വയനാടന്‍

Friday, October 2, 2015

രണ്ടു ഞണ്ടുകള്‍


എന്‍റെ പ്രണയം
നിന്‍റെ ഉടലിറച്ചിയില്‍
ആഞ്ഞു കൊത്തിയ
കഴുക ചുണ്ടാണ്!

ഉരസി തേഞ്ഞു പോയതെങ്കിലും
മുറിവേല്‍പ്പിക്കുന്നത്‌.

ഒരുമിച്ചിരിക്കുന്ന
വെയില്‍  നേരങ്ങളെ
അതിവിശുദ്ധതയെന്നു
നീ തെറ്റി വായിക്കുമ്പോള്‍
നിന്‍റെ
ഇടത്തെമുലയുടെ
ഹെയര്‍പിന്‍ ചെരുവില്‍
ഞാന്‍ വിയര്‍പ്പു
കാറ്റു കൊള്ളുന്നു.

നീയൊരു മൌനത്തെ
കെണിച്ച് വെക്കുമ്പോള്‍
പ്രണയാര്‍ബുദിതനെന്ന വ്യാജേനെ
നിലവിളിച്ച്
പുക്കിള്‍ തടാകത്തില്‍
നീന്തി മലര്‍ക്കും.
നിന്‍റെ ഓരോ ഇടുക്കുകളിലും
ഇടിച്ചു തകരും.

കുമിള ഗവേഷകയായ
നിന്‍റെ മുറിയില്‍
നിറയെ മഴവില്ലുകളാണ്
മോര്‍ച്ചറി കാവല്‍ക്കാരനായ
എന്‍റെ മുറിയില്‍
ജീവനൂരി പോയ
കുറെയുടലുകളും.

ഞാന്‍ ശരീരങ്ങളുടെ
കാവല്‍ക്കാരനാണ്
നീ മഴവില്ലുകളുടെയും

എങ്കിലും നമ്മള്‍
രണ്ടു ഞണ്ടുകള്‍
എങ്ങിനെ പ്രണയിക്കുമെന്ന്
കണ്ടെത്തുകയാണ്.

Wednesday, May 20, 2015

ബാഗ്‌ പൈപ്പര്‍

എത്ര തേവിയാലും ശവം വറ്റാത്ത
ഗംഗയുടെ അടിവയറിനെ ധ്യാനിക്കുമ്പോള്‍
വെസര്‍ നദിയുടെ കാമുകന്‍
ഹാംലിന്‍ ,
വോൺ ഗോയ്‌ഥേയുടെ കയ്യില്‍ തൂങ്ങി
ചരിത്രം വില്‍ക്കുന്നൊരു കുട്ടിയെ പോലെ
യാദൃശ്ചികമല്ലെന്നയുറപ്പിലൂടെ
നടന്നുവരുന്നു

ദളിത് യോനികളില്‍
ഇരുമ്പു കമ്പികള്‍
ജാതി കൊടികളുയര്‍ത്തന്നതറിയാതെ,
വയല്‍ വഴികളെല്ലാം തെറ്റിയ
വിശപ്പുകളെയറിയാതെ..
ഒരാളപ്പോള്‍ യാത്ര പോകുന്നു...
പിന്നെയും യാത്ര പോകുന്നു...

യാത്രകളെല്ലാം
ചരിത്രമാകുമെന്ന പെരുമ്പറകള്‍
കൊട്ടികൊണ്ടേയിരിക്കുന്നൊരു നാട്ടില്‍
വാഗ്ദാനങ്ങളുടെ പെത്തഡിനിലേക്ക്
ഓരോ ചെവിയും അടിമപ്പെടുമ്പോള്‍
വിശക്കുന്നവരെല്ലാം എലികളാവും

നിറമുള്ള മേല്‍ക്കുപ്പായങ്ങള്‍
ഭംഗിയില്‍ വെട്ടി നിറുത്തിയ താടി രോമങ്ങള്‍
പ്രിയപ്പെട്ട ആയുധമായ കുഴല്‍
അതെ, എല്ലാം കൃത്യമാണ്
അയാള്‍ തന്നെ
ഹാംലിനില്‍ നിന്ന്
കോപ്പല്‍ ബെര്‍ഗ് മലയിലേക്കു
കുഴലൂതി പോയ
പട്ടു കുപ്പായക്കാരന്‍ ....

പക്ഷെ കുഴലൂത്തുകാരാ
നിന്‍റെ ചരിത്രത്തിനു വേണ്ടി
നീയെത്ര ഭംഗിയായാണ്
ഞങ്ങളെ മായ്ച്ചുകളയാന്‍
ശ്രെമിച്ചു കൊണ്ടിരിക്കുന്നത് ...

Monday, May 11, 2015

മതമെന്നൊരു കാലത്ത്

“ഒരു ഷെല്ലു വിരിയുന്ന പൂന്തോട്ടമേ
നിന്‍റെ പുറം ചന്തിയിലേത് രക്ഷകനെയാണ്
പച്ചകുത്തിയതെന്നൊരു ..”
കാമുകിയെ വര്‍ണ്ണിച്ചേക്കാവുന്ന
കവിത ഏതു നിമിഷവും പ്രതീക്ഷിക്കപ്പെടുമ്പോള്‍ .


പൂത്തേക്കുമെന്നുള്ളൊരു വസന്തത്തില്‍
നിറം ചേര്‍ക്കേണ്ടുന്ന ശലഭങ്ങള്‍ക്കൊക്കെയും
പല”ജാതി” കൊമ്പുകള്‍ ചേര്‍ത്ത്
വേര്‍തിരിച്ചെടുക്കുന്നതെത്രയെളുപ്പമെന്നു
തീ വെന്തു പാകമായൊരു വേനല്‍ക്കാലത്ത്
ആരും ആരെയും പഠിപ്പിക്കേണ്ടതില്ലാത്ത പോലെ,
ഓരോ തല്ലിക്കൊഴിക്കലിലും
ഊറിയതുറുമ്പുണ്ടതെല്ലാം
ഓറഞ്ച് പച്ച വെള്ള
എന്നെളുപ്പത്തില്‍ മണത്തെ
തരംതിരിച്ചെടുക്കുമായിരിക്കും.

തടവറ ചുമരുകളിലുരച്ച്
മനുഷ്യരെല്ലാം നഖത്തിന് മൂര്‍ച്ച കൂട്ടും .
തെരുവിലെ നിറമറിയാത്ത കുഞ്ഞുങ്ങളെല്ലാം
ആരാന്‍റെ വേലിയിലെ ഓന്തിനെപ്പോലെ
ഏറു കൊള്ളുമായിരിക്കും.
അല്ലെങ്കില്‍ , നമ്പര്‍ ബോര്‍ഡുകളില്ലാത്ത വണ്ടികളില്‍
നക്ഷത്രങ്ങള്‍ വന്നു മായ്ച്ചുകളയുമായിരിക്കും.

Saturday, March 21, 2015

ദേവി പശുവേ .!



തീ പിടിച്ചു തുടങ്ങിയ വീട്ടില്‍
പേരു തുന്നിയ ഉടുപ്പിന്‍റെ
ലേലം വിളികള്‍ നിറയ്ക്കുന്നുണ്ടെങ്കിലും
അടുക്കളക്ക് പൂച്ചമണമാണ്.



അച്ഛന്‍ രാവിലെ പോത്തിനെ തീറ്റാന്‍ പോയതാണ്
കഴിഞ്ഞ വാവിന്‍റെ പിറ്റേന്ന്
മേത്തറുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണതിനെ.
അന്നതിന് ഒടിഞ്ഞ വാലും
നിറയെ വാരിയെല്ലുകളുമുണ്ടായിരുന്നു.



അന്നത്തെ വാവിനും അതിനു മുന്‍പത്തെ
വാവു പോലെ തന്നെയായിരുന്നു.
തികഞ്ഞില്ല!
ചങ്കും കരളും കിട്ടാത്തതിന്
കണാരേട്ടന്‍ മിണ്ടാതെ നടക്കുകയാണിപ്പോഴും..

രാത്രിയിലേക്ക്‌ കാര്‍ന്നോന്മാര്‍ക്ക്
വെക്കാനെന്നും പറഞ്ഞ്
മൂന്നുകിലോ തുടയിറച്ചിയും
കുഞ്ഞോന്‍റെ ഒന്നരകുപ്പി നാടനും
കൊണ്ടോയ തോട്ടത്തിലെ രാജീവന്‍
ഇക്കൊല്ലം വെട്ടും പങ്കിടലും വേണ്ടാന്നു
അച്ഛനോട് മുന്നറിയിപ്പുണ്ട്..
“അമ്മേ പശുവേ” എന്നൊരു ജാഥയില്‍
അവനുണ്ടാര്‍ന്നത്രേ മുന്നില്‍.!


അച്ഛന് വാരിയെല്ല് കാണാത്ത പോത്തുണ്ട്.
മുലയുരുണ്ട മൂന്നു മക്കളും.
ഒന്നിന്‍റെ മുലയിലും,തുടയിലും
കറുപ്പിനും ചുവപ്പിനുമിടയിലെ
നിറം കൊണ്ടുള്ള കുത്തിവരകളാണ് .
ഇടവഴി ചെരുവിലൊളിച്ചിരുന്നൊരുത്തന്‍
പെണ്ണെന്നെഴുതി പഠിച്ചതാണ്
തെറ്റിയെന്നാരും പറഞ്ഞില്ല..


“പോത്ത് ഈ വീടിന്‍റെ ഐശ്വര്യം”
എന്ന ബോര്‍ഡ്‌ വീട്ടില്‍ തൂക്കണമെന്നു പറഞ്ഞത്
അവളുടെ നീറ്റല്‍ ഉണങ്ങും മുന്‍പാണ്.
വാവെത്തിയാല്‍ അച്ഛനും പോത്താണ് ദൈവം.
നാലുകാലും കെട്ടി തൊമ്മന്‍ ചേട്ടന്‍
മെഴുക്കും മുന്നേ പോത്തിന്‍റെ വരിയെടുത്തതിനാല്‍
ഞങ്ങള്‍ക്കും പോത്തൊരു ദൈവം.

തീ പിടിച്ച വീടാണ്,
മത പഠനങ്ങളുണ്ട് ഇരുട്ടു മുറികളില്‍
തുടയുരഞ്ഞ നീറ്റലില്‍
അധ്യാപകന്‍റെ അരകെട്ടിലേക്ക് മുഖം ചേര്‍ക്കപ്പെടുമ്പോള്‍
ശ്വാസംമുട്ടുന്ന കുട്ടിയുടെ കണ്ണുകള്‍
ഇരുട്ടു മുറിയില്‍ ദൈവത്തെ തപ്പും
ഒരു സ്ഖലന വിറയലിനോടുക്കം
ദൈവം കുട്ടിയെ രെക്ഷപെടുത്തുകയും
കുട്ടി ദൈവവിശ്വാസി ആവുകയും ചെയ്യുന്നു.

Thursday, March 5, 2015

പമേലിയ



അതെനിക്കറിയാവുന്നത് തന്നെയാണ്.
ഇനിയും നീയതിനെക്കുറിച്ചു പറഞ്ഞീ വൈകുന്നേരത്തെ
ഇരുട്ടിലേക്ക് പറഞ്ഞു വിടാതെ.
നോക്കു ,ഈ പോബ്ലാര്‍ മരങ്ങളോട്
കാറ്റു പറഞ്ഞു ചിരിക്കുന്നത്.
നമ്മളെ കുറിച്ചല്ലെങ്കില്‍ പിന്നെയാരെയാണ്?

പമേലിയ എന്‍റെ പ്രേമമേ...
ഒരു കാമുകിക്ക് കത്തെഴുതുമ്പോള്‍
അവളുടെ തടിച്ച ചന്തിയെക്കുറിച്ചല്ല
വര്‍ണ്ണിക്കപ്പെടേണ്ടതെന്നെനിക്കുറപ്പുണ്ട്.
പക്ഷെ പമേലിയ.., നിന്‍റെ പിന്‍ഭാഗമൊരു
ഗോളാകൃതിയിലുള്ള അക്വേറിയമാണ്!
അതില്‍ ചെകിള ചുവപ്പനും,നെറ്റിയില്‍ പൊട്ടനും
തുള്ളി തുളുമ്പുകയാണ്.


എന്‍റെ നിശ്വാസമൊന്നുകൊണ്ടുമാത്രം
പൈന്മരങ്ങളെ പോലെ വന്യമാകുന്ന
നിന്‍റെ വലതു ചെവിക്കരികിലെ
കുഞ്ഞു തോട്ടങ്ങങ്ങളില്‍ നടക്കാന്‍ പോകാന്‍
ഇതാ എന്‍റെ വിരലുകള്‍ വെമ്പല്‍ കൊള്ളുന്നു.
പ്രിയപ്പെട്ട പമേലിയ നീയി വൈകുന്നേരത്തെ
ഇരുട്ടിലേക്ക് പറഞ്ഞു വിടാതെ ...


നമുക്കീ സന്ധ്യയിലൂടെ പോബ്ലാര്‍ മരങ്ങളെ കടന്ന്
വിയോമയിയുടെ വയലിലേക്കു പോകാം
അവിടെയിപ്പോള്‍ ഇമോവാ നദിയില്‍ നിന്നും
കയറി വരുന്ന പിശറന്‍ കാറ്റിനെ
നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍ കനല്‍ കൊള്ളിക്കാം.