വയനാടന്‍

Wednesday, April 2, 2014

ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടി

തികച്ചും യാദൃശ്ചികമായി
ഒരൊറ്റ ജീവിതത്തിൽ
തടവിലാക്കപെട്ട
ശത്രുക്കളായ രണ്ടു യുദ്ധ സൈനികർ
അച്ഛൻ ,
അമ്മ .


വാക്കുകളുടെ വെട്ടുമുറിവുകളിൽ
നിന്നോടിയോളിക്കുന്ന
ഒരു പെണ്‍കുട്ടി
അവൾക്കു കളിക്കാൻ വാക്കുകളില്ല !


ജനാലകളില്ലാത്ത
മുറിയിലെ കണ്ണാടിയിൽ
തൻറെ രൂപമവൾ ഉറപ്പിച്ചു വെക്കും
എന്നിട്ട്
നീണ്ടു നീണ്ട തൻറെ ഏകാന്തതയെ
മെടഞ്ഞു മെടഞ്ഞിരിക്കും.


മുറിയൊരു ദ്വീപാകും
മെടയുന്ന ഏകാന്തതയിലേക്ക്
മീനുകൾ ഒഴുകിയെത്തും
അവൾക്കു ചിറകുകൾ കടം കൊടുക്കും



പുറത്തേക്ക് തെറിച്ചുപോയ
യുദ്ധ സൈനികർ എത്തും മുൻപേ
അവൾ ദൂരങ്ങളോളം നീന്തിത്തുടിക്കും
വഴിവക്കിലെന്നോ കാണാതെപോയ
പ്രണയത്തെ ഓർക്കും
കവിതകൾ എഴുതും..



ചിലപ്പോൾ ,
ചില വളവുകളിൽ വെച്ച്
അമ്മയുടെ മുലയിടിച്ചു കുടിക്കുന്ന
കുഞ്ഞുങ്ങളെ കാണും
അപ്പോഴൊക്കെയും
അവൾക്കും വിശക്കും
വേലക്കാരി അമ്മിണിയമ്മയുടെ
വറ്റിയ മുലകളിലേക്ക്
കയ്യുകൾ നീണ്ടു പോകുന്നത് പോലെ തോന്നും
ദ്വീപിലപ്പോൾ ഉപ്പു കൂടിയ
ഒരു തിര ഉയരും ..



സമയം കഴിഞ്ഞപ്പോൾ
വീണ്ടും യുദ്ധ ഭൂമിയിലേക്ക്‌ ഓടി പോയവൾ



അവിടെ,
അവൾ മൌനങ്ങളുമായി
പാമ്പും കോണിയും
കളിക്കുമായിരിക്കും .



നാലാം ക്ലാസിൽ പഠിച്ച
അഭിരാമിയെന്ന നമ്പൂരി കുട്ടിയുടെ
ഡയറ്ററിയാതെ
തൻറെ ചോറ്റു പാത്രത്തിൽ നിന്ന്
അവളുടെ പാത്രത്തിലേക്ക്
ഇട്ടു കൊടുത്ത കോഴി
ഒരിക്കൽ
കൊത്താൻ ഓടിച്ചത്
ഇങ്ങിനെ പാമ്പും കോണിയും
കളിക്കുമ്പോളായിരുന്നു .





എങ്കിലും ,
ഒരു വാക്കിനെയെങ്കിലും
പുറത്തെത്തിക്കാനായവൾ
മൌനത്തിൽ നിന്നും
വാക്കുകളെ
ചതുരത്തിൽ കറക്കിയിടും
കൃത്യം ആറു വീഴുമ്പോൾ
എണ്ണിതുടങ്ങുന്നു
ഒന്ന് ,
രണ്ടു ,
മൂന്നു
നാല്
അഞ്ചു
ആറു
ഏഴ് .....



ഏഴിൽ അമ്മയുടെ തുറിച്ചു നോട്ടം
വീണ്ടും കളത്തിനു പുറത്തേക്ക് .....

3 comments:

Anuraadha said...

Ekanthathayude kalikkoottukaary..
Paavam penkutty.. :(
Nannaayezhuthy Shine ♡

സുനിതാ കല്യാണി said...

നീണ്ടു നീണ്ട തൻറെ ഏകാന്തതയെ
മെടഞ്ഞു മെടഞ്ഞിരിക്കും. superb

വയനാടൻ said...

നന്ദി .............

Post a Comment