വയനാടന്‍

Wednesday, June 4, 2014

പോടെംകിന്‍ ബാറ്റില്‍ഷിപ്പ്

പ്രിന്‍സ്‌ പോടെംകിന്‍ താവ്റിച്ചേസ്കി
എന്ന പടകപ്പലിന്‍റെ ഡെക്കില്‍
ഗാട്ടുകളുടെ തോക്കിന്‍ മുനയില്‍
ഒരു കൂട്ടം നാവികര്‍ മുട്ടുകുത്തി നില്‍ക്കുമ്പോള്‍
സാറിന്‍റെ ചിഹ്നമായ കഴുകന്‍
കപ്പലിന്‍റെ മുന്‍ഭാഗത്ത്
തിരകളെ ക്രൂരമായി
കൊത്തിയെറിയുന്ന തിരക്കിലായിരുന്നു .


റഷ്യയിലെ തെരുവുകളില്‍ ഒരു ചെറുതിര
കാറ്റിനെ തേടുകയായിരുന്ന
ഏതാണ്ടതേ കാലത്തിലാണ്
സീനിയര്‍ ഓഫീസര്‍ ഗില്‍യാറോവ്സ്കി
പടകപ്പലിന്‍റെ ഡെക്കില്‍ വെച്ച്
ഗാട്ടുകളോട് "ഫയര്‍" എന്ന് അലറിയത്.


തോക്ക് ചൂണ്ടി നില്‍ക്കുന്ന ഗാട്ടുകളുടെ
ഹൃദയത്തിലേക്ക് നിര്‍ഭയനായി
"സഖാക്കളെ" എന്നൊരു വാക്ക്
വാക്കുലിന്‍ തറച്ചു വെക്കുമ്പോള്‍
ഹൃദയങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന
ഒരു കവലയില്‍ വെച്ച്
ഞരമ്പുകള്‍ തമ്മില്‍ സംസാരിക്കുകയും
ചോരയും വിപ്ലവവും
ചുവപ്പാണെന്നു വളരെ വേഗം
കണ്ടെത്തുകയും ചെയ്യുന്നു .


താഴ്ത്തപെട്ട തോക്കുകളില്‍
നിശ്ചലമാക്കപെട്ട ഗാട്ടുകളോട്
ദൈവത്തിനെ പേടിക്കണമെന്ന്
കുരിശു നീട്ടി ഓര്‍മ്മപ്പെടുത്തുന്ന
പുരോഹിതനെ, വാക്കുലിന്‍
തറയിലേക്ക് എറിയുമ്പോള്‍
കപ്പല്‍ പതാകയിലെ ആന്‍ഡ്രൂ പുണ്യാളന്‍
വിപ്ലവമെന്നാല്‍ യുദ്ധമാണെന്ന്
സാറിന്‍റെ കഴുകന്‍ ചിഹ്നത്തോട് പറയുന്നുണ്ട് .


"ഒരു സ്പൂണ്‍ ഇറച്ചി കറിയെ ചൊല്ലി "
എന്നൊരു വാചകം സമരനായകനും ,രക്തസാക്ഷിയുമായ
വാക്കുലിന്‍റെ ശവക്കല്ലറയില്‍
നിങ്ങള്‍ പിന്നീട് കണ്ടെത്തുമ്പോള്‍
ജീവിച്ചിരിക്കുന്ന നാവികരുടെ ഓര്‍മ്മയിലേക്ക്‌,
'പ്രിന്‍സ്‌ പോടെംകിന്‍ താവ്റിച്ചേസ്കി '
എന്ന പടകപ്പലിന്‍റെ അടുക്കളയില്‍
സൂക്ഷിച്ചിരുന്ന ഇറച്ചിയില്‍ നിന്നും
വലിയ പുഴുക്കള്‍ നുളച്ചു നുളച്ചു ഇറങ്ങും.
നെഞ്ചില്‍ തടയപെട്ട റൊട്ടി കഷ്ണങ്ങള്‍
വീണ്ടും ചര്‍ദ്ദിക്കപെടും ,


വിപ്ലവമെന്നാല്‍ ജീവിതമാണെന്ന്
വീണ്ടും വീണ്ടും നിങ്ങള്‍
ചരിത്രത്തോട്‌ പറഞ്ഞു കൊണ്ടിരിക്കും.

No comments:

Post a Comment