വയനാടന്‍

Friday, February 21, 2014

പ്രണയത്തെക്കുറിച്ച് ഒരു വാക്കുപോലും

പ്രണയത്തെക്കുറിച്ച്
ഒരു വാക്കുപോലും 
നമ്മൾ സംസാരിക്കുകയില്ല, ഉറപ്പ് .

പക്ഷെ, നീ മീൻ വെട്ടിയപ്പോൾ 
തുടയിലേക്ക് കേറി പോയ 
പാവാടയെ തിരികെയിറക്കുമ്പോൾ 
കൈ മുറിഞ്ഞതും 
കണ്ടൻ പൂച്ച കരഞ്ഞുമ്മവെച്ചതും 
നീ എന്നോട് പറയുന്നുണ്ട് .

നിന്റെ പനിയിൽ 
ഞാൻ കുളിരുമ്പോഴും 
കരിമ്പടത്തിന്റെ അകത്തും 
പുറത്തുമായി ഒളിച്ചു കളിക്കുമ്പോഴും 
നാം പ്രണയത്തെക്കുറിച്ച് മിണ്ടുന്നില്ല.

വിസ്പെർ അൾട്രായുടെ 
കവർ തരുമ്പോൾ "ആ ചെക്കന്റെ ചിരി "
നീ എന്നോട് പറയുന്നുണ്ട് .
കൃത്യനിഷ്ടയില്ലാത്ത 
വയറു വേദനയെകുറിച്ച് 
എന്നോട് കുറ്റം പറയുമ്പോഴും 
വാട്സപ്പിലെ മെസേജു വായിക്കുന്നുണ്ട് 
നമ്മുടെ പ്രണയം ..

ഫയൊദാർ ദസ്തയോവ്സ്കിയെക്കുറിച്ചും 
അന്നയെക്കുറിച്ചും നാം പറയുമെങ്കിലും 
നിന്റെ ഷെൽഫിലെ
ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറിയിൽ
ഓരോ ഇടനേരങ്ങളിലും 
നീ കണ്ടെത്തുന്ന പ്രണയ ലേഖനം 
വായിച്ചതായി ഒരിക്കലും പറയുകയില്ല 
കാരണം ,
പ്രണയത്തെക്കുറിച്ച് 
ഒരു വാക്കുപോലും 
നമ്മൾ സംസാരിക്കുകയില്ല, ഉറപ്പ് .

 

Monday, February 17, 2014

ലൈഫ് ഈസ്‌ ബ്യുട്ടിഫുൾ


ഗൈഡോ ഓർഫിസിനൊപ്പം ആദ്യമായി
ഇറ്റലിയുടെ തെരുവിലൂടെ
സഞ്ചരിക്കുമ്പോൾ
"ജൂതന്മാർക്കും പട്ടികൾക്കും പ്രവേശനമില്ല "
എന്ന ബോർഡ് ഹൃദയങ്ങളിലേക്ക്
ആണിയടിക്കപ്പെടുമ്പോൾ
നിറച്ച ടാങ്കുകളുമായി രണ്ടാം ലോകമഹായുദ്ധം
തൊട്ടടുത്തു നില്പുണ്ടായിരുന്നു.

പക്ഷെ ആ തെരുവിൽ
ഗൈഡോ ഓർഫിസ്
ഒരു ബുക്ക് സ്റ്റാൾ തുടങ്ങിയത്
അയാളുടെ സ്ഥിരം തമാശകൾ പോലെയാണെന്ന്
നിങ്ങളെ പോലെ തന്നെ ഞാനും കരുതുകയില്ല .

പുസ്തകമല്ലാതെ മറ്റെന്താണ്
വെടിയുണ്ടകൾ ചിതറിക്കുന്ന
ജൂതന്റെ തലയോട്ടികളെ
സ്വപ്നം കാണുന്നവർക്ക് വിൽക്കുക ..?

യാദൃശ്ചികമായി തന്റെ മുന്നിലേക്ക്‌
ആകാശത്ത് നിന്നെന്നവണ്ണം
ഡോറ എന്ന സുന്ദരിയെ
അടർത്തി തന്ന ദൈവത്തോട് നന്ദി പറയാൻ
നിഷ്കളങ്കനായ ഗൈഡോ ഓർഫിസ്
മറന്നു പോവുന്നതിനെ നിങ്ങളും
ഒരു നന്ദി കേടായി കാണില്ല എന്നെനിക്കുറപ്പുണ്ട് .

എത്ര ചിരിച്ചാലും തീരാത്ത കരച്ചിലുകൾ
ഒളിപ്പിച്ച ഒരുത്ഭുതമാണ്‌ നിന്റെ ജീവിതമെന്നു
ദൈവം ഒരിക്കലും ,
ഗൈഡോ ഓർഫിസിനോട് വെളിപ്പെടുത്തുന്നില്ല !

അല്ലെങ്കിൽ,
മകന്റെ എഴാം ജന്മദിനത്തിന്റെ
ഒരുക്കങ്ങളിൽ നിന്ന്
കോണ്‍സെൻട്രേഷൻ ക്യാമ്പിലേക്കുള്ള
യാത്രയെ അയാൾ ഒഴിവാക്കുമായിരുന്നു.

അതുമല്ലെങ്കിൽ ,
കോണ്‍സെൻട്രേഷൻ ക്യാമ്പിലെ
മകന്റെ പട്ടിണിയിലേക്ക്‌
ഇവിടെ ഒരു ഗെയിം കളിക്കാൻ വന്നതാണെന്നും
അമ്മയെ ചോദിച്ചു കരഞ്ഞാൽ
മൈനസ് പോയിന്റ്‌ ആകുമെന്നും
ജയിച്ചാൽ പിസ ലഭിക്കുമെന്നും
അയാൾക്ക് നുണ പറയേണ്ടി വരില്ലായിരുന്നു .

ടാങ്കുകളുടെ തീയേറുകൾ കൊള്ളാതെ
ജോഷ്വ എന്ന എഴുവയസ്സുകാരനെ തനിച്ചാക്കി
ഭാര്യയെ കണ്ടെത്താൻ പോകുമ്പോൾ പോലും
നാസ്തികനായ ദൈവം
ഗൈഡോ ഓർഫിസിനോട്
യുദ്ധം അൽപ സമയത്തിനകം അവസാനിക്കുമെന്നും
അപ്പോൾ രെക്ഷപെടുത്താമെന്നും പറയാതെ
ഒരു വെടിയുണ്ടയിലേക്ക് തള്ളി വിടുന്നു .

യുദ്ധകൊതിയന്മാരായ ദൈവങ്ങളെ
മനുഷ്യൻ കണ്ടെത്തിയിരുന്നില്ല എങ്കിൽ ,
തന്റെ പിതാവ് പിന്നെയും തമാശകൾ
പറഞ്ഞു ഉച്ചത്തിൽ ചിരിക്കുമായിരുന്നു എന്ന്
ജോഷ്വ പിന്നീട് ഒരു കവിതയിൽ എഴുതിയിട്ടുണ്ട് ..


Friday, February 14, 2014

കയറുകൾ പിരിയുമ്പോൾ സംഭവിക്കുന്നത്‌


നഗ്നതയ്ക്കും ലോകത്തിനും ഇടയിലെ
അഴയിലേക്ക് പ്രണയത്തെ
നീട്ടി വിരിച്ചിട്ടു കൊണ്ട്
നാം തൊണ്ട് തല്ലുകയും
കയറു പിരിക്കുകയും ചെയ്യുന്നു .

കോട്ടണ്‍ വസ്ത്രത്തിന്റെ നിറത്തിന്
ഗ്യാരന്റി ഇല്ല എന്നെഴുതിയ ബിൽ
വിയർപ്പിന്റെ പുഴയിൽ  നിന്ന്
രണ്ടു മീനുകൾ കണ്ടെടുക്കുന്നു.

തൊണ്ട് തല്ലുമ്പോഴോ കയറു പിരിക്കുമ്പോഴോ
നേർത്ത ഗ്ലൌസുകൾ അണിയുന്നത്
മിനുസങ്ങളെയും ,പരുപരുപ്പുകളെയും
തൊട്ടറിയിക്കുന്നില്ല എന്ന സത്യം
നാം വിശ്വസിക്കുന്നുണ്ട്

പിടയുന്നതിന്നു തൊട്ടു മുൻപ്
ആയുധം വലിച്ചൂരുന്നത് ,
ഉടുക്കും മുൻപേ അഴിഞ്ഞു വീഴുന്ന
മുണ്ടിന്റെ വിശ്വാസം ചോദ്യം ചെയ്യുന്നു .

വെള്ളത്തോടൊപ്പം  ഗുളികയും
നീ വിഴുങ്ങി തീർക്കുമ്പോൾ
ഇടത്തോട്ടും വലത്തോട്ടുമുള്ള
രണ്ടു സിഗ്നലുകളിൽ
പ്രണയത്തെ നാം കയറ്റിവിടുന്നു ..

പിന്നീട്
ഒരു ഓവർ ബ്രിഡ്ജിൽ
ആകസ്മികമായി കണ്ടു മുട്ടുമ്പോൾ
നാം തുണിയുള്ളവരും കയറുകളിലെ
സ്വന്തന്ത്രമായ രണ്ടിഴകളുമാണ്

Sunday, February 9, 2014

അമ്മേ ഞാൻ ഒളിച്ചോടി പോകുകയാണ് .....

പ്രിയപ്പെട്ട അമ്മക്ക് ,
ഞാൻ ഒളിച്ചോടുകയാണ് .

കോർക്കിൽ ശ്വാസം മുട്ടി
മരിക്കുന്നതിനു തൊട്ടു മുൻപ്
കുപ്പി പൊട്ടിച്ചു പുറത്തു ചാടുന്ന
കള്ളു പോലെ
ചങ്കു പൊട്ടി പതയുമ്പോൾ
അച്ഛൻ,
അതായത് അമ്മയുടെ
ആദ്യത്തെ താലിക്കാരന്‍
(അവസാനത്തേയും )
ഷാപ്പിൽ എടുത്തുകൊടുക്കുന്ന
തോമയ്ക്ക് മൊഴി കൊടുത്തേക്കാം
അവളുടേതൊരു
രക്ഷപെടലാണഡാ തോമാ ...

ഇത് കേൾക്കുമ്പോൾ
ഷാപ്പിന്‍റെ മൂലയിൽ
കലാഭവൻ മണിയുടെ
നാടൻ പാട്ട് പാടുന്ന
ചെറുപ്പക്കാർ
കാലിയായ പന്നിയിറച്ചി പ്ലേറ്റ്
തൊട്ടു നക്കി ചിലപ്പോൾ പറയും
നല്ല പീസായിരുന്നളിയാ .....
ശേഷം ഒരു ശോകഗാനം
അവിടെ ഡസ്കിൽ താളംപിടിച്ചേക്കാം

ഇന്നലെ അമ്മ കൊണ്ടുവന്ന
മൂന്നാമത്തെ അച്ഛൻ
ഇതറിയുമ്പോൾ
നഖത്തില്‍ കുരുങ്ങി പോയ
ഇറച്ചി കഷ്ണത്തെ
ഒന്നൂടെ ഞെരിച്ചടക്കിയേക്കാം ..

ഒളിച്ചോട്ടത്തിൽ,
ആകെ കരുതിയ ചുരിദാർ ഷാളിലിപ്പോഴും
മൂന്നാമത്തെ അച്ഛന്‍റെ പ്ലേ ഇറ്റ്‌ ലൗവ് ലീ
എന്ന പ്ലേ ബോയ്‌
ഡിയോഡ്രെന്‍ഡിന്‍റെ  മണമുണ്ട് ...

പ്രിയപ്പെട്ട അമ്മേ ..
എന്‍റെ ഒളിച്ചോട്ടത്തിന്‍റെ
ഊർജ്ജം ഞാനീ മണത്തിൽ
നിന്നൂറ്റിയെടുത്തതാണ് ...

പത്തു ബിയിലെ രേഷ്മയെ
അമ്മ അറിയില്ലേ ..?
ചിലപ്പോൾ ,
എന്‍റെ ഒളിച്ചോട്ടം അറിയുമ്പോൾ
അവൾ കരഞ്ഞേക്കും ...
ഇനി എന്‍റെ വയറു വേദനക്ക്
കൂട്ടിനു വന്നു കളിയാക്കാനും
ബേഗുകൾ തപ്പി രഹസ്യം പറയാനും
പറ്റാത്തതിന്‍റെ  കെർവുണ്ടാകുമവൾക്ക്....
അവൾക്കു കൊടുക്കാൻ
ഞാനൊരു കട്ടമുല്ലതൈ
പ്ലാസ്റ്റിക്ക് കവറിലാക്കി
മാവിന്‍റെ  ചുവട്ടിൽ
തണലത്തു വെച്ചിട്ടുണ്ട്
എന്ന് പറയണം ...

പ്ലേ ബോയ്‌ മണമുള്ളയീ ഷാൾ
ഒരു നക്ഷത്രത്തിലേക്ക്‌ കുരുക്കി
നഖങ്ങളില്ലാത്ത ,
നിറയെ ജാനാലകള്‍ ഉള്ള
ഒരു സ്വപ്നത്തിലേക്ക്
അമ്മേ
ഞാന്‍
ഒളിച്ചോടി പോകുകയാണ് .....