നമുക്കിടയിലെ ഇക്വാറ്റര്‍ ഒരു കടലിടുക്കാണ്
നിന്‍റെ തൊഴിലാളികള്‍
അതിന്‍റെ വീതി കൂട്ടുന്ന തിരക്കിലാണ്..
പണ്ട് ഞാനും
ഖനി തുരക്കുന്നവനായിരുന്നിരിക്കണം
അല്ലെങ്കില്‍ ഇത്രയും ആഴത്തിലേക്ക്
നിന്നെ കുഴിച്ചു വെക്കുമായിരുന്നില്ല .
അതിശൂന്യതയുടെ തിരക്കില്‍
നമുക്കിടയിലെ
അനേകം ഭാഷകള്‍ തിരയുകയാണ്
നാമെപ്പോഴും..
പക്ഷേ നോക്കു,
പരസ്പരം
വരയ്ക്കാന്‍ കഴിയുന്ന ഒന്ന് പോലും
തിരഞ്ഞെടുക്കപ്പെടുന്നില്ല .
പണ്ടെന്നോ നാം രണ്ടു മീനുകളായിരുന്നിരിക്കണം
ഒന്നൊന്നിന്‍റെ മുകളില്‍ ചേര്‍ന്ന്
തുഴഞ്ഞു മടുത്തു പോയവ
കഞ്ചാവ് ചെടിയുടെ മണമെന്നു
നീയുമ്മവെച്ച പഴയ വിയര്‍പ്പു തുളളികളെ
കണ്ണിലിട്ടു വാറ്റി ഉപ്പെടുക്കുന്നുണ്ട്
ആളൊഴിഞ്ഞ ഓര്‍മ്മ വീട്ടില്‍
ചുവടു ദ്രവിച്ച ഒരു വഞ്ചിയില്‍
പായ കെട്ടി അയക്കുന്നുണ്ട്
നീയറിയാതെ കട്ടെടുത്ത നിന്നെ