വയനാടന്‍

Friday, July 18, 2014

വെയില്‍ കാഴ്ച്ചകള്‍


മഴയിലൂടെ നടന്നാല്‍ എത്തുന്ന
രണ്ടാമത്തെ വീട്ടിലാണ്‌
ആദ്യം വെയില്‍ മുറ്റമടിക്കുന്നത്.
പിന്നെ പടിഞ്ഞാറേയിലെ
ചേടത്തിയുടെ വീട്ടിലേക്കു പോകും.

മുഴുത്ത യൌവ്വനങ്ങളെ
കുടത്തിലൊളിപ്പിച്ച്
ഫ്ലാഷ് ന്യൂസുകള്‍
പ്രക്ഷേപണം ചെയ്യുന്ന
പഞ്ചായത്ത് കിണറരികെ
കറവ വറ്റിയൊരു പശു
തിന്നാലും തിന്നാലും നിലവിളിക്കും.
വെയിലിനപ്പോള്‍ നട്ടുച്ചയാവും.
"കഞ്ഞിക്ക് വെള്ളമില്ലെടി ഒരുമ്പോട്ടോളേ"
എന്നൊരു തെറി വിളി
കാറ്റ് കൊണ്ട് വരുമ്പോള്‍
എളിയിലേക്കുറപ്പിക്കുന്ന കുടങ്ങള്‍
നിതംബത്തില്‍ താളമിട്ടു നടക്കാന്‍ തുടങ്ങും .

പോകുന്ന പോക്കില്‍
നട്ടുച്ചയെ വാരികളയാന്‍
ചൂലുമായെഴുന്നേറ്റു വരുന്നവളുടെ
വിരലുകളില്‍ ചിരി കൂട്ടി പിടിച്ച്
ഉറക്കം കുറവാ ,ല്ലേ ?
എന്ന് ചോദിക്കുമ്പോള്‍
തനിച്ചൊരു മുറിയില്ലാത്തതിനു
വിരലാണെന്ന് തോന്നുന്നു ഒരു കൊഞ്ഞനം കുത്ത് .

കുടമിറക്കുമ്പോള്‍
നനഞ്ഞ വിറകില്‍ പുകഞ്ഞു ,
പുകഞ്ഞിരുപ്പുണ്ട്‌ ഒരൊറ്റമുറി വീട്
കലം വെക്കാതടുപ്പ് പുകക്കുന്നത്‌
ഒറ്റമുറിയാണേലും തീയും പുകയുമുണ്ടെന്നു
കാറ്റിനെയൊന്നു കാണിക്കാനാണ്

മഴയിലൂടെ നടന്നാല്‍ കാണുന്ന
രണ്ടാമത്തെ വീടിന്‍റെ തണലിലൂടെ
വെയില്‍ തിരിച്ചു പോകുമ്പോള്‍
ആടിയാടി ഒരു സഞ്ചി
ഒറ്റമുറിയിലേക്ക്
തളര്‍ന്നു വീഴുമ്പോളുയരുന്ന
"താന്‍ മുടിഞ്ഞു പോകുമെടോ "
എന്നൊരു നിലവിളി
വെയിലു കാണാതെയവള്‍
മൂടി വെക്കും .

No comments:

Post a Comment