വയനാടന്‍

Thursday, June 5, 2014

തനിച്ചാവുന്ന ചില തണലുകള്‍



ചിരട്ടകളില്‍ അരിയും ,പഞ്ചസാരയും
നിറയ്ക്കുന്നതിനിടയില്‍
ഒന്നും മിണ്ടാതെ നീ ഓടിപോയത്
ഏതോ ഒരു ഋതു മാറ്റത്തിലേക്കായിരുന്നെന്ന്
വീടും കടയും അനാഥപെടുകയും,
കപ്പിലാവിന്‍ തണല്‍
പിന്നീട് വെയില്‍ മേടിക്കുകയും ചെയ്തപ്പോഴാണ് .
ഞാന്‍ തിരിച്ചറിഞ്ഞത്‌ .

പിന്നീടൊരിക്കലും
നിന്‍റെ ചുവന്ന ബെറ്റികോട്ട്
കറുപ്പിലേക്ക് നടന്നു തുടങ്ങിയ
രോമങ്ങള്‍ വരിയിട്ട തുടകളെ
എനിക്ക് കാണിച്ചു തന്നിട്ടില്ല .
നിഴലിനെ പോലെ
നടക്കാന്‍ പഠിക്കുകയായിരുന്നു നീയപ്പോള്‍ .



ഞാന്‍ ആണായെതെന്നോ,
നീ പെണ്ണായെതെന്നോ
കപ്പിലാവിന്‍ തണല്‍ എന്നോടൊരിക്കലും
പറഞ്ഞു തന്നിട്ടില്ലെങ്കിലും
മഴ നനഞ്ഞ് സ്കൂളിലേക്ക് പോകുന്ന വഴി,
നമ്മുടെ കണ്ണുകളില്‍
രണ്ടു കൊളുത്തുകള്‍
തുന്നി ചേര്‍ത്ത് തന്നത്
ഞാന്‍ ഓര്‍ക്കുന്നുണ്ട് .

തനിച്ചിരികുമ്പോള്‍
ഹൃദയങ്ങളില്‍ നിന്നും
തൊലിപ്പുറത്തേക്ക് ചില ആവേശങ്ങള്‍
സഞ്ചരിക്കുന്നത്‌
അതീവ രെഹസ്യമായി
നാം ആഘോഷിച്ചിരുന്നു.
അപ്പോഴൊക്കെ ഞാന്‍ നിന്നെയും
നിന്‍റെ പുതിയ ചില വളര്‍ച്ചകളെയും
സ്വപ്നം കാണുമായിരുന്നു
നീയും കണ്ടിരിക്കണം.

ആള്‍ക്കൂട്ടത്തില്‍ ഒറ്റപെടാന്‍
നാം പതിയെ നടക്കാറുണ്ടായിരുന്നു.
അപ്പോഴൊക്കെ വിരലുകള്‍
കോര്‍ത്തിടാന്‍ നീ തിടുക്കപെടും.


ചുണ്ടുകളില്‍ ഉമ്മകള്‍
ചുവന്നു പഴുക്കുമ്പോഴെല്ലാം
നിലാവുകളിലേക്ക് ജനാലകള്‍ തുറന്ന്
അവയെ കൊതിയോടെ പറിച്ചെടുത്തു
നീ ഉറങ്ങാന്‍ പോകും .




വളവുകളില്‍ ഒരൊറ്റ കുടയുമായി
ആരും കാണാതെയെത്ര മഴകള്‍
നാം നടന്നു തീര്‍ത്തിരുന്നു.
മഴയിലെത്ര ജൂണുകള്‍
പിന്നീടൊഴുകി പോയിരിക്കും .
ഓര്‍മ്മയുടെ കാഴ്ച്ചയില്‍
മൂടല്‍ മഞ്ഞു വീഴ്ച്ചയാണ്.

ഇടിയുള്ള ഒരു മഴയിലെവിടെയോ
വെച്ചായിരുന്നു
ഞാന്‍ നിന്നില്‍ നിന്ന് ഒലിച്ചു പോയത്.
വാക്കുകളില്ലാതെ ,
പിന്നിലേക്ക്‌ ഓടി പോകുന്ന
കാഴ്ച്ചകള്‍ക്കൊപ്പം
നീയുമുണ്ടായിരുന്നു .

നാട്ടിലെ കശുമാവിന്‍ ചുവട്ടില്‍
ഇപ്പോഴും ഒരു തണല്‍
നിനക്ക് കൂട്ടിരിക്കുന്നുണ്ടാവുമോ ?
നിന്‍റെ നിലാവുകളില്‍

പിന്നീടെപ്പോഴെങ്കിലും
സ്വപ്‌നങ്ങള്‍ ജനലുകള്‍ തുറന്നിട്ടുണ്ടാവുമോ ..?
ഞാന്‍ ഓര്‍ക്കാറില്ല ..!

No comments:

Post a Comment