വയനാടന്‍

Wednesday, May 20, 2015

ബാഗ്‌ പൈപ്പര്‍

എത്ര തേവിയാലും ശവം വറ്റാത്ത
ഗംഗയുടെ അടിവയറിനെ ധ്യാനിക്കുമ്പോള്‍
വെസര്‍ നദിയുടെ കാമുകന്‍
ഹാംലിന്‍ ,
വോൺ ഗോയ്‌ഥേയുടെ കയ്യില്‍ തൂങ്ങി
ചരിത്രം വില്‍ക്കുന്നൊരു കുട്ടിയെ പോലെ
യാദൃശ്ചികമല്ലെന്നയുറപ്പിലൂടെ
നടന്നുവരുന്നു

ദളിത് യോനികളില്‍
ഇരുമ്പു കമ്പികള്‍
ജാതി കൊടികളുയര്‍ത്തന്നതറിയാതെ,
വയല്‍ വഴികളെല്ലാം തെറ്റിയ
വിശപ്പുകളെയറിയാതെ..
ഒരാളപ്പോള്‍ യാത്ര പോകുന്നു...
പിന്നെയും യാത്ര പോകുന്നു...

യാത്രകളെല്ലാം
ചരിത്രമാകുമെന്ന പെരുമ്പറകള്‍
കൊട്ടികൊണ്ടേയിരിക്കുന്നൊരു നാട്ടില്‍
വാഗ്ദാനങ്ങളുടെ പെത്തഡിനിലേക്ക്
ഓരോ ചെവിയും അടിമപ്പെടുമ്പോള്‍
വിശക്കുന്നവരെല്ലാം എലികളാവും

നിറമുള്ള മേല്‍ക്കുപ്പായങ്ങള്‍
ഭംഗിയില്‍ വെട്ടി നിറുത്തിയ താടി രോമങ്ങള്‍
പ്രിയപ്പെട്ട ആയുധമായ കുഴല്‍
അതെ, എല്ലാം കൃത്യമാണ്
അയാള്‍ തന്നെ
ഹാംലിനില്‍ നിന്ന്
കോപ്പല്‍ ബെര്‍ഗ് മലയിലേക്കു
കുഴലൂതി പോയ
പട്ടു കുപ്പായക്കാരന്‍ ....

പക്ഷെ കുഴലൂത്തുകാരാ
നിന്‍റെ ചരിത്രത്തിനു വേണ്ടി
നീയെത്ര ഭംഗിയായാണ്
ഞങ്ങളെ മായ്ച്ചുകളയാന്‍
ശ്രെമിച്ചു കൊണ്ടിരിക്കുന്നത് ...

2 comments:

MKM said...
This comment has been removed by the author.
MKM said...
This comment has been removed by the author.

Post a Comment