വയനാടന്‍

Friday, October 17, 2014

പ്രവാസിഓ മുടിഞ്ഞവനേ,
ഞാന്‍ നരിച്ചീറുകളുടെ
നാട്ടില്‍ നിന്നാണ്.
നിന്നെക്കാള്‍ കൂര്‍ത്ത
പല്ലുകള്‍ ഉണ്ടവിടെ,
ഏയ്‌ മരുഭൂമിക്കാരാ
എന്‍റെ ദേഹത്ത് നോക്കൂ
ചോള പാടങ്ങളുടെ
നിഴലുകള്‍ ഇനിയും
കൊഴിഞ്ഞിട്ടില്ല .

ഓ തുലഞ്ഞവനേ,
നീയിതൊന്നും കേള്‍ക്കുന്നേയില്ല!
തണുപ്പിനെ അടച്ചിട്ട മുറിയില്‍
നേപ്പാളി പെണ്ണിനെ
ചുട്ടെടുക്കകയായിരിക്കും
നീയിപ്പോള്‍ . 

നീട്ടി കൈവീശാന്‍
അധികാരമില്ലാത്ത നിന്‍റെ
നഗര വഴികളില്‍ നിന്നും
എന്‍റെ തെരുവിലേക്ക്
ഉച്ചത്തില്‍ ഒരു പാട്ട് പാടി
ഞാന്‍ നടക്കാനിറങ്ങട്ടെ...
(ഓ ഞാന്‍ നിന്‍റെ ഇരുട്ട് മുറിയില്‍
അടയ്ക്കപ്പെട്ടവനാണ് ) 

തെരുവ് തുടങ്ങുന്നത്
ചെരുപ്പ് കുത്തിയില്‍ നിന്നാണ്
തെരുവിലെ ഓരോ കാല്‍ചുവടുകളും
അയാളുടെ കുനിഞ്ഞിരിക്കുന്ന
കണ്ണുകളില്‍ എഴുതപ്പെടും. 

തെരുവിലെ ഓരോ അടുക്കളയും
മുറ്റവും ,കിടപ്പറയും വരെ
ചായയില്‍ നീട്ടി അടിക്കുന്ന
വേലായുധേട്ടന്‍റെ ചായക്കട.
(രണ്ടു പെണ്മക്കള്‍
ഒളിച്ചോടി പോയപ്പോള്‍
അടച്ചു പൂട്ടി ) 

റോഡിലൂടെ പോകുന്ന
സ്ത്രീകളുടെ ചരിത്രം
കണ്ണാടിയില്‍ തെളിയിക്കുന്ന
ബാര്‍ബര്‍ ചന്ദ്രന്‍. 

ഓ നാശം പിടിച്ച
മണല്‍ക്കാട്കാരാ
ഞാന്‍ നിന്‍റെ മുറിയില്‍
അടയ്ക്കപ്പെട്ടവനാണ്. 

സ്വന്തം ചിത്രങ്ങള്‍
തെരുവ് മുറികളില്‍
വില്‍പന നടത്തുന്നവളെ നോക്കു;
എന്‍റെ നാവുകള്‍ പറിച്ച
ആമ്പലുകളുടെ പാടുകള്‍
അവളുടെ പുക്കിളില്‍
ചുവന്നു കിടക്കുന്നു..
ഓ എന്‍റെ കാമുകി ! 

മഴ നനയുന്ന കര്‍ക്കിടകമേ
പുലികളിക്കുന്ന എന്‍റെ ഓണക്കാലമേ,
ഞാനിതാ ഈ മുറിയില്‍
ഏകാന്തതയുമായി
കണ്ണു പൊത്തി കളിക്കുന്നു. 

പ്രിയപ്പെട്ട മരുഭൂമിക്കാരാ...,
ഞാന്‍ പറയട്ടെ,
നിന്നോടെനിക്ക്
പിണക്കമില്ല !
എന്‍റെ കുട്ടികള്‍
നാട്ടില്‍
ഭക്ഷണം കഴിക്കുന്നു..


കല്ലറയില്‍ നിന്ന്


അതെ ,
ഏഴാമത്തെ സ്ട്രോക്കിനു
താഴാന്‍ തുടങ്ങുമ്പോഴാണ്
നിനക്കവനാകാന്‍ കഴിയുന്നേയില്ല
എന്ന കണ്ടെത്തെലുണ്ടാകുന്നത്;
വിശുദ്ധ സാത്താന്‍ സ്ട്രീറ്റിലെ
പതിനെട്ടാം നമ്പര്‍ മുറിയിലെ
ഇരുമ്പ് കട്ടിലിന്‍റെ ഞരങ്ങി കരച്ചില്‍
അതോടെ ബാത്ത്റൂമില്‍
ഫ്ലെഷ് ചെയ്യപെട്ടു.

അപ്പോള്‍ താങ്കളെ ഫക്കിനിടയില്‍
കൊലപെടുത്തിയതാണോ ?
അല്ലല്ല ശുദ്ധമായ ആത്മഹത്യ .

അവസാനത്തെ റോസാപ്പൂവും
വെക്കപ്പെട്ടതിനു ശേഷം
പുതു മണ്ണില്‍ ഒരു കാല്‍പാട് പോലും
ബാക്കിവെക്കാതെ
ഒടുവിലായി പോയില്ലേ ?
ചെമ്പന്‍ ചുരുണ്ടമുടിക്കാരി,
അതെ ചിരികളില്‍ മണ്ണിരകള്‍
പുളയുന്ന ചൂണ്ടകള്‍ നിറച്ചയവള്‍ തന്നെ.

"നിങ്ങളുടെ
ആത്മാവിനിപ്പോഴും ചൂടുണ്ട്
മരിച്ചട്ടധികം നേരമായിട്ടില്ല അല്ലെ ?"

"ഇല്ലില്ല
നെറ്റിയിലെ ഈ നൂല് നോക്കു
വില കുറഞ്ഞതാണ്
അയാള്‍ സൂചി
മറന്നു വെക്കുകയും ചെയ്തിരിക്കുന്നു
അവള്‍ പണം കൊടുത്തു
ചെയ്തതാവണം ഇനിയും
കുത്തി നോവിക്കാന്‍ "

രണ്ടു നാള്‍ മുന്‍പ് മരിച്ച
റോഡ്രി ഗ്രിസിന്‍റെ കല്ലറയുടെ
അപ്പുറത്തുള്ള ഓക്ക്‌ മരത്തില്‍
ചാരിയിരിക്കുന്നവള്‍ തന്നെയല്ലേ
താങ്കളുടെ കാമുകി .
അതെ .., സുഹൃത്തേ അതെ ,
അവളുടെ ഇടത്തെ ചന്തിയില്‍
രണ്ടു പല്ലുകളുടെ പാടുകളുണ്ടോ ?

ഓ സുഹൃത്തേ
എനിക്ക് മുന്‍പേ മരിച്ചവനേ
നിങ്ങളിതെങ്ങിനെ അറിഞ്ഞു?

ഇനിയും ചൂടാറാത്ത കൂട്ടുകാരാ ..
എന്‍റെ പല്ലുകളിലേക്കു നോക്കു

Monday, October 13, 2014

ഉറുമ്പുകള്‍

1.
പോത്ത് വെട്ടുകാരന്‍ അയ്മുട്ടിയെ
വേദം പഠിപ്പിക്കാന്‍ പോയവന്‍റെ
വീട്ടിലേക്കു ഉറുമ്പുകള്‍
നടന്നു കയറുന്നു.

ഉമ്മറപ്പടിയില്‍ വെച്ച്
കൊച്ചുമകന്‍ വരിയില്‍ ചേരുന്നു
നിരതെറ്റാതെ
ഉള്ളിലേക്കുള്ളിലേക്ക്...

ഒരിരുട്ടു മുറിയില്‍
മരിക്കാനിട്ടിരിക്കുന്ന
അച്ഛമ്മയുടെ
ചോറ് പാത്രത്തില്‍
ഉറുമ്പുകള്‍
നാറിയ
മൂത്രമണത്തില്‍
മൂക്ക് പൊത്തുന്നു.

ഏതാണ്ടതേ സമയത്ത് തന്നെയാണ്
അയ്മുട്ടി
ഭാരത ദര്‍ശനത്തിന്‍റെ
നാലാമത്തെ പേജില്‍
മുട്ടു കുത്തി നില്‍ക്കുകയും
രാജാവ് മുറ്റമടിക്കാന്‍
ചൂലുമായി വരികയും ചെയ്തത്.

2.
മക്കാവു തെരുവില്‍
കളിപ്പാട്ടങ്ങളുടെ
വലിപ്പത്തെയും,
പതുപതുപ്പിനെയും കുറിച്ച്
സംശയം ചോദിച്ചു
കൊണ്ടിരിക്കുന്നതിനിടയിലാണ്.

എത്ര തിരഞ്ഞിട്ടും
കാണാതെ പോയ
രാഘവേട്ടനെ
കണ്ടെത്താന്‍ കഴിയാത്ത
ചുണ്ടിനെയോ,
അരകെട്ടിനെ തന്നെയോ
കുറ്റം പറഞ്ഞിരിക്കുന്ന
ത്രേസ്യയുടെ വീട്ടില്‍
തീപ്പട്ടിക്കൊള്ളി ചോദിച്ചവനെ
അടിച്ചു കൊന്ന
സദാചാരക്കാരന്‍ അബ്ദുവിനെ
അറസ്റ്റു ചെയ്യപെടുന്നത്.

അച്ഛമ്മയുടെ
കഫം ചുമന്ന്‍ പോയ
അതെ ഉറുമ്പുകള്‍ തന്നെയാണ്
തീപ്പട്ടി കൊള്ളി
ചോദിച്ചു മരിച്ചവന്‍റെ
ശവകൂനയിലും
നിരന്നു നില്‍ക്കുന്നതെന്ന്
കൊച്ചു മകന്‍ കവിത ചൊല്ലുന്നു..

തെറ്റി പോകുന്ന ചില യാത്രകള്‍


ബസ്സ് സ്റ്റോപ്പുകളുടെ
എതിര്‍ വശത്തെ
പാന്‍മസാല കടയിലൊ
ചിലപ്പോള്‍ തൊട്ടടുത്ത്‌ തന്നെയോ
കാത്തു നില്‍ക്കപെടുന്ന
ഒരു സ്വപ്നം
ചിന്തിക്കട്ടെ, എന്ന് പറയും മുന്‍പേ
ബലമായി
ഒരു യാത്രയിലേക്കു
കയറ്റി കൊണ്ട് പോകുന്നു.

സൈഡ് സീറ്റിലിരുന്നു
കാഴ്ചകള്‍ കാണുമ്പോള്‍
കാറ്റ് വരും കൂടെ കുളിരും .
ഈ യാത്ര മുഴുവന്‍ കുളിരാണെന്നും
ചേര്‍ന്ന് തന്നെയിരിക്കുമെന്നും
ആരും കാണാതെയുള്ള
ഉമ്മകളിലോ,പിച്ചലുകളിലോ
അവന്‍ പറഞ്ഞു
കൊണ്ടേയിരിക്കും..


പിന്നിലെ ഏതോ സ്റ്റോപ്പില്‍
ഒരച്ഛനും ഒരമ്മയും
കണ്ണീരു കൊണ്ട്
കയ്യും മുഖവും കഴുകി
വിശപ്പില്ലായ്മയെ
കഴിച്ചിരിക്കുകയാവുമപ്പോള്‍.
നാശങ്ങള്‍ തുലയട്ടെ
എന്ന സിനിമാ പാട്ട്
ബസിലപ്പോള്‍ പാടുന്നത്
യാത്രികര്‍ രണ്ടുപേരും
പക്ഷെ ആസ്വദിക്കുന്നുണ്ട്.


യാത്രയുടെ ആറാമത്തെ
സ്റ്റോപ്പിനു മുന്നേ തന്നെ
"നീ നടന്നോ..,"
ഞാന്‍ വന്നേക്കാമെന്നാവുന്നു.
അപ്പോള്‍ പഴയ മഴകള്‍
പെയ്യുകയും
അവന്‍ തിരക്കില്ലാതെ
കാത്തിരിക്കുന്ന
ബസ്സ്‌ സ്റ്റോപ്പിലേക്ക്
അവള്‍ ഓര്‍മ്മയിലൂടെ
തനിച്ചു നടന്നു
പോകുകയും ചെയ്യുന്നു.


മുറിയിലെ തനിച്ചിരിപ്പിന്‍റെ
തണുപ്പിലേക്ക്
താമസിച്ചെത്തുന്നവന്
തുമ്പിയെ പിടിക്കുന്ന പോലുള്ള
പഴയ തൊട്ടു നോക്കലില്ല
ഒച്ചിഴയുന്ന പോലുള്ള
തിരച്ചിലുകളില്ല .


തിരക്കില്‍
വലിച്ചൂരപ്പെടുന്ന
അടിവസ്ത്രത്തിനടിയിലെ
ചെറിയ സ്റ്റോപ്പിലേക്ക്
ധൃതിയിലയാള്‍ പോകുമ്പോഴെല്ലാം
തൊട്ടടുത്ത ഇറച്ചി കടയിലെ
ഫ്രീസറിലെടുത്തു വെച്ചിരിക്കുന്ന
മുഴുത്ത ഒരു തുടകഷ്ണമാവുമവള്‍


ഒരിക്കലെങ്കിലും തന്‍റെ
നഗ്നതയെ അയാള്‍
ചോദിക്കുമെന്ന്
വെറുതെ, സ്വപ്നം
കാണുന്നുണ്ടപ്പോഴുമവള്‍