വയനാടന്‍

Thursday, July 10, 2014

തിരഞ്ഞു പോകുന്നവര്‍

പുഞ്ചിരികളില്‍ ഒളിച്ചു കടത്തപെടുന്ന
നിലവിളികളിലെല്ലാം
ജീവിതമിങ്ങനെയൊക്കെയാണ്
എന്നൊരു സ്റ്റിക്കറോ ,ബാര്‍കോഡോ
കാലം ഒട്ടിച്ചു വെച്ചിട്ടുണ്ട് !
ഒളിക്കപ്പെടാന്‍
വിജനമായൊരുതെരുവുപോലും
കാത്തിരിക്കുന്നില്ലെങ്കിലും
തിരച്ചിലും ഓട്ടവും അവസാനിക്കാറേയില്ല.


പക്ഷെ ,
ലോകത്തില്‍ നിന്ന് തന്നെ മുറിച്ചിട്ട
ഇറച്ചി കഷണങ്ങളെ
റോഡു വക്കിലോ ,കടത്തിണ്ണയിലോ വെച്ച്
ഒരു മുഷിഞ്ഞ നാറ്റമോ,
അല്ലെങ്കില്‍ നഗ്നതയിലൊട്ടിച്ച ഒരു ദ്വാരമോ
പരിചയപെടുത്തുമ്പോള്‍
ഒരാശ്വാസത്തെ
അല്പനേരത്തേക്കെങ്കിലും
ചുറ്റി പറ്റി നടക്കാന്‍ നിങ്ങളെ പോലെ
ഞാനും അനുവദിച്ചു കൊടുക്കാറുണ്ട് .
എന്നിട്ട് വീണ്ടും വിജനമായൊരു തെരുവിലേക്ക്
നഷ്ടമായതെന്തെന്ന് തിരിച്ചറിയില്ലെങ്കിലും
ധൃതിയില്‍ അന്വേഷിച്ചിറങ്ങും .



തളര്‍ച്ചയില്‍ ഊര്‍ന്നു പോയയുറകള്‍
പിന്നിട്ട വഴികളില്‍ പൂത്തിറങ്ങി പോയ
പ്രണയ വസന്തങ്ങളാണെന്ന്
ഓരോ തവണയും ആണയിടും
കഴിഞ്ഞു പോകുന്ന വളവിലോ തിരുവിനോ ശേഷം
തെറ്റിപോയ തിരഞ്ഞെടുക്കലില്‍ വേദനിക്കും
കടന്നു പോയ കാറ്റിനെ പിന്നെയും പിന്നെയും
തിരഞ്ഞു കൊണ്ടിരിക്കും.
പണ്ടത്തെയത്ര വീര്യമില്ലാത്ത
ഓ സി ആര്‍ റമ്മിനെ പ്രാകി കുടിക്കും
എന്നിട്ട് വിജനമായ നഗരത്തിലെ
തിരക്കുള്ള വേശ്യയുടെ
സദാചാര സ്റ്റാട്ടസുകള്‍ വായിക്കാന്‍ പോകും .



ഉറക്കത്തില്‍ അമ്മയെ ഓര്‍മ്മവരുമ്പോള്‍
ഒന്നുകൂടെ ചുരുങ്ങി പോകുന്നു .
അറിയാതെ വേശ്യയുടെ മുലകള്‍ ചുരത്തപെടും
തീര്‍ച്ചയായും അവളും ഒരു സ്വപ്നത്തിലായിരിക്കണം
കുഞ്ഞിനെ താലോലിക്കുകയും
ചേര്‍ത്തുപിടിക്കുകയും ചെയ്യുമ്പോള്‍
നഷ്ടപെട്ടെതെന്താണെന്ന്
ഉറക്കത്തില്‍ മാത്രം
എല്ലാവരും തിരിച്ചറിയപെടുന്നുണ്ടാവണം.



പകല്‍ നേരത്തെ തെരുവിലേക്ക്
എഴുന്നേറ്റു പോയിരിക്കുന്നു .
മുഷിഞ്ഞു ചിതറികിടക്കുന്ന
തെരുവ് കഷ്ണങ്ങളില്‍ നിന്നും
പൊള്ളിയ പാടുകളുമായി
മകനെ വേശ്യ കണ്ടെടുക്കുന്നു
പിച്ച ചട്ടിയില്‍ ഒട്ടി പോയ ശുഷ്കിച്ച
കയ്യടര്‍ത്തിയെടുക്കുമ്പോള്‍
അമ്മയെ അയാളും കണ്ടെടുക്കുന്നു.

No comments:

Post a Comment