വയനാടന്‍

Thursday, January 16, 2014

നമ്മൾ

ഞെട്ടറ്റ
രണ്ടു
മഴകൾ നാം
നീ
പുഴയിലേക്കും
ഞാൻ
കരയിലേക്കും
പതിക്കുന്നു ..

പുനർജ്ജനിയിൽ
നീ
മേഘമാവുന്നു,
മഴയാകുന്നു
വീണ്ടും ..

ഞാൻ
അഗാതതയുടെ
ഇരുട്ടിലേക്ക്
പിന്നെയും പിന്നെയും
വറ്റി വരളുന്നു ..

Saturday, January 11, 2014

പൂവില്ലാത്തൊരു വസന്തം

വെയിലുണങ്ങി
പൊടിഞ്ഞ് വീണ
മരുഭൂമിയിൽ
പൂവില്ലാത്തൊരു
വസന്തം
മേഘ കുഞ്ഞുങ്ങളെ
ഓമനിയ്ക്കുകയും
ഉടുപ്പുകൾ തുന്നുകയും
ചെയ്യുന്നു.


"നീ വിതച്ചതാണീ
വരൾച്ചയെന്നു"
ചില മുരൾച്ചകൾ
ചെവികളിൽ
മണൽ കാറ്റുപോൽ
അസ്വസ്ഥമാവുന്നപ്പോഴും.

ചില വളവുകളിൽ ,
വേലികളിൽ
പൂത്തു നിൽക്കുന്ന
അശോകങ്ങളെ
തെച്ചികളെ,
ജമന്തികളെ
കണ്ടുമുട്ടുമ്പോൾ
അവളുടെ മുലകൾ
തുടിയ്ക്കുകയും
ചുണ്ടുകളിൽ
ഉമ്മകൾ നിറയുകയും
ചെയ്യുന്നു .

പക്ഷെ നീ
തൊട്ടാൽ
കരിഞ്ഞു പോകുമെന്നെരു
ഭീതി ,
പല കണ്ണുകളിൽ
മുളച്ചു തുടങ്ങുമ്പോൾ
അവളുടെ മുലകൾ
ഒഴിഞ്ഞ രണ്ടു
മണ്‍പാത്രങ്ങളാവുന്നു.

ചില സ്വപ്നങ്ങൾ
കുട്ടി നിക്കറിട്ട്
ഉടുപ്പില്ലാതെ
കളിവണ്ടിയുരുട്ടി
തൊടിയിലൂടെ
ഓടി തളർന്ന്
മടിയിലുറങ്ങുമ്പോൾ
അടിവയറിൽ നിന്ന്
പുഴകൾ
ജനിക്കുകയും
കണ്ണുകളിലൂടെ
കടൽ തിരയുകയും ചെയ്യുന്നു ....

തന്നിൽ വസന്തം
തിരഞ്ഞു മടുത്ത
ഒരു കാറ്റ്
മറ്റൊരു ചെടിയ്ക്ക്‌
വെള്ളമൊഴിക്കുന്നതിന്റെ
കളകളാരവങ്ങൾ
അവളുടെ വരൾച്ചയിൽ
പിന്നെയും തീ മഴകളാവുന്നു.


Wednesday, January 8, 2014

ചില ആണുങ്ങൾ

ചില ആണുങ്ങൾ
വലിയ
സഞ്ചാര പ്രിയർ

അവർ
പണ്ടേക്കു പണ്ടേ
എന്നുവെച്ചാൽ ,
ആദി പാപം
ആപ്പിൾ മര ചുവട്ടിൽ
ഷൂട്ടു ചെയ്ത കാലം മുതൽ
നിങ്ങൾ പെണ്ണുങ്ങളുടെ
കുന്നുകളും സമതലങ്ങളും
തേടിയിറങ്ങിയവർ ....

ഇടയിൽ
അവർ കുന്നുകളിൽ
നഖങ്ങളാൽ ചുവന്ന
പുഴകളെ തിരയുകയും
സമതലങ്ങൾ
ചവിട്ടി കുഴയ്ക്കുകയും
നിരന്തരമായ
നിങ്ങളുടെ സൈക്ലോണിൽ
ഇടവേളകൾ
സൃഷ്ടിക്കുകയും ചെയ്യുന്നു.
പിന്നീടവിടെ
തന്തയില്ലാത്ത
റോസാ ചെടികൾ
മുളക്കുന്നു .

ചില ആണുങ്ങൾ
സംശയാലുക്കൾ
തിരയലിന്റെ
നീണ്ട ലെൻസുകളുമായി
തുടയൊപ്പം മുണ്ടുടുത്ത
പുഴകടവുകളിൽ
നാലുമുറി
ചുവരുകൾക്കുള്ളിൽ
വിയർപ്പുറ്റുന്ന
കിടപ്പു മുറികളിൽ
തൃഷ്ണ വറ്റാത്ത
മനസോടെ
തിരയുന്നവർ ....

ചില ആണുങ്ങൾ
കണ്ടെത്തുന്നവർ
ഒരിക്കലും വളയാത്ത
നീണ്ട ദണ്ട്മായി
കുഞ്ഞു പൂക്കളിൽ
തിരഞ്ഞു തിരഞ്ഞു
അല്ലി കൊഴിക്കുന്നവർ

ചില ആണുങ്ങൾ
അങ്ങിനെ അങ്ങിനെ..........

Saturday, December 28, 2013



ഓ...,നീയെന്തിനാണ്‌ കിതയ്ക്കുന്നത് ?
ഡിസംബർ നിന്നിലെക്കെറിഞ്ഞ
വിറ ചുണ്ടുകളുള്ള തണുപ്പാണോ ...!
അല്ലെങ്കിൽ .,
ഇന്നലെ നിന്റെ വാക്കിൽ ഞാനടിച്ചു
കയറ്റിയ ആണിയുടെ തുരുമ്പോ ...


പക്ഷെ അത് കഴിഞ്ഞു
രാത്രിയിലേക്ക്‌ നിന്റെ അട്ടച്ചുരുക്കം
തുടങ്ങുന്നതിനു തൊട്ടു മുൻപ്
നിന്റെ കണ്ണുകളിൽ നിന്ന്
ചില കണ്ണുനീർ ചുള്ളികൾ
ഞാൻ ഒടിച്ചെടുക്കുമ്പോൾ
നീ ചിരിച്ചിരുന്നല്ലോ ഒരു മഞ്ഞുമല പോലെ .......
അതിനടിയിൽ
നിർവ്വികാരം" എന്നൊരു ഗുഹാ വാതിൽ
ഞാൻ കണ്ടിരുന്നു .

Tuesday, December 10, 2013

ചൂണ്ടക്കാരൻ

പാലത്തില്‍ നിന്ന് പുഴയുടെ
അടിവയറിലേക്ക് നീണ്ടു പോകുന്ന
തൂണുകളിലൊന്നിന്റെ
ഒത്ത നടുക്കായി
അയാളിരിക്കുന്നു .


സിഗരറ്റ് കുറ്റികള്‍
ഓളങ്ങളെ കണ്ടെടുക്കുമ്പോഴും
നീട്ടിയെറിഞ്ഞ നൂലില്‍
കൊരുക്കപെടുന്ന  ഒരു
പിടച്ചിലിനു  വേണ്ടി
അയാള്‍ കാത്തിരിക്കും .

ഈ കാത്തിരിപ്പുകളിലെ
വിരസതകളോട് പിണങ്ങാന്‍
അയാള്‍ പണ്ട് പിടഞ്ഞു മരിച്ച
ഇരകളുടെ വീഡിയോകള്‍
ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്ത്
ലൈക്കുകളെണ്ണിയിരിക്കും

ചിലപ്പോള്‍ അയാള്‍
നൂലില്‍ കൊരുക്കിയിരുന്നത്
ഒരു മിസ്ഡ്‌ കാളായിരിക്കും
അല്ലെങ്കില്‍ ഒരു ചാറ്റ് മെസേജ്

ചില ഭാര്യമാര്‍ മല്‍സ്യ
കന്യകകളെ പോലെ
സ്വര്‍ണ്ണവും ,പണവുമായി
ഇയാളുടെ ചൂണ്ടയില്‍ കുരുങ്ങി
ഉയരാരുണ്ടത്രേ .....!