വയനാടന്‍

Saturday, December 28, 2013



ഓ...,നീയെന്തിനാണ്‌ കിതയ്ക്കുന്നത് ?
ഡിസംബർ നിന്നിലെക്കെറിഞ്ഞ
വിറ ചുണ്ടുകളുള്ള തണുപ്പാണോ ...!
അല്ലെങ്കിൽ .,
ഇന്നലെ നിന്റെ വാക്കിൽ ഞാനടിച്ചു
കയറ്റിയ ആണിയുടെ തുരുമ്പോ ...


പക്ഷെ അത് കഴിഞ്ഞു
രാത്രിയിലേക്ക്‌ നിന്റെ അട്ടച്ചുരുക്കം
തുടങ്ങുന്നതിനു തൊട്ടു മുൻപ്
നിന്റെ കണ്ണുകളിൽ നിന്ന്
ചില കണ്ണുനീർ ചുള്ളികൾ
ഞാൻ ഒടിച്ചെടുക്കുമ്പോൾ
നീ ചിരിച്ചിരുന്നല്ലോ ഒരു മഞ്ഞുമല പോലെ .......
അതിനടിയിൽ
നിർവ്വികാരം" എന്നൊരു ഗുഹാ വാതിൽ
ഞാൻ കണ്ടിരുന്നു .

Tuesday, December 10, 2013

ചൂണ്ടക്കാരൻ

പാലത്തില്‍ നിന്ന് പുഴയുടെ
അടിവയറിലേക്ക് നീണ്ടു പോകുന്ന
തൂണുകളിലൊന്നിന്റെ
ഒത്ത നടുക്കായി
അയാളിരിക്കുന്നു .


സിഗരറ്റ് കുറ്റികള്‍
ഓളങ്ങളെ കണ്ടെടുക്കുമ്പോഴും
നീട്ടിയെറിഞ്ഞ നൂലില്‍
കൊരുക്കപെടുന്ന  ഒരു
പിടച്ചിലിനു  വേണ്ടി
അയാള്‍ കാത്തിരിക്കും .

ഈ കാത്തിരിപ്പുകളിലെ
വിരസതകളോട് പിണങ്ങാന്‍
അയാള്‍ പണ്ട് പിടഞ്ഞു മരിച്ച
ഇരകളുടെ വീഡിയോകള്‍
ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്ത്
ലൈക്കുകളെണ്ണിയിരിക്കും

ചിലപ്പോള്‍ അയാള്‍
നൂലില്‍ കൊരുക്കിയിരുന്നത്
ഒരു മിസ്ഡ്‌ കാളായിരിക്കും
അല്ലെങ്കില്‍ ഒരു ചാറ്റ് മെസേജ്

ചില ഭാര്യമാര്‍ മല്‍സ്യ
കന്യകകളെ പോലെ
സ്വര്‍ണ്ണവും ,പണവുമായി
ഇയാളുടെ ചൂണ്ടയില്‍ കുരുങ്ങി
ഉയരാരുണ്ടത്രേ .....!