വയനാടന്‍

Wednesday, December 17, 2014

തടവുകളിലെ കാഴ്ചക്കാരന്‍



സത്യം പറയാമല്ലോ ഏമാനേ
ഏതു നിമിഷവും
വീഴാമെന്ന നിലയിൽ തന്നെയായിരുന്നു
ഓട വക്കിലിരുന്നയാൾ ഭക്ഷണം
വലിച്ചു വാരി തിന്നിരുന്നത് .
രണ്ടു കാലുകളുമില്ലാത്ത സ്ഥിതിക്ക്
കുറച്ചു കൂടി ശ്രെദ്ധിക്കണമായിരുന്നു.


തിരക്കിൽ ഞാൻ വ്യക്തമായും കണ്ടതാണ്
മുൻപോട്ടു തിക്കി കയറി വന്ന
ഇവാൻ തോമസിന്‍റെ കാലുകൾ
അയാളുടെ വണ്ടി ചക്രത്തിൽ
ചെറുതായി തട്ടുന്നത് .
അല്ലെങ്കിലും ആ നശിച്ചവന്‍ മരിക്കണ്ടവനാണേമാനേ..
തെരുവിന്‍റെ മൂലയിരുന്നവന്‍റെ
“മരിച്ചവനു മാത്രം സ്വര്‍ഗ്ഗം നല്‍കുന്ന ദൈവമേ”
എന്നുള്ള മുടിഞ്ഞ പാട്ട്
എന്തൊരു നരകമായിരുന്നു.


എല്ലാത്തിനും കാരണം ആ നശിച്ചവൻ,
കുഴിവെട്ടുകാരൻ തോബിയാസാണേമാനേ..
അഞ്ചാമത്തെ വാരിയെല്ല് എണ്ണുന്നതിനിടയില്‍
മരിച്ചു പോയ കുട്ടിക്ക് കുഴിമാടം ഒരുക്കാൻ
അവനെ അന്വേഷിച്ചു വന്നതായിരുന്നു ഞാൻ.
ഓ ആ പാവം കുട്ടി !
അവനു കിട്ടേണ്ടിയിരുന്ന മുട്ടയും പാലും
ഇടവഴിയില്‍ വെച്ച് സ്ഥിരമായി
മോഷ്ടിക്കപെടുന്നുണ്ടായിരുന്നു.
അതെല്ലാം ആരു നോക്കാനാണ്.
അയ്യോ ഏമാനേ, അങ്ങയെ ദുഷിച്ചതല്ല
കാണാതായ നാടോടി പെണ്ണിന്‍റെ അടിവസ്ത്രം
അങ്ങ് എത്ര വിദഗ്ധമായാണ് കണ്ടെത്തിയത്.
പക്ഷേ ആ കള്ളുകച്ചവടക്കാരന്‍റെ മോളുമായുള്ള
അങ്ങയുടെ മകന്‍റെ വിവാഹം
പരദൂഷണക്കാര്‍ക്ക് ഒരു വിരുന്നായിട്ടുണ്ട്.


തെരുവിൽ വിരിയുവാൻ പോകുന്ന
ചുംബന പൂക്കളെകുറിച്ച് തോബിയാസ്
പറയുമ്പോള്‍ മാത്രമാണറിയുന്നത്
നേര് പറയട്ടേയേമാനേ,
ഇമ്മാതിരിയോടൊന്നും എനിക്ക് താല്പര്യമില്ല
എന്‍റെ ഭാര്യയെ തന്നെ ചുംബിച്ചിട്ടു
ഏതാനും വർഷങ്ങൾ കഴിഞ്ഞിരിക്കും.
ഓ അവളുടെ ചുണ്ടുകളിൽ
ഇരുമ്പൻ പുളി കായ്ച്ചു കിടക്കുന്നിപ്പോള്‍.
അടിവയറാണേല്‍ അലക്കുകാരന്‍റെ
കെട്ടിലെ തുണികഷ്ണം പോലായിട്ടുണ്ട്
ആ വിക്കൻ മിഷേലിന്‍റെ ഭാര്യക്ക് രഹസ്യമായി
ചുംബനങ്ങൾ കൊടുക്കാറുണ്ട് സത്യം തന്നെ.
എങ്കിലും ഏമാനേ ഇതിപ്പോൾ തെരുവിലല്ലേ ..!
അതും നമ്മൾ ഇങ്ങിനെ നോക്കി നിൽക്കേ ..


തരേസ മാർഗരറ്റും വരുന്നു എന്നറിഞ്ഞ് മാത്രമാണ്
ആ തിരക്കിലേക്ക് തള്ളി കയറിയത്
നേര് പറയാമല്ലോ ഏമാനേ
ഞാനും അവളെ കരുതി സ്വയം ഭോഗം ചെയ്തിട്ടുണ്ട്
നമ്മുടെ കൈക്കാരൻ ആന്ദ്രെ മുഖം മറച്ചാണ്
ഉമ്മകളെ കാണാൻ തിരക്കിലൂടെ എത്തി നോക്കിയത്
അദ്ധ്യാപകൻ ഫാബിയാനോ
ഒരു മൂലയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.
അയാളപ്പോൾ തന്നെ വലിഞ്ഞു മുറുകിയ
ഒരു ഗിത്താർ കമ്പി ആയിരുന്നു.
ചുംബനങ്ങള്‍ക്കെതിരെ തെരുവില്‍ പ്രസംഗിച്ച
ആ പട്ടാളക്കാരന്‍ റൊട്ടികടയില്‍-
നിന്നൊളിഞ്ഞു നോക്കുന്നുണ്ടായിരുന്നു .


ഒരു വിധത്തിൽ ഏറ്റവും മുന്നിലെത്തിയപ്പോൾ
ആണേമാനേ വാനരന്മാരെ പോലെ
അവന്മാര് ചാടി വീണെല്ലാം നശിപ്പിച്ചത്
അപ്പോളല്ലേ ഞങ്ങൾ അറസ്റ്റിലായി പോയത്
വിപ്ലവങ്ങളെ കുറിച്ച് ഇവരെന്നാണ്
മനസ്സിലാക്കാന്‍ പോകുന്നത്?


ആ കുട്ടിയുടെ ശവം മറവു ചെയ്തോ എന്തോ
അവന്‍റെയമ്മ ഗവർണറുടെ വീടിനു മുന്നിൽ
നിൽപ്പാണത്രെ...
മരിക്കുമ്പോൾ കിടക്കുവാനുള്ള ഇടമില്ലെന്ന്
ഓ വെറുതെ നിന്ന് മരിക്കട്ടെ ....
ഇവറ്റകള്‍ക്കൊക്കെ എന്തിന്‍റെ കുറവാണെന്ന്
പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നുമുണ്ട് .

No comments:

Post a Comment