വയനാടന്‍

Wednesday, May 20, 2015

ബാഗ്‌ പൈപ്പര്‍

എത്ര തേവിയാലും ശവം വറ്റാത്ത
ഗംഗയുടെ അടിവയറിനെ ധ്യാനിക്കുമ്പോള്‍
വെസര്‍ നദിയുടെ കാമുകന്‍
ഹാംലിന്‍ ,
വോൺ ഗോയ്‌ഥേയുടെ കയ്യില്‍ തൂങ്ങി
ചരിത്രം വില്‍ക്കുന്നൊരു കുട്ടിയെ പോലെ
യാദൃശ്ചികമല്ലെന്നയുറപ്പിലൂടെ
നടന്നുവരുന്നു

ദളിത് യോനികളില്‍
ഇരുമ്പു കമ്പികള്‍
ജാതി കൊടികളുയര്‍ത്തന്നതറിയാതെ,
വയല്‍ വഴികളെല്ലാം തെറ്റിയ
വിശപ്പുകളെയറിയാതെ..
ഒരാളപ്പോള്‍ യാത്ര പോകുന്നു...
പിന്നെയും യാത്ര പോകുന്നു...

യാത്രകളെല്ലാം
ചരിത്രമാകുമെന്ന പെരുമ്പറകള്‍
കൊട്ടികൊണ്ടേയിരിക്കുന്നൊരു നാട്ടില്‍
വാഗ്ദാനങ്ങളുടെ പെത്തഡിനിലേക്ക്
ഓരോ ചെവിയും അടിമപ്പെടുമ്പോള്‍
വിശക്കുന്നവരെല്ലാം എലികളാവും

നിറമുള്ള മേല്‍ക്കുപ്പായങ്ങള്‍
ഭംഗിയില്‍ വെട്ടി നിറുത്തിയ താടി രോമങ്ങള്‍
പ്രിയപ്പെട്ട ആയുധമായ കുഴല്‍
അതെ, എല്ലാം കൃത്യമാണ്
അയാള്‍ തന്നെ
ഹാംലിനില്‍ നിന്ന്
കോപ്പല്‍ ബെര്‍ഗ് മലയിലേക്കു
കുഴലൂതി പോയ
പട്ടു കുപ്പായക്കാരന്‍ ....

പക്ഷെ കുഴലൂത്തുകാരാ
നിന്‍റെ ചരിത്രത്തിനു വേണ്ടി
നീയെത്ര ഭംഗിയായാണ്
ഞങ്ങളെ മായ്ച്ചുകളയാന്‍
ശ്രെമിച്ചു കൊണ്ടിരിക്കുന്നത് ...

Monday, May 11, 2015

മതമെന്നൊരു കാലത്ത്

“ഒരു ഷെല്ലു വിരിയുന്ന പൂന്തോട്ടമേ
നിന്‍റെ പുറം ചന്തിയിലേത് രക്ഷകനെയാണ്
പച്ചകുത്തിയതെന്നൊരു ..”
കാമുകിയെ വര്‍ണ്ണിച്ചേക്കാവുന്ന
കവിത ഏതു നിമിഷവും പ്രതീക്ഷിക്കപ്പെടുമ്പോള്‍ .


പൂത്തേക്കുമെന്നുള്ളൊരു വസന്തത്തില്‍
നിറം ചേര്‍ക്കേണ്ടുന്ന ശലഭങ്ങള്‍ക്കൊക്കെയും
പല”ജാതി” കൊമ്പുകള്‍ ചേര്‍ത്ത്
വേര്‍തിരിച്ചെടുക്കുന്നതെത്രയെളുപ്പമെന്നു
തീ വെന്തു പാകമായൊരു വേനല്‍ക്കാലത്ത്
ആരും ആരെയും പഠിപ്പിക്കേണ്ടതില്ലാത്ത പോലെ,
ഓരോ തല്ലിക്കൊഴിക്കലിലും
ഊറിയതുറുമ്പുണ്ടതെല്ലാം
ഓറഞ്ച് പച്ച വെള്ള
എന്നെളുപ്പത്തില്‍ മണത്തെ
തരംതിരിച്ചെടുക്കുമായിരിക്കും.

തടവറ ചുമരുകളിലുരച്ച്
മനുഷ്യരെല്ലാം നഖത്തിന് മൂര്‍ച്ച കൂട്ടും .
തെരുവിലെ നിറമറിയാത്ത കുഞ്ഞുങ്ങളെല്ലാം
ആരാന്‍റെ വേലിയിലെ ഓന്തിനെപ്പോലെ
ഏറു കൊള്ളുമായിരിക്കും.
അല്ലെങ്കില്‍ , നമ്പര്‍ ബോര്‍ഡുകളില്ലാത്ത വണ്ടികളില്‍
നക്ഷത്രങ്ങള്‍ വന്നു മായ്ച്ചുകളയുമായിരിക്കും.