വയനാടന്‍

Sunday, January 19, 2014

ഉരുട്ടി കേറ്റുന്ന സത്യങ്ങൾ


അങ്ങിനെ ,
രാവിലെ ഒമ്പതിന് തന്നെ
നിങ്ങൾ എഴുനേൽക്കുന്നു
തലേന്നത്തെ
വില കുറഞ്ഞ
വിദേശിയുടെ തലക്കിടി
കട്ടൻ ചായയിലൂടെ
കഴുകികളയാൻ
വെറുതെ ശ്രെമിച്ച്
വാള് വെക്കുന്നു.

അതിൽ നിന്നും
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന
നിങ്ങളുടെ മകളുടെ
കളർ പെൻസിൽ
തെറിച്ചു വീഴുന്നു
പതിനൊന്നാം ക്ലാസിലെ
മകളുടെ
ട്യൂഷൻ ഫീസും
ബുക്കുകളും ചിതറുന്നു
ഭാര്യുടെ അരിമണികൾ ,
പിഞ്ചിയ ബ്ലൌസിന്
പകരം മേടിച്ച
പുതിയ ബ്ലൌസ് തുണി
അങ്ങിനെ പലതും
പലതുമങ്ങിനെ
ചിതറുകയാണ്

നിങ്ങളുടെ അരികിലൂടെ
ഒരു പട്ടി
കാൽപെരുമാറ്റം
അറിയിക്കാതെ
നടന്നു പോകുന്നു.
നിങ്ങളുടെ എച്ചിൽ
തിന്നു പോകുന്നതെന്ന്
അയൽക്കാർ ചിരിക്കുമ്പോൾ
നിങ്ങളുടെ ഭാര്യ
പിഞ്ചിയ ബ്ലൌസ്
വേഗത്തിലിടുകയും
മകളുടെ ട്യൂഷൻ ഫീസ്
എണ്ണിത്തിട്ടപെടുത്തുകയും ചെയ്യുന്നു .

ദൈവ പുത്രനെ പോലെ 
ഉയിർക്കുന്ന നിങ്ങൾ
മക്കളുടെ തലകളിൽ
സത്യങ്ങളെ പെറുക്കി വെക്കുന്നു
ഇറയത്ത്‌ മയങ്ങാൻ കിടക്കുന്നു.

സൂര്യനസ്തമിക്കുമ്പോൾ
മക്കളുടെ തലയിൽ വെച്ച
വിശ്വാസം പതിയെ തെന്നി വീഴുന്നു
ഭാര്യയുടെ അടിവയറിൽ നിന്ന്
നിങ്ങളുടെ കാലുകൾ
പറിച്ചെടുക്കുമ്പോൾ
നിങ്ങൾ ഒരു പിടിച്ചു പറിക്കാരനാവുന്നു.

ക്രിസ്തുമസ് രാത്രികളിൽ
വീടുകളിൽ തൂങ്ങിയ നക്ഷത്രങ്ങളെ
ആരോ പരസ്പരം മാറ്റി തൂക്കുന്നു
നിങ്ങൾ വീട് തെറ്റി
ചിലന്തിയുടെ കൈകളുള്ള
ലിസി ചേച്ചിയുടെ വീടിലേക്ക്‌ 
പാമ്പിനെ പോലിഴയുന്നു


വീണ്ടും നിങ്ങൾ
ഉയിർക്കപെടുന്നു
മക്കളുടെ തലകളിലേക്ക് 
സത്യങ്ങളെ ഉരുട്ടി കയറ്റുന്നു
കുഞ്ഞു വിശ്വാസങ്ങൾ
ഉപ്പും ചേർത്ത്
ഉറയ്ക്കപെടുകയാണ്.
നിങ്ങൾ എഴുനേൽക്കുന്നത് വരെയെങ്കിലും .

Friday, January 17, 2014

ദാമ്പത്യം

ഒരിക്കൽ
ഞാൻ എന്റെ
കിളയ്ക്കാത്ത
വയലിനെക്കുറിച്ച്
നിന്നോട് പറയുന്നു

നീയൊരു നുകം
മേടിക്കാൻ
ആവിശ്യപെടുന്നു.

നുകത്തിൽ
നൂലിനാൽ
നീ ബന്ധിക്കപ്പെടുന്നു.

നിന്റെ
നെറ്റിയിൽ നിന്ന്
ചുവന്ന ഒരു പുഴ
നിറുകിലേക്ക്
വരയ്ക്കപെടുന്നു...

വാക്കുകളുടെ
ചാട്ടയടികളിൽ
നാം വേദനിക്കുന്നു
കരയുന്നു ,
സ്നേഹിക്കുന്നു
ഉമ്മകൾ കൈമാറുന്നു ...

നീ വലിക്കുന്നവൾ
ഞാൻ അമർത്തുന്നവൻ

നാം ഉഴുതു പോകുന്നു ...
വിത്തുകൾ എറിയുന്നു
മഴകളെ കൊഴിക്കുന്നു

ഇതാ പൂത്തിരിക്കുന്നു ...,
വയലുകൾ പൂത്തിരിക്കുന്നു ....
ഓരോ ചെടിയും
നീയും ഞാനുമാവുന്നു ....
ഓരോ പൂവും
നമ്മുടെ ഉമ്മകളാവുന്നു

Thursday, January 16, 2014

നമ്മൾ

ഞെട്ടറ്റ
രണ്ടു
മഴകൾ നാം
നീ
പുഴയിലേക്കും
ഞാൻ
കരയിലേക്കും
പതിക്കുന്നു ..

പുനർജ്ജനിയിൽ
നീ
മേഘമാവുന്നു,
മഴയാകുന്നു
വീണ്ടും ..

ഞാൻ
അഗാതതയുടെ
ഇരുട്ടിലേക്ക്
പിന്നെയും പിന്നെയും
വറ്റി വരളുന്നു ..

Saturday, January 11, 2014

പൂവില്ലാത്തൊരു വസന്തം

വെയിലുണങ്ങി
പൊടിഞ്ഞ് വീണ
മരുഭൂമിയിൽ
പൂവില്ലാത്തൊരു
വസന്തം
മേഘ കുഞ്ഞുങ്ങളെ
ഓമനിയ്ക്കുകയും
ഉടുപ്പുകൾ തുന്നുകയും
ചെയ്യുന്നു.


"നീ വിതച്ചതാണീ
വരൾച്ചയെന്നു"
ചില മുരൾച്ചകൾ
ചെവികളിൽ
മണൽ കാറ്റുപോൽ
അസ്വസ്ഥമാവുന്നപ്പോഴും.

ചില വളവുകളിൽ ,
വേലികളിൽ
പൂത്തു നിൽക്കുന്ന
അശോകങ്ങളെ
തെച്ചികളെ,
ജമന്തികളെ
കണ്ടുമുട്ടുമ്പോൾ
അവളുടെ മുലകൾ
തുടിയ്ക്കുകയും
ചുണ്ടുകളിൽ
ഉമ്മകൾ നിറയുകയും
ചെയ്യുന്നു .

പക്ഷെ നീ
തൊട്ടാൽ
കരിഞ്ഞു പോകുമെന്നെരു
ഭീതി ,
പല കണ്ണുകളിൽ
മുളച്ചു തുടങ്ങുമ്പോൾ
അവളുടെ മുലകൾ
ഒഴിഞ്ഞ രണ്ടു
മണ്‍പാത്രങ്ങളാവുന്നു.

ചില സ്വപ്നങ്ങൾ
കുട്ടി നിക്കറിട്ട്
ഉടുപ്പില്ലാതെ
കളിവണ്ടിയുരുട്ടി
തൊടിയിലൂടെ
ഓടി തളർന്ന്
മടിയിലുറങ്ങുമ്പോൾ
അടിവയറിൽ നിന്ന്
പുഴകൾ
ജനിക്കുകയും
കണ്ണുകളിലൂടെ
കടൽ തിരയുകയും ചെയ്യുന്നു ....

തന്നിൽ വസന്തം
തിരഞ്ഞു മടുത്ത
ഒരു കാറ്റ്
മറ്റൊരു ചെടിയ്ക്ക്‌
വെള്ളമൊഴിക്കുന്നതിന്റെ
കളകളാരവങ്ങൾ
അവളുടെ വരൾച്ചയിൽ
പിന്നെയും തീ മഴകളാവുന്നു.


Wednesday, January 8, 2014

ചില ആണുങ്ങൾ

ചില ആണുങ്ങൾ
വലിയ
സഞ്ചാര പ്രിയർ

അവർ
പണ്ടേക്കു പണ്ടേ
എന്നുവെച്ചാൽ ,
ആദി പാപം
ആപ്പിൾ മര ചുവട്ടിൽ
ഷൂട്ടു ചെയ്ത കാലം മുതൽ
നിങ്ങൾ പെണ്ണുങ്ങളുടെ
കുന്നുകളും സമതലങ്ങളും
തേടിയിറങ്ങിയവർ ....

ഇടയിൽ
അവർ കുന്നുകളിൽ
നഖങ്ങളാൽ ചുവന്ന
പുഴകളെ തിരയുകയും
സമതലങ്ങൾ
ചവിട്ടി കുഴയ്ക്കുകയും
നിരന്തരമായ
നിങ്ങളുടെ സൈക്ലോണിൽ
ഇടവേളകൾ
സൃഷ്ടിക്കുകയും ചെയ്യുന്നു.
പിന്നീടവിടെ
തന്തയില്ലാത്ത
റോസാ ചെടികൾ
മുളക്കുന്നു .

ചില ആണുങ്ങൾ
സംശയാലുക്കൾ
തിരയലിന്റെ
നീണ്ട ലെൻസുകളുമായി
തുടയൊപ്പം മുണ്ടുടുത്ത
പുഴകടവുകളിൽ
നാലുമുറി
ചുവരുകൾക്കുള്ളിൽ
വിയർപ്പുറ്റുന്ന
കിടപ്പു മുറികളിൽ
തൃഷ്ണ വറ്റാത്ത
മനസോടെ
തിരയുന്നവർ ....

ചില ആണുങ്ങൾ
കണ്ടെത്തുന്നവർ
ഒരിക്കലും വളയാത്ത
നീണ്ട ദണ്ട്മായി
കുഞ്ഞു പൂക്കളിൽ
തിരഞ്ഞു തിരഞ്ഞു
അല്ലി കൊഴിക്കുന്നവർ

ചില ആണുങ്ങൾ
അങ്ങിനെ അങ്ങിനെ..........