ഞങ്ങളുടെ വീട്ടില്‍
ഇബ്രാഹിമിന്‍റെ
കയ്യില്‍ നിന്ന് മേടിച്ച
അഞ്ച് ആടുകളുണ്ട്.
അതില്‍ മൂന്നെണ്ണം
കുട്ടികളാണ്.
വളരെ മുന്‍പ്,
ഞങ്ങളുടെ ആലയില്‍
പതിനൊന്നു പശുക്കളും
അവര്‍ക്കുള്ള
ഒരു മൂരിയും ഉണ്ടായിരുന്നു.
അമ്പത്തേഴ് കഴിഞ്ഞുള്ള
വീതം വെപ്പിന് ശേഷം
ആല പൊളിക്കുകയും
ഭാഗം കിട്ടിയ പശുവിനെ
അടുക്കള ഭാഗത്തെ
മുരിക്കില്‍ കെട്ടുകയും ചെയ്തു.
അതിപ്പോള്‍
വാവ് കാത്തിരിപ്പാണ്
ഞങ്ങളുടെ പാടം
ഉഴുതുമറിച്ചിരുന്ന
ഇബ്രാഹിമിന്‍റെ ബാപ്പക്കാണ്
വീതം വെപ്പില്‍
മൂരിയെ കിട്ടിയത്.
ചുവന്ന കോടി പുതച്ചു
ഇബ്രാഹിമിന്‍റെ
ബാപ്പ മരിച്ചു പോയി ,
കുറെ നാളു കഴിഞ്ഞാണ്
ഞങ്ങളുടെ വീട്ടില്‍
പാര്‍ട്ടി ക്ലാസ് നടന്നത് .
പിന്നെയും,
കുറെ മുദ്രാവാക്യങ്ങള്‍
പാടത്തൂടെയും ,റോഡിലൂടെയും
ഉറച്ചു പെയ്തപ്പോള്‍
ഇബ്രാഹിം ഇടയില്‍
പള്ളിയിലോടിക്കേറി
ഞാന്‍ ആലിന്‍ ചുവട്ടിലേക്കും.
ഇപ്പോള്‍ ,
ഇന്ത്യയുടെയും ,
പാക്കിസ്ഥാന്‍റെയും
ക്രിക്കെറ്റ് കളി വന്നാല്‍
ഞാന്‍ ഇബ്രാഹിമിനെ
ഒന്ന് നോക്കും
അവനൊന്നു ചുമയ്ക്കും .
എന്നിട്ട് , അതിര്‍ത്തികളും
ബാരിക്കേഡുകളുമുള്ള
രണ്ടു കൊടികളാവും.
ഞങ്ങളുടെ കുട്ടിക്ക്
പാല് കുടിക്കാന്‍ ആട് ,
ഇബ്രഹാമിന്‍റെ വീട്ടിലെ
ഉണ്ടായിരുന്നുള്ളൂ:
അവന്‍റമ്മാക്ക്
ദീനം വന്നപ്പോള്‍
വണ്ടി വിളിക്കാന്‍
ഞാനേ പാഞ്ഞുള്ളൂ.
എന്നാലും ,
അവനു പള്ളി കമ്മിറ്റിക്കാരും
എനിക്ക് അമ്പല കമ്മിറ്റിക്കാരും
എല്ലാത്തിനുമുണ്ടെന്ന്‍
വിശ്വാസമാണ്
ഞങ്ങളുടെ രണ്ടതിര്‍ത്തികള്‍ .
No comments:
Post a Comment