തണലില്‍ നിന്ന് ദൂരെ
നാവുണങ്ങിയ ഒരു കുട്ടി
വെയില്‍ വരച്ച നിഴലിലിനോട്
അല്ലെങ്കില്‍ അവന്‍റെ
ആടുകളോട്
പറഞ്ഞു കൊണ്ടിരുന്നു..
തേങ്ങലിനെക്കുറിച്ച്.
ചിലപ്പോള്‍ കവിളില്‍
പണ്ട് കുഴിഞ്ഞതിന്‍റെ
പാടുള്ള ഒരുമ്മയെക്കുറിച്ച്.
ഒരു പെരുങ്കാങ്ക ഇടയ്ക്കിടെ
പറന്നു വന്ന് പഴുത്ത
അത്തികായകള്‍
അവനു സമ്മാനിക്കുന്നു.
വിശപ്പിനെ കാണിക്കാതെയവന്‍
കീറിയ കീശയിലേക്കത്
കരുതി വെക്കുന്നു ..
നെഫിലീമുകളുടെയും,
കിന്നരങ്ങളുടെ പിതാവായ
യൂബാലിന്‍റെയും
കഥകളെ അവന്‍റെ
വിതുമ്പുന്ന യാത്രയിലേക്ക്
കാക്ക ചിഞ്ഞിടുന്നുണ്ട്.
കല്ലുകളുടെയും
മണല്‍ പറമ്പുകളുടെയും
ഇടയിലൂടെ..,
ഓര്‍മ്മയിലെക്കുള്ള
ഒരു പഴയ വഴിയിലൂടെ
ആടുകളെ തെളിച്ചു നടക്കുമ്പോഴും
കീറിയ കീശയില്‍ കൈകള്‍ കടത്തി
ഉറപ്പുകൊള്ളുന്നുണ്ടവന്‍.
ഭൂമിയില്‍ നഷ്ടപെട്ടത്
ആകാശത്ത് പൂക്കുന്നുവെന്ന
ഒരു കവിത പെരുങ്കാങ്ക
രാത്രിയില്‍ അവനു
പാടി കൊടുക്കുമ്പോള്‍
ഒരു നക്ഷത്രം അവനിലേക്ക്
മുല ചുരത്തുകയും
കീശയിലെ അത്തികായകളെ
കയ്യിലൊതുക്കിയവന്‍
ഉറങ്ങുമ്പോള്‍
അവന്‍റെ കണ്ണില്‍
പീശോന്‍ എന്ന നദി
ഒഴുകി മടുത്ത പാടുകളെ
പെരുങ്കാക്ക തുടച്ചു കളയുന്നു.
നടന്നു നടന്നവര്‍
കുന്നിന്‍റെ ഏറ്റവും ചെരുവിലെ
മരിച്ചു പോയൊരു
സെമിത്തേരിയില്‍
കമ്മ്യൂണിസ്റ്റ് പച്ചകള്‍
മറച്ചു വെച്ച കല്ലറയുടെ
മുറ്റത്ത് മുട്ട് കുത്തുമ്പോള്‍,
അവന്‍റെ ആടുകള്‍
പച്ചപ്പിലേക്ക് തുള്ളി ചാടുന്നു!
അമ്മയ്ക്കവന്‍ അത്തികായകള്‍
സമ്മാനിക്കുന്നു
പെരുങ്കാങ്ക കണ്ണില്‍ നിന്നും
കരടു കഴുകി കളയുമ്പോള്‍
മോനെ എന്നൊരുമ്മ
അവന്‍റെ നെറ്റിയില്‍
ചേര്‍ത്ത് വെക്കപെടുന്നതായി
അവനു രോമാഞ്ചമുണ്ടാകുന്നു.
Yesterday
No comments:
Post a Comment