌.

ഇതുവരെ ഏകദേശം അറുപതോളം പേരുകൾ ഷേക്സ്പിയറിന് പകരമായി പലരും അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും, അദ്ദേഹത്തിൻറെ എഴുത്ത് പോലെ തന്നെ അദ്ദേഹത്തെകുറിച്ചുള്ള കഥകളും ഒരത്ഭുതമായി നിലനില്ക്കുന്നു .ഗ്രഹണം കഴിഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ പതിവ് പുഞ്ചിരിയുമായി എത്തുന്ന സൂര്യനെ പോലെ ഊഹാ പോഹങ്ങളുടെ മൂടുപടം വകഞ്ഞു മാറ്റി സത്യം തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .

സൂക്കർ ബെർഗ് വഴി പരിചയപെട്ട മന്ജെഷ് ഏട്ടൻ ഏകദേശം ഒരു വർഷം മുൻപാണ് എന്നോട് ഷേക്സ്പിയറിന് പിന്നിൽ ഇത്തരത്തിൽ ഒരു  നിഗൂഡത ഉണ്ടെന്നു പറഞ്ഞു തന്നത് .അതിനു വേണ്ടുന്ന റെഫറൻസുകളും അദ്ദേഹം തന്നെയാണ് സംഘടിപ്പിച്ചുതന്നത്.ഈ എഴുത്ത് ഏതെങ്കിലും രീതിയിൽ നന്നായെങ്കിൽ അതിന്റെ മുഴുവൻ നന്മയും അദ്ദേഹത്തിന് അവകാശപെട്ടതാണ്.