വയനാടന്‍

Sunday, July 13, 2014

നീല കസേരകള്‍

ഇതിനു മുന്‍പ്
കാലുകളുമായി കസേരകള്‍
വീട്ടിലേക്കു വന്നത്
ഒരു ദുഃഖ വെള്ളിയാഴ്ച്ചയായിരുന്നു.
"ഇനി എനിക്ക് തണുക്കുമെന്നു" പറഞ്ഞ അനിയനെ
രണ്ടാം നാള്‍ പുഴ
കരയിലെടുത്തു വെക്കുമ്പോളായിരുന്നത് .



അന്നും ഒരു നീല ടാര്‍പ്പായ ഉണ്ടായിരുന്നു
ചുവപ്പും നീലയും കസേരകള്‍ ,
ഗ്യാസ് സിലിണ്ടര്‍
മൂന്നു ട്യൂബ് ലൈറ്റ്
എല്ലാറ്റിനും ഇടയിലൂടെ
ഒരമ്മക്കരച്ചില്‍ കയറ്റിറക്കത്തോടെ
വരുമായിരുന്നു
എനിക്കിപ്പോള്‍ കാണണമെന്നൊരു വാശി
തളര്‍ന്നു തളര്‍ന്നു പോകുമ്പോഴെല്ലാം
പൊട്ടി ചിതറുന്ന അടക്കി പിടുത്തങ്ങള്‍
വീടിനു ചുറ്റിലും അലഞ്ഞിരുന്നു



പക്ഷെ ഈസ്റ്ററിനു അവന്‍ വരുമെന്നു
സാമ്പ്രാണി പുകയില്‍
നോക്കി നോക്കി ഇരിക്കുമ്പോള്‍ തോന്നുമായിരുന്നു.
ചിലപ്പോള്‍ ആ ഈസ്റ്ററിനു
കര്‍ത്താവും ഉയിര്‍ത്തു കാണാന്‍ വഴിയില്ല.
രണ്ടാളും കൂടെ മുട്ടന്‍ ക്രിക്കെറ്റ്‌ കളിയായിരുന്നിരിക്കും .




പിന്നെ കസേരകള്‍ വീട്ടില്‍ വരുമ്പോള്‍
അതെ നീല ടാര്‍പ്പായ
ആകാശം മറച്ചു കാത്തിരുന്നിരുന്നു.
അമ്മ ചിരിച്ചോണ്ടായിരിക്കും ,
ശെരിക്കും നോക്കിയില്ല.
അന്നുമുണ്ടായിരുന്നു ചുറ്റും
വിറയ്ക്കുന്ന കൈകളും ,വാക്കുകളും
അനിയന്‍ പേരമരമായി
പഴുത്ത് നില്‍ക്കുന്നതിന്‍റെ ചുവട്ടിലെക്കാണ്
കിണ്ടിയും വെള്ളവുമായി
ശാന്തിക്കാരന്‍ നടന്നത് .
അമ്മ ഒരു തുളസി മരമായി !



അച്ഛന്‍റെ കല്യാണത്തിനും
അതെ നീല കസേരകള്‍
നീല ടാര്‍പായ ..

No comments:

Post a Comment