വയനാടന്‍

Monday, October 26, 2015

അണ്ടര്‍ സര്‍വീലന്‍സ്

ഞങ്ങള്‍ ചോക്കു കൊണ്ടോ
കരി കൊണ്ടോ
ഒറ്റക്കണ്ണന്‍ രാക്ഷസനെയും
പൂക്കളെയും വരച്ചിരുന്ന
ചെറുപ്പത്തിലെ ഭിത്തികളില്‍
വളര്‍ന്നപ്പോള്‍
അവരെഴുതി


"നിങ്ങളുടെ ഏതൊരു ചലനവും
നിരീക്ഷിക്കപ്പെടുകയും
തുടരാവിശ്യത്തിലേക്ക്
റിക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യുന്നു."


അധികാരത്തിന്‍റെ
ഡ്രോണ്‍ ക്യാമറകളോ
സദാചാരത്തിന്‍റെ
കണ്ണുകളോ ആവാമത്.



എങ്കിലും ,
ഇതിനു മുന്‍പ്
ഇത്രയും നഗ്നരായി
നാമൊരിക്കലും ഒരുങ്ങിയിട്ടില്ല!



എതിരുടലിലെ
ചെറുവനക്കം പോലും
രേഖപെടുത്തുന്ന
രോമ റഡാറുകള്‍!
സിഗ്നലുകളെ ഞരമ്പുകളിലൂടെ
പായിച്ചു കൊണ്ടിരിക്കുന്നു.



ആദി പാപത്തിനു മുന്‍പുള്ള
ആപ്പിള്‍ കാലഘട്ടത്തില്‍
കാല്‍ കയറ്റി വെച്ച്
റിലീസ് ചെയ്യാന്‍ പോകുന്ന
ഐ ഒ എസിന്‍റെ
ഫീച്ചറുകളെ
വിശകലനം ചെയ്യുകയാണ് നാമിപ്പോള്‍.


സ്റ്റേറ്റ് ഫ്രെണ്ട് ലിയാണ്.
ഏറ്റവും മികച്ചത്
മ്യൂട്ട് മോഡാണ്.


പ്രതികരണ സംവിധാനമുള്ള
പഴയ വേര്‍ഷന്
സ്വയം മരിക്കാനോ,
കൊല്ലപ്പെടുവാനോ ഉള്ള
ഓപ്ക്ഷ നിലേക്ക്
അപ്ഗ്രേഡ് ചെയ്യാം.


ചുട്ട കുഞ്ഞുങ്ങളെ നിരത്തിയ
തീന്‍ മേശയില്‍ താളംപിടിച്ച്
മേഘവിടവിലൂടെ
ഒരു കോളേജ് പ്രിന്‍സിപ്പാളിനെ പോലെ,
സൂക്ഷ്മമായൊരാള്‍ നമ്മെ
നിരീക്ഷിക്കുകയാവും.


നമുക്കതിനെന്താണ്
ദൈവം ജനിച്ചനാള്‍ മുതല്‍
അത്യുന്നതയിലിരിക്കുന്നവന്‍റെ കീഴെ
വിശുദ്ധരായി
തുണിയഴിക്കുന്നവരാണ് നാം.


ഫോക്കസ് ചെയ്യപ്പെടുന്ന
നീണ്ട ദൂരദര്‍ശ്ശിനിക്കുഴലിന്‍റെ
വട്ടത്തില്‍
നിന്‍റെ
ഇളം മഞ്ഞ മുലകള്‍
കക്ഷത്തിലെ രോമങ്ങള്‍
ചന്തികള്‍ ...
മേഘങ്ങള്‍ വിറയ്ക്കുന്നു..
ശരണം വിളികള്‍
വെടിവഴിപാടുകള്‍...


പുതിയ ആപ്പിള്‍ റിലീസ്ചെയ്യുന്നു.
ചുറ്റും കൂടിയവര്‍
ജാതി ചോദിക്കുന്നു
ഭക്ഷണത്തിന്‍റെ പേരു ചോദിക്കുന്നു
തെറ്റുകളെ നിരത്തുന്നു.
വെടിയുതിര്‍ത്തുന്നു..


നാമുമ്മ വെക്കുന്നു..
ഇതിനു മുന്‍പൊരിക്കലും
ഇത്രയും നഗ്നരായിരുന്നില്ലാത്തതിനാല്‍ മാത്രം
നാമുമ്മ വെക്കുന്നു..

No comments:

Post a Comment