വയനാടന്‍

Friday, October 17, 2014

പ്രവാസി



ഓ മുടിഞ്ഞവനേ,
ഞാന്‍ നരിച്ചീറുകളുടെ
നാട്ടില്‍ നിന്നാണ്.
നിന്നെക്കാള്‍ കൂര്‍ത്ത
പല്ലുകള്‍ ഉണ്ടവിടെ,
ഏയ്‌ മരുഭൂമിക്കാരാ
എന്‍റെ ദേഹത്ത് നോക്കൂ
ചോള പാടങ്ങളുടെ
നിഴലുകള്‍ ഇനിയും
കൊഴിഞ്ഞിട്ടില്ല .

ഓ തുലഞ്ഞവനേ,
നീയിതൊന്നും കേള്‍ക്കുന്നേയില്ല!
തണുപ്പിനെ അടച്ചിട്ട മുറിയില്‍
നേപ്പാളി പെണ്ണിനെ
ചുട്ടെടുക്കകയായിരിക്കും
നീയിപ്പോള്‍ . 

നീട്ടി കൈവീശാന്‍
അധികാരമില്ലാത്ത നിന്‍റെ
നഗര വഴികളില്‍ നിന്നും
എന്‍റെ തെരുവിലേക്ക്
ഉച്ചത്തില്‍ ഒരു പാട്ട് പാടി
ഞാന്‍ നടക്കാനിറങ്ങട്ടെ...
(ഓ ഞാന്‍ നിന്‍റെ ഇരുട്ട് മുറിയില്‍
അടയ്ക്കപ്പെട്ടവനാണ് ) 

തെരുവ് തുടങ്ങുന്നത്
ചെരുപ്പ് കുത്തിയില്‍ നിന്നാണ്
തെരുവിലെ ഓരോ കാല്‍ചുവടുകളും
അയാളുടെ കുനിഞ്ഞിരിക്കുന്ന
കണ്ണുകളില്‍ എഴുതപ്പെടും. 

തെരുവിലെ ഓരോ അടുക്കളയും
മുറ്റവും ,കിടപ്പറയും വരെ
ചായയില്‍ നീട്ടി അടിക്കുന്ന
വേലായുധേട്ടന്‍റെ ചായക്കട.
(രണ്ടു പെണ്മക്കള്‍
ഒളിച്ചോടി പോയപ്പോള്‍
അടച്ചു പൂട്ടി ) 

റോഡിലൂടെ പോകുന്ന
സ്ത്രീകളുടെ ചരിത്രം
കണ്ണാടിയില്‍ തെളിയിക്കുന്ന
ബാര്‍ബര്‍ ചന്ദ്രന്‍. 

ഓ നാശം പിടിച്ച
മണല്‍ക്കാട്കാരാ
ഞാന്‍ നിന്‍റെ മുറിയില്‍
അടയ്ക്കപ്പെട്ടവനാണ്. 

സ്വന്തം ചിത്രങ്ങള്‍
തെരുവ് മുറികളില്‍
വില്‍പന നടത്തുന്നവളെ നോക്കു;
എന്‍റെ നാവുകള്‍ പറിച്ച
ആമ്പലുകളുടെ പാടുകള്‍
അവളുടെ പുക്കിളില്‍
ചുവന്നു കിടക്കുന്നു..
ഓ എന്‍റെ കാമുകി ! 

മഴ നനയുന്ന കര്‍ക്കിടകമേ
പുലികളിക്കുന്ന എന്‍റെ ഓണക്കാലമേ,
ഞാനിതാ ഈ മുറിയില്‍
ഏകാന്തതയുമായി
കണ്ണു പൊത്തി കളിക്കുന്നു. 

പ്രിയപ്പെട്ട മരുഭൂമിക്കാരാ...,
ഞാന്‍ പറയട്ടെ,
നിന്നോടെനിക്ക്
പിണക്കമില്ല !
എന്‍റെ കുട്ടികള്‍
നാട്ടില്‍
ഭക്ഷണം കഴിക്കുന്നു..


No comments:

Post a Comment