വയനാടന്‍

Saturday, August 30, 2014

ഞങ്ങള്‍ ഗാന്ധി കുടുംബമാണ്

എന്‍റെ അച്ഛനോ ,
അച്ഛന്‍റെ അച്ഛനോ
സമയം കിട്ടുമ്പോഴോന്നും
ചര്‍ക്ക നൂല്‍ക്കുകയോ ,
രഘുപതി രാഘവ രാജാറാം
എന്ന് ഈണത്തില്‍ പാടുകയോ
ചെയ്തിരുന്നതായി
എനിക്കോര്‍മ്മയില്ല .



എന്നിരുന്നാലും ,
അതി രാവിലെ തന്നെ
തെരുവുകളിലേക്ക്‌ പോകുകയും,
ഓരോ വീടിനോടും
ഒഴിഞ്ഞ തൊട്ടിയുമായി
നിറഞ്ഞ കക്കൂസുകളുണ്ടോ ?
എന്നവര്‍ അന്വേഷിക്കുകയും
ചെയ്തിരുന്നതിനാല്‍
ഗാന്ധിയന്‍മാരായിരുന്നു
എന്ന് തന്നെ വിശ്വസിക്കാം.



കുട്ടിക്കാലത്ത്
നിറഞ്ഞ കക്കൂസുകളെ
ഞങ്ങള്‍ സ്വപ്നം
കാണാറുണ്ടായിരുന്നു.



പക്ഷെ ,
ഞങ്ങളുടെ വീട്ടില്‍
കക്കൂസേ ഉണ്ടായിരുന്നില്ല!
കാരണം ,ഞങ്ങളുടെ
അടുക്കളയ്ക്ക്
പുക കുറവായിരുന്നു.



സ്കൂള്‍
കക്കൂസുള്ളവരുടേതായിരുന്നു
ഞങ്ങള്‍ അതിനു മുന്നിലൂടെ
ഉടുപ്പുകളില്ലാതെ
തലയിട്ടു നോക്കും.



ഇപ്പോള്‍
ഞങ്ങള്‍ക്കറിയാം
ഭരണകൂടങ്ങള്‍
വിലകയറ്റം കൊണ്ട്
കക്കൂസുകളെ
നിഷേധിക്കുകയാണ് എന്ന് .



എന്‍റെ അച്ഛനും ,
അപ്പൂപ്പനും
മരിച്ചപ്പോള്‍
അടുക്കള കുഴിച്ചാണ്
മറവു ചെയ്തത്.



രാമന് വേണ്ടിയാണ്
ഗാന്ധിയും ,ഗോട്സെയും
ഇരയും ,വേട്ടക്കാരനുമായതെന്ന
കാറ്റ് ഇടയ്ക്ക് ഇതിലെ
വീശി പോകും
അപ്പോഴൊക്കെ
ഞങ്ങള്‍ വോട്ടു ചെയ്യും.



ആ സമയത്ത്
നിറയാന്‍ പോകുന്ന
വയറുകളെക്കുറിച്ച്
ഗ്രാമത്തില്‍ പാട്ടുകള്‍
ഉച്ചത്തില്‍ വെച്ചിട്ടുണ്ടാകും .



വിശപ്പിനെ വളരെ
പെട്ടെന്ന് മറക്കാന്‍
അറിയുന്നവരാണ്
ഞങ്ങള്‍ എന്ന്
എല്ലാ പാട്ടുകാര്‍ക്കും
അറിയാം .

No comments:

Post a Comment