വയനാടന്‍

Sunday, January 19, 2014

ഉരുട്ടി കേറ്റുന്ന സത്യങ്ങൾ


അങ്ങിനെ ,
രാവിലെ ഒമ്പതിന് തന്നെ
നിങ്ങൾ എഴുനേൽക്കുന്നു
തലേന്നത്തെ
വില കുറഞ്ഞ
വിദേശിയുടെ തലക്കിടി
കട്ടൻ ചായയിലൂടെ
കഴുകികളയാൻ
വെറുതെ ശ്രെമിച്ച്
വാള് വെക്കുന്നു.

അതിൽ നിന്നും
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന
നിങ്ങളുടെ മകളുടെ
കളർ പെൻസിൽ
തെറിച്ചു വീഴുന്നു
പതിനൊന്നാം ക്ലാസിലെ
മകളുടെ
ട്യൂഷൻ ഫീസും
ബുക്കുകളും ചിതറുന്നു
ഭാര്യുടെ അരിമണികൾ ,
പിഞ്ചിയ ബ്ലൌസിന്
പകരം മേടിച്ച
പുതിയ ബ്ലൌസ് തുണി
അങ്ങിനെ പലതും
പലതുമങ്ങിനെ
ചിതറുകയാണ്

നിങ്ങളുടെ അരികിലൂടെ
ഒരു പട്ടി
കാൽപെരുമാറ്റം
അറിയിക്കാതെ
നടന്നു പോകുന്നു.
നിങ്ങളുടെ എച്ചിൽ
തിന്നു പോകുന്നതെന്ന്
അയൽക്കാർ ചിരിക്കുമ്പോൾ
നിങ്ങളുടെ ഭാര്യ
പിഞ്ചിയ ബ്ലൌസ്
വേഗത്തിലിടുകയും
മകളുടെ ട്യൂഷൻ ഫീസ്
എണ്ണിത്തിട്ടപെടുത്തുകയും ചെയ്യുന്നു .

ദൈവ പുത്രനെ പോലെ 
ഉയിർക്കുന്ന നിങ്ങൾ
മക്കളുടെ തലകളിൽ
സത്യങ്ങളെ പെറുക്കി വെക്കുന്നു
ഇറയത്ത്‌ മയങ്ങാൻ കിടക്കുന്നു.

സൂര്യനസ്തമിക്കുമ്പോൾ
മക്കളുടെ തലയിൽ വെച്ച
വിശ്വാസം പതിയെ തെന്നി വീഴുന്നു
ഭാര്യയുടെ അടിവയറിൽ നിന്ന്
നിങ്ങളുടെ കാലുകൾ
പറിച്ചെടുക്കുമ്പോൾ
നിങ്ങൾ ഒരു പിടിച്ചു പറിക്കാരനാവുന്നു.

ക്രിസ്തുമസ് രാത്രികളിൽ
വീടുകളിൽ തൂങ്ങിയ നക്ഷത്രങ്ങളെ
ആരോ പരസ്പരം മാറ്റി തൂക്കുന്നു
നിങ്ങൾ വീട് തെറ്റി
ചിലന്തിയുടെ കൈകളുള്ള
ലിസി ചേച്ചിയുടെ വീടിലേക്ക്‌ 
പാമ്പിനെ പോലിഴയുന്നു


വീണ്ടും നിങ്ങൾ
ഉയിർക്കപെടുന്നു
മക്കളുടെ തലകളിലേക്ക് 
സത്യങ്ങളെ ഉരുട്ടി കയറ്റുന്നു
കുഞ്ഞു വിശ്വാസങ്ങൾ
ഉപ്പും ചേർത്ത്
ഉറയ്ക്കപെടുകയാണ്.
നിങ്ങൾ എഴുനേൽക്കുന്നത് വരെയെങ്കിലും .

2 comments:

പുനര്‍ജനി said...

ഇഷ്ടായി...:)

വയനാടൻ said...

thank u പുനര്‍ജനി

Post a Comment