നഗ്നതയ്ക്കും ലോകത്തിനും ഇടയിലെ
അഴയിലേക്ക് പ്രണയത്തെ
നീട്ടി വിരിച്ചിട്ടു കൊണ്ട്
നാം തൊണ്ട് തല്ലുകയും
കയറു പിരിക്കുകയും ചെയ്യുന്നു .
കോട്ടണ്‍ വസ്ത്രത്തിന്റെ നിറത്തിന്
ഗ്യാരന്റി ഇല്ല എന്നെഴുതിയ ബിൽ
വിയർപ്പിന്റെ പുഴയിൽ നിന്ന്
രണ്ടു മീനുകൾ കണ്ടെടുക്കുന്നു.
തൊണ്ട് തല്ലുമ്പോഴോ കയറു പിരിക്കുമ്പോഴോ
നേർത്ത ഗ്ലൌസുകൾ അണിയുന്നത്
മിനുസങ്ങളെയും ,പരുപരുപ്പുകളെയും
തൊട്ടറിയിക്കുന്നില്ല എന്ന സത്യം
നാം വിശ്വസിക്കുന്നുണ്ട്
പിടയുന്നതിന്നു തൊട്ടു മുൻപ്
ആയുധം വലിച്ചൂരുന്നത് ,
ഉടുക്കും മുൻപേ അഴിഞ്ഞു വീഴുന്ന
മുണ്ടിന്റെ വിശ്വാസം ചോദ്യം ചെയ്യുന്നു .
വെള്ളത്തോടൊപ്പം ഗുളികയും
നീ വിഴുങ്ങി തീർക്കുമ്പോൾ
ഇടത്തോട്ടും വലത്തോട്ടുമുള്ള
രണ്ടു സിഗ്നലുകളിൽ
പ്രണയത്തെ നാം കയറ്റിവിടുന്നു ..
പിന്നീട്
ഒരു ഓവർ ബ്രിഡ്ജിൽ
ആകസ്മികമായി കണ്ടു മുട്ടുമ്പോൾ
നാം തുണിയുള്ളവരും കയറുകളിലെ
സ്വന്തന്ത്രമായ രണ്ടിഴകളുമാണ്
1 comment:
(y)
Post a Comment