വയനാടന്‍

Friday, January 31, 2014

ഉഷ്ണ കാടുകളിലെ ചില മുറികൾ

എം ജി റോഡിൽ നിന്ന് വൈറ്റിലക്ക്
വെറുതെ യാത്ര ചെയ്യുമ്പോൾ
പനമ്പള്ളി നഗറിൽ വെച്ച്
സ്കൈ ലൈൻ നട്ടുവളർത്തിയ
ഉഷ്ണകാടിനെ നിങ്ങൾ കണ്ടു മുട്ടുന്നു .
നെടുവീർപ്പുകളുടെ
ബിഗ്‌ ബാംഗ് തിയറി ഒളിപ്പിക്കപ്പെട്ട ചുമരുകളിൽ
മഞ്ഞ ,വെള്ള നിറങ്ങൾ
അള്ളി പിടിക്കുന്നത്‌ കാണുമ്പോള്‍
നിങ്ങള്‍ കൊതിച്ചു പോകുന്നുണ്ട്



ഭാര്യയുടെ ലിപ്സ്റ്റിക്ക് ,
കപ്പുള്ള ബ്രാ
കുട്ടികളുടെ ട്യൂഷൻ
ഹോം ലോണ്‍
എന്നിവയാലോചിച്ചു
ഒരു മുറിയുടെ
ടോയിലെറ്റിൽ സിഗെരെറ്റ്
അങ്ങിനെ നീറി പുകയുമ്പോൾ
റിമി ടോമിയുടെ സാരിയെ കുറിച്ചോർത്ത്
മുഖം കറുപ്പിക്കുന്നുണ്ടടുക്കള.



മംഗളം വീക്കിലി മടുത്ത്
കവിത എഴുതി തുടങ്ങിയ ഒരു മുറി
ചാറ്റ് വിൻഡോയിൽ
കവിയുടെ സദാചാരം
വെണ്ണ പോലാണെന്ന്
കണ്ടെത്തുകയും
അലിയുന്നതിന്‍റെ
സമയ ദൈർഘ്യം
രാത്രിയില്‍ അലഞ്ഞു
തളര്‍ന്നു വരുന്നൊരു കാറ്റിനോട്
താരതമ്യപ്പെടുത്തുകയും ചെയ്യുന്നു .



പിന്നീടെപ്പോഴെങ്കിലും ,
നാമൊരു മേഘവും കാറ്റുമാവുമെന്നും
ഏതോ ഒരു ഗ്രഹത്തിന്‍റെ
നീലിമയിൽ ,
ഒന്നിക്കുമെന്നും ,
അപ്പോള്‍ മഴ പൂവുകള്‍
പെറ്റു പെരുകുമെന്നും
കാടുകൾ പക്ഷികളെ
ഇണ ചേർക്കുമെന്നും
പ്രണയിക്കുന്ന ഒരു മുറി
പുസ്തകത്തില്‍ തല വെച്ച്
മറ്റൊരു മുറിയോടു രെഹസ്യമായി
വാട്ട്സ്‌ അപ്പിലൂടെ മെസേജ് അയക്കുന്നുണ്ട് .



സ്കൈപ്പില്‍ കളിച്ചു തിമിര്‍ക്കുന്ന മക്കളെ,
ചുമരില്‍ ചാരി തളര്‍ന്നു കൊഞ്ചിക്കുന്നുണ്ട്
ഒരു മുറി !



പക്ഷെ ഇപ്പോഴും വൈറ്റിലക്ക് പോകുമ്പോൾ
പനമ്പള്ളി നഗറിൽ വെച്ച്
തല പുറത്തിടരുത് എന്ന നിയമം നിങ്ങൾ
ഡ്രൈവർ അറിയാതെ തെറ്റിക്കുകയും
മഞ്ഞയും ,വെള്ളയും നിറങ്ങളിൽ
ഭ്രമിക്കുകയും ചെയ്യുന്നു .

Saturday, January 25, 2014

ഗുണ്ടൽപേട്ടയിലെ ജമന്തി പൂക്കൾ

ഗുണ്ടൽപേട്ടയിലെ

പീപ്പിൾസ് ബാറിന്റെ

ഇടനാഴികൾക്കപ്പുറത്തുള്ള

മുറിയിൽ

നീ ഒരു

തൊലിയുരിഞ്ഞ

കോഴിയെ പോലെയാണ് ....




തൊട്ടപ്പുറത്ത്

ജമന്തി പൂ നട്ടു വളർത്തുന്ന

കൃഷ്ണപ്പയോ

കപ്പ നട്ട

ബാലചന്ദ്രയൊ

കോഴിയിറച്ചി തിന്നാറില്ല .




പക്ഷെ കൃത്യം

അഞ്ചു മണിക്ക്

നീ പുറത്തേക്കു വരുമ്പോൾ

"ഇന്ന് പ്രാക്റ്റിക്കൽ

ക്ലാസായിരുന്നമ്മേ "

എന്ന് ഫോണിൽ പറയുന്നതവർ

കേൾക്കുന്നുണ്ട്.




ജമന്തി പൂക്കളെയോ,

കപ്പയെയൊ നീ

തിരിച്ചറിയാത്തതു പോലെ

നാട്ടിലോരിടത്ത്

കപ്പ വില്ക്കുന്ന

ദേവസി ചേട്ടനെയോ

പള്ളി വാതുക്കലിൽ

പൂ വില്ക്കുന്ന

മേരി ചേടത്തിയെയോ

അവരുടെ ദൈവഭയത്തെയൊ

നിനക്ക് ഓർമ്മയിൽ

കണ്ടെത്താൻ കഴിയുന്നില്ല !

കാരണം ,

നീ തൊലിയുരിക്കപെട്ട

ഒരു കോഴിയാണ് .





മൈസൂരിലേക്കുള്ള ബസിന്‍റെ

വിന്റ്വോ സീറ്റിലൂടെ

കൃഷണപ്പയുടെ ജമന്തി

തോട്ടത്തിലേക്ക്

പോകുന്ന കാറ്റിൽ

ഒരു നീറ്റൽ പെറ്റു വീഴുന്നു .

നിന്റെ

അടിവയറിലോ ,

മനസ്സിലോ

അത് ,

കൈകാലിട്ടടിക്കുന്നു.






പക്ഷെ ,

ക്ഷമ കുറഞ്ഞ

ഏതോ ഒരുത്തന്റെ

അമ്മയ്ക്ക് വിളിച്ചു കൊണ്ട്

നീ ആയിരത്തിന്റെ

നോട്ടുകളെ

മുറുക്കെ പിടിക്കുന്നു .....

Thursday, January 23, 2014

ക്ലാര

നിന്‍റെ
പാൻ പരാഗ് മണക്കുന്ന
ചിരിയും
വിണ്ടു കീറിയ
ചുണ്ടുകളും
ചെളിപിടിച്ചു കറുത്ത
അടിപാവാടയിൽ
കുലുങ്ങി മടുത്ത
ചന്തികളും
ക്ലാരയുടെ
ഏതോ വിദൂര നിഴലുകളെ
ഓർമ്മിപ്പിക്കുന്നു



ഭാര്യയുടെ
അരികിൽ നിന്നു
വരികയും
അങ്ങോട്ട്‌ തന്നെ
മടങ്ങുകയും ചെയ്യുന്ന
തറവാട്ടുകാരൻ
ആയതു കൊണ്ടാണ്
ജയകൃഷ്ണനെന്നു
ഞാൻ സ്വയം
കൽപ്പിച്ചെടുക്കുന്നത്.
വേണമെങ്കിൽ
നിനക്കെന്നെ
സദാചാരക്കാരൻ തെണ്ടീ
എന്ന് പുച്ഛിക്കാം .






പക്ഷെ ,
നീയും ക്ലാരയും
തമ്മിൽ
ആകെയുള്ള
ബന്ധം
ഇപ്പോൾ പെയ്യുന്ന
ഈ മഴ മാത്രമാണ്





നിന്‍റെ ,
വിലകുറഞ്ഞ
സുഖം പിടിപ്പിക്കലിന്റെ
ആകെ ലാഭം
ചില്ല് കുപ്പികളുടെ
പെട്ടിയിലെ
ഹാൻഡിൽ വിത്ത്‌ കെയർ
എന്ന കുറിപ്പ് പോലെ;
ചുണ്ടിൽ
ഉമ്മ വെക്കരുത്
മുലകളിൽ പിടിക്കരുത്
ഉറകൾ രണ്ടു വേണം
തുടങ്ങിയ
സ്റ്റാർ ഹോട്ടൽ
വ്യഭിചാര
നിയന്ത്രണങ്ങളില്ല
എന്നതാണ് .





ആഗോള കച്ചവട
ഇടപെടലുകളെ
തള്ളി പറയുന്ന
ഒരു കാലമാണ്
പോതുവിലിപ്പോൾ
എന്ന് വേണമെങ്കിൽ
നമുക്കാശ്വസിക്കാം.





വില കുറഞ്ഞ റമ്മിൽ
കൂമ്പി പോയ
നിന്‍റെ കണ്ണുകളെ നോക്കി
സുമലതയുടെത് പോലെയെന്നു
കരുതാൻ
ഈ മഴയുടെ പിന്നണിയല്ലാതെ,
അല്ലാതെ മറ്റൊന്നുമില്ല






എങ്കിലും ,
പാലത്തിനടിയിൽ
ചോർന്നൊലിക്കുന്നയീ വീട്
എനിക്കിപ്പോൾ കടൽക്കരയാവുന്നു
നീ ക്ലാര
ഞാൻ ജയകൃഷ്ണൻ



റെയിൽവേ പോലീസ്
എത്തും മുന്നേ
നമുക്ക്
"മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി "
എന്ന ഗാനം
വേഗത്തിൽ പാടി തീർക്കാം

Wednesday, January 22, 2014

ചെറുമീനുകൾ

പോരാട്ടങ്ങളുടെ
ആഴകടലുകളിൽ
നിന്നും
ചെറുമീനുകൾ
കുട്ടകളിലേക്ക്
എണ്ണിയെടുക്കപെടുന്നതിൽ
ചില സ്രാവുകളുടെ
നയവ്യതിയാനങ്ങൾ
കാരണമാവുന്നുണ്ട്
എന്ന് അവഗണിക്കപെട്ട
ചില ബെർലിൻ
പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു .

"കൊന്നാൽ പാപം
തിന്നാൽ തീരും ,
ഒന്ന് ചീഞ്ഞാലെ
മറ്റൊന്നിനു വളമാകൂ "
എന്നിങ്ങിനെയുള്ള
ലോക തൊഴിലാളി
ആശയങ്ങൾ
ആവർത്തിച്ചു കൊണ്ട്
സ്രാവുകൾ
മത്തികളുടെ ശരീരത്തിൽ
വരഞ്ഞു
മുളക് പുരട്ടാൻ
കൊട്ടേഷൻ നൽകുമ്പോൾ
വലതു പക്ഷ വ്യതിയാനമാണെന്ന്
പറഞ്ഞ സ്രാവിനെ
പി ബിയിൽ നിന്നും
പുറത്താക്കി .

മുതലാളിത്വം
കരയിൽ വെച്ച്
സദ്ദാമിനെ
ശ്വാസം മുട്ടിച്ചു
കൊന്നപ്പോൾ
സ്രാവുകൾ
മീനുകളെ അണിനിരത്തി
കടലിൽ
പ്രകടനവും
ഹർത്താലുകളും
നടത്തിയത്
സ്വാതന്ത്ര്യ സംരക്ഷണത്തിനു
വേണ്ടി മാത്രമായിരുന്നു .

പക്ഷെ ,
ഒഞ്ചിയത്തെയും
പാലക്കാട്ടെയും
മീനുകളുടെ
അച്ചടക്ക ലംഘനം
കമ്മറ്റികൾ
കണ്ടെത്തിയ കാര്യമാണ്

അത് കൊണ്ടാണ്
മാത്രകാ പരമായി
അവരെ വരഞ്ഞു
മുളക് തേച്ചത്

ചെറു മീനുകൾ
ചിന്തിക്കേണ്ടത്
സോമാലിയയിലെ പട്ടിണിയെക്കുറിച്ചും
ക്യൂബയിലെയിലെ
അധികാര
കൈമാറ്റത്തെക്കുറിച്ചുമാണ്
അല്ലെങ്കിൽ,
ചൈനയിലെ
പരിഷ്കാരങ്ങളെക്കുറിച്ച്
നാട്ടിലെ
പൊട്ടി പൊളിഞ്ഞ
റോഡിനെക്കുറിച്ചോ
മത്തി മേടിക്കാൻ വകയില്ലാത്ത
ആദിവാസിയെക്കുറിച്ചോ അല്ല

Tuesday, January 21, 2014

നീല പുറം ചട്ടയുള്ള പുസ്തകങ്ങൾ

തണുപ്പ്
ജനാല ചില്ലുകളിൽ
നമ്മുടെ പേരുകളെഴുതുകയും
കാറ്റത് വിളിച്ചു പറയുകയും
ചെയ്തപ്പോഴാണ്
നീ പേടിക്കുകയും
ചുണ്ടുകളിലെ
തെർമോ മീറ്റർ കൊണ്ട്
എന്റെ നെഞ്ചിന്റെ
ചൂടളക്കുകയും ചെയ്തത് .





മിസ്റ്റർ ആൻഡ്‌ മിസ്സിസ്
എന്ന് പറയുമ്പോൾ
റിസപ്ഷനിസ്റ്റിന്റെ
ചുണ്ടിൽ നിന്ന്
പുറത്തേക്കു
ഓടിയിറങ്ങി പോയ
ചിരി ,
ആൾമാറാട്ടം
നടത്തി വീണ്ടും
വാതിലിൽ മുട്ടുന്നു .




ഒരിക്കലും
അവസാനിക്കാത്ത,
ആനന്ദം നിറച്ച
നിറയെ ഡോട്ടുകളുള്ള
ഒരു ഉറ
രഹസ്യമായി സമ്മാനിക്കപെടുന്നു





എന്നാൽ ,
തൊമ്മൻ ചേട്ടൻ
വരിയെടത്ത ശേഷം
സീസർ എന്ന പട്ടി
അനുഭവിച്ച
സ്വാതന്ത്ര്യത്തെക്കുറിച്ച്
ഞാൻ ആലോചിക്കുമ്പോൾ
നീ ചിരിക്കുകയായിരുന്നു.
ഒളിപ്പിച്ച ഒരു ചെമ്പ് തകിട്
വീണു കിലുങ്ങും പോലെ ..




മകളുടെ മിസ്സ്‌ കാളിനുള്ള
മറുപടിയിൽ
ചിലന്തികളെ കുറിച്ചും
അവ മെടഞ്ഞു മെടഞ്ഞു
പോകുന്ന
വലകളെക്കുറിച്ചും
നീ പറയുമ്പോൾ
എന്റെ ശരീരത്തിൽ
മുളക്കുന്ന രോമങ്ങളെയും
ചുണ്ടിലെ വലകളെയും
ഞാൻ ധൃതിയിൽ
ഒളിപ്പിച്ചു വെക്കുന്നു...(നീയും അങ്ങിനെ തന്നെ )





"നിന്റെ മുലകൾക്കെന്തു
ഭംഗിയാണെന്ന്"
ഞാൻ കണ്ടെത്തുമ്പോൾ
കണ്ടു പിടിത്തങ്ങളിൽ
താല്പര്യമില്ലാത്ത
എന്റെ ഭർത്താവിനോട്
നന്ദി പറയാൻ
നീല വിരി മാറ്റി
നീ ആവിശ്യപെടുന്നു.





ഞാൻ നിന്റെ കമ്മന്റുകളെ
ഉയർത്തിയടിക്കുമ്പോൾ
നീ എന്റെ കവിതകൾ
ഉറക്കെ വായിക്കുന്നു,
സ്റ്റാറ്റസുകളെ കെട്ടി വരിയുന്നു
നാം നീല പുറം ചട്ടയുള്ള
ഒരു പുസ്തകമാവുന്നു .