വയനാടന്‍

Saturday, November 1, 2014

ജിപ്സികള്‍

പറിച്ചെടുപ്പ് കഴിഞ്ഞ
ഒരു സൂര്യകാന്തി തോട്ടത്തിന്‍റെ
വെയിലിലൂടെ
നടക്കുമ്പോളൊക്കെ
കയറ്റി പോയ പൂക്കള്‍
വേദനിപ്പിച്ചു വേദനിപ്പിച്ച്
ഓരോ ഞരമ്പിലേക്കും
പൂത്തു കയറുന്നത്
എങ്ങിനെയാണ് ഒരു കവിതയാല്‍
ചൊല്ലി കേള്‍പ്പിക്കപെടുക
എന്നതിനെകുറിച്ച് എനിക്കൊരു
ധാരണയുമില്ല .




അല്ലെങ്കിലും ഇനിയതെല്ലാം
കേള്‍പ്പിക്കപെടുന്നതെന്തിനു വേണ്ടിയാണ് ?




രണ്ടു വംശക്കാരായ
ജിപസികളുടെ വിരുദ്ധ
ദിശയിലേക്കുള്ള യാത്രയില്‍ വെച്ച്
പ്രണയത്തെ കൈമാറ്റം നടത്തിയ
രണ്ടു വിഡ്ഢികളാണ് നാമെന്നു
ഒരു ഭാഷയിലും അറിയപെടാന്‍
ഞാന്‍ ആഗ്രഹിക്കുന്നില്ല.



എനിക്ക് സമ്മാനിക്കുവാനായി
കരുതിയിട്ടുള്ള ;
നീ മാത്രമറിയാവുന്ന മണമുള്ള
സുഗന്ധലേപനം പോലെ
അതി രഹസ്യമായിരിക്കട്ടെ
നമ്മുടെ പ്രണയം .



നമുക്കൊരു ലിപി ഇല്ലാത്തതിന്
ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു .



ഇല്ലെങ്കില്‍ എത്തിച്ചേരാനുള്ള
ഇടമറിയാത്ത പ്രേമ ലേഖനങ്ങളാല്‍
നാമീ ലോകത്തെ ഭ്രാന്ത് പിടിപ്പിക്കുമായിരുന്നു .



എന്നാല്‍ വേറൊന്നു പറയാം ,
എനിക്കുറപ്പുണ്ട്
ഒരിക്കല്‍ എന്‍റെ വഴി
നിന്‍റെ ഇടത്തിലേക്ക് മാത്രമാവുമെന്ന്‍.
അന്നെന്‍റെ വസ്ത്രത്തില്‍
പൂക്കളോടൊപ്പം, നീ ഒളിച്ചു വെച്ചിട്ടുള്ള
സുഗന്ധവും പുരട്ടണമെന്നു
ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്.



ഞാനിപ്പോള്‍ നിന്നെ ആദ്യമായി
കണ്ടതെന്ന് തോന്നിപ്പിക്കുന്ന
നദീക്കരയുടെ മണല്‍ത്തിട്ടയില്‍ കിടന്നു
നിന്‍റെ ഇടത്തെ ഭാഗത്ത്‌ ഇടയ്ക്ക് വന്നു
പുഞ്ചിരിക്കാറുള്ള ആ മഞ്ഞ നക്ഷത്രത്തോട്‌
വഴി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.

No comments:

Post a Comment