ഈ കത്ത് താങ്കള്‍
വായിക്കുമോ
എന്നെനിക്കിനിയും ഉറപ്പില്ല
ഇതില്‍ സ്റ്റാമ്പ് ഒട്ടിച്ചിട്ടില്ല;
വിശന്നപ്പോള്‍
മറന്നു പോയതാണ്.
വായിച്ചാല്‍ തന്നെ
എന്നെ തിരിച്ചറിയുമോ
എന്ന എന്‍റെ ഭയം
നിങ്ങള്‍ അറിയാതിരിക്കാന്‍
മാലാഖമാരോട്
അപേക്ഷിക്കുന്നു.
അതെ ,തെരുവിന്‍റെ
ഏറ്റവും ഇടതു ഭാഗത്തുള്ള
മദ്യവില്‍പന ശാലയുടെ
മുന്നിലുള്ള തെരുവ് വിളക്കിന്‍റെ
ചുവട്ടില്‍ തന്നെയാണ്
ഞാനിപ്പോഴും താമസിക്കുന്നത് .
കുടിച്ചു ലക്ക് കെടുമ്പോള്‍
ഭാര്യമാരെ ഓര്‍ത്ത്
പ്രേമപരവശരായ
ചില ഭര്‍ത്താക്കന്മാര്‍
എനിക്ക് നേരെ കൈകള്‍
നീട്ടുന്നതും അരികിലെക്കെത്തും
മുന്‍പേ കാറ്റില്‍ തട്ടി വീഴുന്നതും
താങ്കള്‍ ശ്രെദ്ധിച്ചിട്ടുണ്ടാവില്ല.
എങ്കിലും,
വീഴും മുന്‍പേ
ചില തുട്ടുകള്‍ അവര്‍
സ്നേഹത്തോടെ എറിയാറുണ്ട്.
ഓ,അത് സ്നേഹമാണോ എന്തോ ?
കുടിക്കാന്‍ വരി നില്‍ക്കുന്നവരുടെ
സ്വബോധമുള്ള നോട്ടമുണ്ടല്ലോ,
അങ്ങയോടു ഞാന്‍ തുറന്നു പറയട്ടെ
ഇറച്ചി കടകള്‍ക്ക് മുന്‍പിലെ
നായകളെ പോലെയാണത്.
എന്‍റെ ഓരോ രോമവും
പിഴുതു പറിക്കുകയാണ്
എന്ന് തോന്നി പോകാറുണ്ട്
പക്ഷെ എന്തോ ,
അങ്ങയുടെ അന്നത്തെ
നോട്ടമുണ്ടല്ലോ
അതെന്‍റെ മുലകളെ
ഒരു മൊട്ടിനോട് വിരിയാന്‍
വണ്ട് ആവിശ്യപെടുന്ന
പോലെയാണെനിക്ക് തോന്നിയത്.
ഓ ഞാനിതെന്തോക്കെയാണ്
പറയുന്നത് .
ദൈവമേ അടുത്ത പെരുന്നാളിന്
മുട്ടിലിഴഞ്ഞു കൊള്ളാമെ .
ഞങ്ങളുടെ രാജ്യം ചന്ദ്രനില്‍
അടുത്ത ദിവസം ആധിപത്യം
ഉറപ്പിക്കുമത്രേ ;
മാന്യമായി വസ്ത്രം ധരിക്കുന്ന
ആ തടിയന്‍ പറയുന്നത് കേട്ടതാണ്
(അയാളുടെ മുറിയില്‍ നിന്നൊരു
പയ്യന്‍ കരഞ്ഞു കൊണ്ടോടി പോയെന്നു
ആ തൂപ്പുകാരി കഴിഞ്ഞ ദിവസം
പറഞ്ഞിരുന്നു )
എന്‍റെ പേടി എന്താണെന്ന് വെച്ചാല്‍
നിലാവും കൂടെ
ഭരണ കൂടങ്ങള്‍ കയ്യടക്കിയാല്‍
തെരുവിന്‍റെ ഇരുട്ടില്‍
ഞാന്‍ എവിടെ എന്നെ
ഒളിപ്പിച്ചു വെക്കും എന്നതാണ് .
പക്ഷെ ഞങ്ങളുടെ
പ്രധാനമന്ത്രി പറഞ്ഞത്
ഇതൊരു അഭിമാന നിമിഷം ആണെന്നാണ്.
ഞാന്‍ അപ്പോള്‍
അറിയാതെ നോക്കിയത്
എന്‍റെ ഉടുപ്പൊപ്പിയെടുത്ത
ഋതുമാറ്റങ്ങളുടെ കറകളെയാണ്
താങ്കള്‍ ഇനിയെന്നാണ്
ഇതിലെ വരിക .
ചിലപ്പോള്‍ ഇതിലെ
ഇനി വരികയേ ഇല്ലായിരിക്കും.
എങ്കിലും നിങ്ങളുടെ കണ്ണുകളിലെ
വസന്തം ഞാന്‍ എന്‍റെ
ഹൃദയത്തില്‍ പറിച്ചു നട്ടിട്ടുണ്ട്
പ്രിയപെട്ടവനെ ,
എന്ന് അഭിസംബോധന
ചെയ്തു ഞാന്‍ എന്‍റെ
കത്ത് നിര്‍ത്തി കൊള്ളട്ടെ .
(മിയ സിയാദ പറഞ്ഞതിന്‍ പ്രകാരം )
No comments:
Post a Comment