ബസ്സ് സ്റ്റോപ്പുകളുടെ
എതിര്‍ വശത്തെ
പാന്‍മസാല കടയിലൊ
ചിലപ്പോള്‍ തൊട്ടടുത്ത് തന്നെയോ
കാത്തു നില്‍ക്കപെടുന്ന
ഒരു സ്വപ്നം
ചിന്തിക്കട്ടെ, എന്ന് പറയും മുന്‍പേ
ബലമായി
ഒരു യാത്രയിലേക്കു
കയറ്റി കൊണ്ട് പോകുന്നു.
സൈഡ് സീറ്റിലിരുന്നു
കാഴ്ചകള്‍ കാണുമ്പോള്‍
കാറ്റ് വരും കൂടെ കുളിരും .
ഈ യാത്ര മുഴുവന്‍ കുളിരാണെന്നും
ചേര്‍ന്ന് തന്നെയിരിക്കുമെന്നും
ആരും കാണാതെയുള്ള
ഉമ്മകളിലോ,പിച്ചലുകളിലോ
അവന്‍ പറഞ്ഞു
കൊണ്ടേയിരിക്കും..
പിന്നിലെ ഏതോ സ്റ്റോപ്പില്‍
ഒരച്ഛനും ഒരമ്മയും
കണ്ണീരു കൊണ്ട്
കയ്യും മുഖവും കഴുകി
വിശപ്പില്ലായ്മയെ
കഴിച്ചിരിക്കുകയാവുമപ്പോള്‍.
നാശങ്ങള്‍ തുലയട്ടെ
എന്ന സിനിമാ പാട്ട്
ബസിലപ്പോള്‍ പാടുന്നത്
യാത്രികര്‍ രണ്ടുപേരും
പക്ഷെ ആസ്വദിക്കുന്നുണ്ട്.
യാത്രയുടെ ആറാമത്തെ
സ്റ്റോപ്പിനു മുന്നേ തന്നെ
"നീ നടന്നോ..,"
ഞാന്‍ വന്നേക്കാമെന്നാവുന്നു.
അപ്പോള്‍ പഴയ മഴകള്‍
പെയ്യുകയും
അവന്‍ തിരക്കില്ലാതെ
കാത്തിരിക്കുന്ന
ബസ്സ് സ്റ്റോപ്പിലേക്ക്
അവള്‍ ഓര്‍മ്മയിലൂടെ
തനിച്ചു നടന്നു
പോകുകയും ചെയ്യുന്നു.
മുറിയിലെ തനിച്ചിരിപ്പിന്‍റെ
തണുപ്പിലേക്ക്
താമസിച്ചെത്തുന്നവന്
തുമ്പിയെ പിടിക്കുന്ന പോലുള്ള
പഴയ തൊട്ടു നോക്കലില്ല
ഒച്ചിഴയുന്ന പോലുള്ള
തിരച്ചിലുകളില്ല .
തിരക്കില്‍
വലിച്ചൂരപ്പെടുന്ന
അടിവസ്ത്രത്തിനടിയിലെ
ചെറിയ സ്റ്റോപ്പിലേക്ക്
ധൃതിയിലയാള്‍ പോകുമ്പോഴെല്ലാം
തൊട്ടടുത്ത ഇറച്ചി കടയിലെ
ഫ്രീസറിലെടുത്തു വെച്ചിരിക്കുന്ന
മുഴുത്ത ഒരു തുടകഷ്ണമാവുമവള്‍
ഒരിക്കലെങ്കിലും തന്‍റെ
നഗ്നതയെ അയാള്‍
ചോദിക്കുമെന്ന്
വെറുതെ, സ്വപ്നം
കാണുന്നുണ്ടപ്പോഴുമവള്‍
No comments:
Post a Comment