വയനാടന്‍

Sunday, May 4, 2014

"ബ്ലഡി മേരി"

വീട്ടില്‍ ആകെ ഒരു മുറി മാത്രമുള്ളതു കൊണ്ടല്ല
ഉള്ള ഒരു പശുവിന് വിശപ്പ്‌ സഹിക്കാന്‍
വയ്യാത്തത് കൊണ്ട് കൂടിയാണ്
പിന്നാമ്പുറത്തൂടെ പുല്ലരിയാന്‍ പോകുന്നത്



ഒറ്റ മുറിയിലൊതുങ്ങാത്ത
അടക്കി പിടുത്തങ്ങള്‍
അരിയും തോറും
വളരുന്ന പുല്ലുകള്‍
പശുവിന്‍റെ വിശപ്പ്‌ ,
പിന്നെയും പിന്നെയും
പിന്നാമ്പുറത്തൂടെ
പോകാന്‍ നിര്‍ബന്ധിതമാവുകയാണ് ..



പാച്ചിലും കരച്ചിലും
വാവിന്‌ രണ്ടു ദിവസം മുന്നേ
പശു തുടങ്ങിയ വൈകുന്നേരമാണ്
മഴയേയും കൂട്ടി മേരി
ഒറ്റമുറിയുള്ള വീട്ടിലേക്കു വന്നത്



വാര്‍ത്ത കേട്ട അപ്പന്‍റെ ചുമ
പതിവില്‍ നിന്ന് വ്യത്യസ്ഥമായി
ശബ്ദമില്ലാതെ നീണ്ടു നില്‍ക്കുകയും
അമ്മച്ചി മൂക്ക് പിഴിയുകയും,
പിന്നെ പതിയെ
അടുപ്പിലെ മീന്‍ കറിയിലേക്ക്
തിരിച്ചു പോകുകയും ചെയ്തു .



കുളി തെറ്റിയ മേരിയുടെ പറമ്പിലെ
പുല്ലു തീര്‍ന്നെന്നും
ഒറ്റ മുറിയില്‍ ഒരവകാശം
തനിക്കും വേണമെന്ന്
മഴയാണോ മേരിയാണോ
ചോദിച്ചതെന്നറിയില്ല.
പക്ഷെ, ഒറ്റ മുറിയുള്ള വീടിന്‍റെ മുറ്റത്തേക്ക്
"ബ്ലഡി മേരി" എന്ന അലറിച്ചയുടെ
പിന്നാലെ വന്ന തൊഴിയില്‍ തെറിച്ചു വീണത്‌
പുല്ലരിയാന്‍ കൂട്ട് പോയ മേരി തന്നെയായിരുന്നു ....

2 comments:

Anuraadha said...

Osm

Anuraadha said...

Actually this ones ma personal favrt.. ♡

Post a Comment