വയനാടന്‍

Friday, June 27, 2014

ജീവപര്യന്ത്യത്തിനു ശിക്ഷിക്കപെടുന്നവരെക്കുറിച്ച്

ഒരൊറ്റ മരണം കൊണ്ട്
ജീവപര്യന്തം ഒറ്റപെടലിനു
വിധിച്ചു പോകുന്ന ചിലരുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ കണ്ടംഡ് സെല്ലിന്‍റെ
അഴികളാണെന്നു പിന്നെയും പിന്നെയും
ഓര്‍മ്മപെടുത്തികൊണ്ടിരിക്കുന്നവര്‍ .



ഇപ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും
ഓര്‍മ്മിച്ചെടുക്കുന്നത്
പിന്‍വാതിലിലൂടെ ഓടാന്‍ ശ്രെമിച്ച്
ഏഴു കുത്തുകളില്‍ കുരുങ്ങി പോയ
ഒരു നിഴലിനെക്കുറിച്ചും ,
കയ്യാമത്തിലൊതുങ്ങി ജീവപര്യന്ത്യം
തേടി പോയ ഒരു കത്തിയെക്കുറിച്ചുമായിരിക്കും.



അല്ലെങ്കില്‍,
മകളെ സീരിയല്‍ കാണിക്കാന്‍ പോയ
ഒരച്ഛന്‍റെ ജീവപര്യന്തമായിരിക്കും.



തെറ്റി,
തീര്‍ച്ചയായും നിങ്ങളില്‍ ചിലര്‍ക്ക് തെറ്റുപറ്റി.
നിയമത്തിന്‍റെ ജീവപര്യന്തത്തെക്കുറിച്ചല്ല ,
നിയമത്തില്‍ വിശ്വാസകുറവുണ്ടോ ?
എന്നുള്ള ചോദ്യം ഇപ്പോള്‍ ചോദിക്കരുത് .
പക്ഷെ പരോളുകള്‍ നിയമത്തിന്‍റെ
ഒരു നല്ല കണ്ടു പിടുത്തം തന്നെയാണ് .



പനിച്ചു വിറക്കുമ്പോള്‍ നെറ്റിയില്‍
തൊട്ടു തലോടിയിരുന്ന
അമ്മ വിരലുകള്‍
ഒരു കൈ വീശല്‍ പോലുമില്ലാതെ,
വെന്ത ചോറ് വിളമ്പി തരാതെ
അലക്കിയ ഷര്‍ട്ട് തേച്ചു തരാതെ ,
ഫോണിലെ മിസ്ഡ്‌ കാളില്‍
അവളുടെ പേര് കാണുമ്പോള്‍
രണ്ടിനേം ഞാന്‍ ശെരിയാക്കുമെന്ന് പറയാതെ
ഒന്നുമൊന്നും
പറയാതെ ,
ചെയ്യാതെ ,
നിശ്ചലമാവുമ്പോള്‍ മാത്രം
പരോളുകള്‍ ഇല്ലാതെ
ജീവപര്യന്തം തടവിലാക്കപെടുന്നവരെക്കുറിച്ചാണ്...



അടഞ്ഞ വാതിലിലിലേക്ക്
കയറി ചെല്ലുമ്പോള്‍
എന്ത് വിളിക്കണമെന്നറിയാതെ
വിങ്ങി പൊട്ടുമ്പോള്‍
എന്ത് വിളി കേള്‍ക്കുമെന്നൊരു വീട്
അലറി പിടയുമ്പോള്‍
ജീവപര്യന്തം തടവിലായി പോകുന്ന
പരോളുകളില്ലാത്തവരെക്കുറിച്ചാണ്......



അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റവാക്കില്‍
ഇങ്ങിനെ വായിക്കാം ,
"അമ്മയില്ലാത്തവരെക്കുറിച്ച് ".

Saturday, June 7, 2014

ചില ഫോട്ടോസ്റ്റാറ്റുകള്‍

ചാറ്റില്‍ നിന്നിപ്പോളങ്ങ്
ഓടി കേറിയതെ ഉള്ളു
ഏകദേശം എത്ര ആഴമുള്ള
കവിതയാണെന്നവള്‍ പറയാന്‍
തുടങ്ങുമ്പോഴേക്കാണ് ബസ് വന്നത്.


കിളിയും കണ്ടക്ടറും
പറയുന്നത് കൊണ്ട് മാത്രമാണ്
മുന്നിലേക്ക്‌ മുന്നിലേക്ക്‌ വരുന്നത്.
ഉരച്ചു ഉരച്ചു ഉറക്കുമ്പോഴേക്കും
ഒരു ബെല്ലോ ,ഒരു നോട്ടമോ
തളര്‍ത്തി കളയുന്നുമുണ്ട് .
എന്നാലും ,
പോട്ടെ പോട്ടെ എന്ന് ക്ഷമിക്കുന്ന
ചില ചന്തികള്‍
പിന്നെയും പ്രതീക്ഷകളാണ്.


മരിയുടെയോ ,ഷക്കീലയുടെയോ
സിനിമകള്‍ ക്യൂ നിന്ന്
വിജയിപ്പിച്ചിരുന്നത്‌
നിര്‍ത്തിയതറിയാത്ത
ചില പെണ്ണുങ്ങള്‍
മറൈന്‍ ഡ്രൈവില്‍
പൊക്കി കാണിച്ചതിനെക്കുറിച്ചുള്ള
ചര്‍ച്ചയില്‍ ഒരു കമ്മെന്റ്റ്
തയ്യാറാക്കേണ്ടതുണ്ട് .


പ്രവാസി ഭര്‍ത്താവ്‌
ലീവില്‍ വരുമ്പോള്‍
നശിച്ചു പോകുന്ന
ചാറ്റ് പൂക്കളുണ്ട് മുറ്റത്ത്‌,
പറിച്ചു കളഞ്ഞ്
പകരം,
കവിതയിലേക്ക്
നീന്തി തുടങ്ങുന്ന
കുഞ്ഞു മീനുകള്‍ക്ക്
ബിംബങ്ങളെ ചാറ്റില്‍
കൊളുത്തി വെക്കണം .


പേരിനോടൊപ്പം പടം
വേണ്ടെന്നുപദേശിച്ച്
അളവെത്രയാണെന്ന്
സ്ക്രീന്‍ഷോട്ട് വരാതെ ചോദിക്കണം
ഉദ്ദാരണം സദാചാരപരമല്ലെന്നും
ബയോളജിക്കല്‍ പ്രോഗ്രാമിംഗാണെന്ന്
സ്വയംഭോഗത്തിലൂടെ കണ്ടെത്തുകയും
ചെയ്യുമ്പോള്‍
സ്ത്രീപീഡനത്തിനെതിരെ
ചെയ്യാവുന്നതെല്ലാം ചെയ്ത
കൃതഞ്ജത ബാത്ത് റൂമില്‍
ഫ്ലെഷ് ചെയ്യപെടുന്നു .

Thursday, June 5, 2014

തനിച്ചാവുന്ന ചില തണലുകള്‍



ചിരട്ടകളില്‍ അരിയും ,പഞ്ചസാരയും
നിറയ്ക്കുന്നതിനിടയില്‍
ഒന്നും മിണ്ടാതെ നീ ഓടിപോയത്
ഏതോ ഒരു ഋതു മാറ്റത്തിലേക്കായിരുന്നെന്ന്
വീടും കടയും അനാഥപെടുകയും,
കപ്പിലാവിന്‍ തണല്‍
പിന്നീട് വെയില്‍ മേടിക്കുകയും ചെയ്തപ്പോഴാണ് .
ഞാന്‍ തിരിച്ചറിഞ്ഞത്‌ .

പിന്നീടൊരിക്കലും
നിന്‍റെ ചുവന്ന ബെറ്റികോട്ട്
കറുപ്പിലേക്ക് നടന്നു തുടങ്ങിയ
രോമങ്ങള്‍ വരിയിട്ട തുടകളെ
എനിക്ക് കാണിച്ചു തന്നിട്ടില്ല .
നിഴലിനെ പോലെ
നടക്കാന്‍ പഠിക്കുകയായിരുന്നു നീയപ്പോള്‍ .



ഞാന്‍ ആണായെതെന്നോ,
നീ പെണ്ണായെതെന്നോ
കപ്പിലാവിന്‍ തണല്‍ എന്നോടൊരിക്കലും
പറഞ്ഞു തന്നിട്ടില്ലെങ്കിലും
മഴ നനഞ്ഞ് സ്കൂളിലേക്ക് പോകുന്ന വഴി,
നമ്മുടെ കണ്ണുകളില്‍
രണ്ടു കൊളുത്തുകള്‍
തുന്നി ചേര്‍ത്ത് തന്നത്
ഞാന്‍ ഓര്‍ക്കുന്നുണ്ട് .

തനിച്ചിരികുമ്പോള്‍
ഹൃദയങ്ങളില്‍ നിന്നും
തൊലിപ്പുറത്തേക്ക് ചില ആവേശങ്ങള്‍
സഞ്ചരിക്കുന്നത്‌
അതീവ രെഹസ്യമായി
നാം ആഘോഷിച്ചിരുന്നു.
അപ്പോഴൊക്കെ ഞാന്‍ നിന്നെയും
നിന്‍റെ പുതിയ ചില വളര്‍ച്ചകളെയും
സ്വപ്നം കാണുമായിരുന്നു
നീയും കണ്ടിരിക്കണം.

ആള്‍ക്കൂട്ടത്തില്‍ ഒറ്റപെടാന്‍
നാം പതിയെ നടക്കാറുണ്ടായിരുന്നു.
അപ്പോഴൊക്കെ വിരലുകള്‍
കോര്‍ത്തിടാന്‍ നീ തിടുക്കപെടും.


ചുണ്ടുകളില്‍ ഉമ്മകള്‍
ചുവന്നു പഴുക്കുമ്പോഴെല്ലാം
നിലാവുകളിലേക്ക് ജനാലകള്‍ തുറന്ന്
അവയെ കൊതിയോടെ പറിച്ചെടുത്തു
നീ ഉറങ്ങാന്‍ പോകും .




വളവുകളില്‍ ഒരൊറ്റ കുടയുമായി
ആരും കാണാതെയെത്ര മഴകള്‍
നാം നടന്നു തീര്‍ത്തിരുന്നു.
മഴയിലെത്ര ജൂണുകള്‍
പിന്നീടൊഴുകി പോയിരിക്കും .
ഓര്‍മ്മയുടെ കാഴ്ച്ചയില്‍
മൂടല്‍ മഞ്ഞു വീഴ്ച്ചയാണ്.

ഇടിയുള്ള ഒരു മഴയിലെവിടെയോ
വെച്ചായിരുന്നു
ഞാന്‍ നിന്നില്‍ നിന്ന് ഒലിച്ചു പോയത്.
വാക്കുകളില്ലാതെ ,
പിന്നിലേക്ക്‌ ഓടി പോകുന്ന
കാഴ്ച്ചകള്‍ക്കൊപ്പം
നീയുമുണ്ടായിരുന്നു .

നാട്ടിലെ കശുമാവിന്‍ ചുവട്ടില്‍
ഇപ്പോഴും ഒരു തണല്‍
നിനക്ക് കൂട്ടിരിക്കുന്നുണ്ടാവുമോ ?
നിന്‍റെ നിലാവുകളില്‍

പിന്നീടെപ്പോഴെങ്കിലും
സ്വപ്‌നങ്ങള്‍ ജനലുകള്‍ തുറന്നിട്ടുണ്ടാവുമോ ..?
ഞാന്‍ ഓര്‍ക്കാറില്ല ..!

Wednesday, June 4, 2014

പോടെംകിന്‍ ബാറ്റില്‍ഷിപ്പ്

പ്രിന്‍സ്‌ പോടെംകിന്‍ താവ്റിച്ചേസ്കി
എന്ന പടകപ്പലിന്‍റെ ഡെക്കില്‍
ഗാട്ടുകളുടെ തോക്കിന്‍ മുനയില്‍
ഒരു കൂട്ടം നാവികര്‍ മുട്ടുകുത്തി നില്‍ക്കുമ്പോള്‍
സാറിന്‍റെ ചിഹ്നമായ കഴുകന്‍
കപ്പലിന്‍റെ മുന്‍ഭാഗത്ത്
തിരകളെ ക്രൂരമായി
കൊത്തിയെറിയുന്ന തിരക്കിലായിരുന്നു .


റഷ്യയിലെ തെരുവുകളില്‍ ഒരു ചെറുതിര
കാറ്റിനെ തേടുകയായിരുന്ന
ഏതാണ്ടതേ കാലത്തിലാണ്
സീനിയര്‍ ഓഫീസര്‍ ഗില്‍യാറോവ്സ്കി
പടകപ്പലിന്‍റെ ഡെക്കില്‍ വെച്ച്
ഗാട്ടുകളോട് "ഫയര്‍" എന്ന് അലറിയത്.


തോക്ക് ചൂണ്ടി നില്‍ക്കുന്ന ഗാട്ടുകളുടെ
ഹൃദയത്തിലേക്ക് നിര്‍ഭയനായി
"സഖാക്കളെ" എന്നൊരു വാക്ക്
വാക്കുലിന്‍ തറച്ചു വെക്കുമ്പോള്‍
ഹൃദയങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന
ഒരു കവലയില്‍ വെച്ച്
ഞരമ്പുകള്‍ തമ്മില്‍ സംസാരിക്കുകയും
ചോരയും വിപ്ലവവും
ചുവപ്പാണെന്നു വളരെ വേഗം
കണ്ടെത്തുകയും ചെയ്യുന്നു .


താഴ്ത്തപെട്ട തോക്കുകളില്‍
നിശ്ചലമാക്കപെട്ട ഗാട്ടുകളോട്
ദൈവത്തിനെ പേടിക്കണമെന്ന്
കുരിശു നീട്ടി ഓര്‍മ്മപ്പെടുത്തുന്ന
പുരോഹിതനെ, വാക്കുലിന്‍
തറയിലേക്ക് എറിയുമ്പോള്‍
കപ്പല്‍ പതാകയിലെ ആന്‍ഡ്രൂ പുണ്യാളന്‍
വിപ്ലവമെന്നാല്‍ യുദ്ധമാണെന്ന്
സാറിന്‍റെ കഴുകന്‍ ചിഹ്നത്തോട് പറയുന്നുണ്ട് .


"ഒരു സ്പൂണ്‍ ഇറച്ചി കറിയെ ചൊല്ലി "
എന്നൊരു വാചകം സമരനായകനും ,രക്തസാക്ഷിയുമായ
വാക്കുലിന്‍റെ ശവക്കല്ലറയില്‍
നിങ്ങള്‍ പിന്നീട് കണ്ടെത്തുമ്പോള്‍
ജീവിച്ചിരിക്കുന്ന നാവികരുടെ ഓര്‍മ്മയിലേക്ക്‌,
'പ്രിന്‍സ്‌ പോടെംകിന്‍ താവ്റിച്ചേസ്കി '
എന്ന പടകപ്പലിന്‍റെ അടുക്കളയില്‍
സൂക്ഷിച്ചിരുന്ന ഇറച്ചിയില്‍ നിന്നും
വലിയ പുഴുക്കള്‍ നുളച്ചു നുളച്ചു ഇറങ്ങും.
നെഞ്ചില്‍ തടയപെട്ട റൊട്ടി കഷ്ണങ്ങള്‍
വീണ്ടും ചര്‍ദ്ദിക്കപെടും ,


വിപ്ലവമെന്നാല്‍ ജീവിതമാണെന്ന്
വീണ്ടും വീണ്ടും നിങ്ങള്‍
ചരിത്രത്തോട്‌ പറഞ്ഞു കൊണ്ടിരിക്കും.