ഇരുട്ടില്‍ ഉയര്‍ന്നു
തേടുകയായിരുന്നവള്‍.
ഉയര്‍ന്നു പൊങ്ങുന്ന
അരകെട്ടുകളില്‍
കുരുങ്ങി കിടക്കുമ്പോഴെല്ലാം
നീണ്ട കൈ വിരലുകളാല്‍
അവള്‍ തേടി കൊണ്ടിരുന്നു
കിനിഞ്ഞിറങ്ങുന്ന
വിയര്‍പ്പു തുള്ളികളില്‍
കിതച്ചുയരുന്ന
നിശ്വാസങ്ങളില്‍
കണ്ടെത്തിയതെല്ലാം
ആര്‍ത്തിയുടെ
നീണ്ട നാവുകള്‍
തേടലിന്‍റെ അരണി
കടച്ചിലില്‍ അരകെട്ടു
പുകയുമ്പോള്‍
തോല്‍പ്പിക്കപെടുന്ന മനസ്സ്
നക്കി തോര്‍ത്തിയ
പാത്രം പോല്‍
വറ്റി വരണ്ടു കിടക്കുമ്പോള്‍
തന്‍റെ തിരച്ചിലിനെ
കുറിച്ചോര്‍ത്തവള്‍
ഞെരിഞ്ഞമരാന്‍
കൊതിക്കുന്ന മാറിടങ്ങള്‍ക്കോ
തണലു കൊതിക്കുന്ന മനസ്സിനോ
ഇരുട്ടില്‍ തേടുന്നയീ തേടല്‍ .
വിയര്‍പ്പില്‍
ചുളിഞ്ഞ നോട്ടില്‍
കൈയ്യമര്‍ത്തുമ്പോള്‍
ഇരുട്ടിലേക്ക് തലതാഴ്ത്തി
നടന്നവന്‍ വിളിച്ചു വേശ്യ !
ഒരായിരം വിഷസൂചികള്‍
കുത്തി കയറും വേദനയില്‍
മുറിയുടെ മൂലയിലേക്ക്
കണ്ണുകള്‍ പരതി ചെന്നു
ഉറക്കി കിടത്തിയ കുഞ്ഞിനെ
നോക്കി പിടയുമ്പോള്‍
അച്ഛനാരെന്നൊരു ചോദ്യം
മുഴങ്ങുന്നു ചുറ്റും .
അഴിക്കാനായി അടിപാവാട
മുറുക്കി കെട്ടുമ്പോള്‍
ഓര്‍ത്തു പോയവള്‍
ഇരുട്ടില്‍ തേടുന്നതെന്തെന്നു
അടങ്ങിയമാരാന്‍ കൊതിക്കും
കാമത്തിനായോ
അതോ ,
ചതിയില്‍ പിറന്നതാം
ഓമനയ്ക്കൊരച്ഛന് വേണ്ടിയോ
ഉത്തരം തേടുകയായിരുന്നവള്‍
ഇരുട്ടില്‍ അഴിഞ്ഞ മുടിയുമായി ....