വയനാടന്‍

Thursday, May 29, 2014

വലകള്‍ കുലുങ്ങാതാവുമ്പോള്‍..നിനക്കിത്തിരി വേഗവും വീര്യവും കൂടും
വെട്ടിച്ചുള്ള മുന്നേറ്റം ,അത്
നാലാം ഗ്രേഡ്‌ ,ക്ലാര്‍ക്ക്‌ ശിവനാണ്.
പെനാല്‍റ്റി ബോക്സ്‌ എത്തും മുന്നേയുള്ള
നിന്‍റെ തളര്‍ച്ചയെ കുറിച്ചാണ്‌
കളിയെഴുത്തുകാരായ സാറയും , മീനയും
വിമന്‍സ്‌ ക്ലബ്ബില്‍ വെച്ച് സംസാരിച്ചത്.

വീക്കിലി മീറ്റിങ്ങില്‍
പുറകിലത്തെ സീറ്റിലിരുന്ന്
മുറിച്ചു മുറിച്ചെന്നെ അളന്നു കൊണ്ടിരുന്ന നിന്നെ ,
സ്പീച്ചിനിടയിലെപ്പോഴോ ഞാന്‍ കണ്ടെത്തുകയും
ഭാവനയില്‍ ശിവന്‍റെ പത്താം നമ്പര്‍ ജേഴ്‌സി
അപ്പോള്‍ തന്നെ നിന്നെ അണിയിച്ചു നോക്കിയ
അതെ നിമിഷത്തില്‍
ശരീരത്തിന്‍റെ നടുവിലെവിടെയോ
ഒരു വല കുലുങ്ങുകയും ചെയ്തിരുന്നു .

അമേരിക്കന്‍ കമ്പനിയുടെ പ്രൊജക്റ്റ്‌ കിട്ടിയ
വൈകുന്നേരത്തെ പാര്‍ട്ടിക്ക് ശേഷമാണ്
നീ ഓര്‍ക്കുന്നുണ്ടോ ?
മനോഹര ട്രിബിളുകളിലൂടെ
എന്‍റെ ഫ്ലാറ്റിലേക്ക് നീ തറച്ചു കയറിയത്.
ആദ്യമായാണ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം
കാണുന്നതെന്ന് നീ പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നു .
അതിന്‍റെ രണ്ടാം നാളാണ് നിനക്ക്
ശമ്പള വര്‍ദ്ധനവോടെയുള്ള പ്രമോഷന്‍ കിട്ടുന്നത്.

നിന്‍റെ മാഡം വിളിയില്‍ പിന്നീടെപ്പോഴും
ഒരു ചിരി ചുണ്ടുകളുടെ കോണിലേക്ക്
തുഴഞ്ഞു പോകുന്നത് കാണാമായിരുന്നു
അപ്പോളെന്‍റെ അടിവയറില്‍ തിരകളുയരുമെന്നു
നീ അറിഞ്ഞിരുന്നിരിക്കണം.

പക്ഷെ സത്യമിതാണ് സാറയും മീനയും
പുതിയ കളിക്കാരെക്കുറിച്ച്
എഴുതാന്‍ തുടങ്ങിയിരിക്കുന്നു!
നിന്‍റെ ട്രിബിളുകളുടെ മനോഹാരിത
നരച്ച മുടികളില്‍ ഒളിച്ചു പോകുന്നു.

വീക്കിലി പെര്‍ഫോര്‍മന്‍സ് മീറ്റില്‍
നീ ഫക്ക് ചെയ്യപെടുമ്പോള്‍
മനോഹര മീശ പരസ്പരം അറിയാത്ത
ഒരു വേനല്‍ കാടാവുന്നു .
ഇക്കിളികള്‍ മാത്രം പൂക്കുന്ന
നിന്‍റെ മീശയെ മറന്ന്
ഇതാ മീശയില്ലാത്ത അര്‍ജുന്‍ ദേവിന്
ഞാന്‍ പത്താം നമ്പര്‍ ജേഴ്‌സി കൈമാറുന്നു .

Sunday, May 4, 2014

"ബ്ലഡി മേരി"

വീട്ടില്‍ ആകെ ഒരു മുറി മാത്രമുള്ളതു കൊണ്ടല്ല
ഉള്ള ഒരു പശുവിന് വിശപ്പ്‌ സഹിക്കാന്‍
വയ്യാത്തത് കൊണ്ട് കൂടിയാണ്
പിന്നാമ്പുറത്തൂടെ പുല്ലരിയാന്‍ പോകുന്നത്ഒറ്റ മുറിയിലൊതുങ്ങാത്ത
അടക്കി പിടുത്തങ്ങള്‍
അരിയും തോറും
വളരുന്ന പുല്ലുകള്‍
പശുവിന്‍റെ വിശപ്പ്‌ ,
പിന്നെയും പിന്നെയും
പിന്നാമ്പുറത്തൂടെ
പോകാന്‍ നിര്‍ബന്ധിതമാവുകയാണ് ..പാച്ചിലും കരച്ചിലും
വാവിന്‌ രണ്ടു ദിവസം മുന്നേ
പശു തുടങ്ങിയ വൈകുന്നേരമാണ്
മഴയേയും കൂട്ടി മേരി
ഒറ്റമുറിയുള്ള വീട്ടിലേക്കു വന്നത്വാര്‍ത്ത കേട്ട അപ്പന്‍റെ ചുമ
പതിവില്‍ നിന്ന് വ്യത്യസ്ഥമായി
ശബ്ദമില്ലാതെ നീണ്ടു നില്‍ക്കുകയും
അമ്മച്ചി മൂക്ക് പിഴിയുകയും,
പിന്നെ പതിയെ
അടുപ്പിലെ മീന്‍ കറിയിലേക്ക്
തിരിച്ചു പോകുകയും ചെയ്തു .കുളി തെറ്റിയ മേരിയുടെ പറമ്പിലെ
പുല്ലു തീര്‍ന്നെന്നും
ഒറ്റ മുറിയില്‍ ഒരവകാശം
തനിക്കും വേണമെന്ന്
മഴയാണോ മേരിയാണോ
ചോദിച്ചതെന്നറിയില്ല.
പക്ഷെ, ഒറ്റ മുറിയുള്ള വീടിന്‍റെ മുറ്റത്തേക്ക്
"ബ്ലഡി മേരി" എന്ന അലറിച്ചയുടെ
പിന്നാലെ വന്ന തൊഴിയില്‍ തെറിച്ചു വീണത്‌
പുല്ലരിയാന്‍ കൂട്ട് പോയ മേരി തന്നെയായിരുന്നു ....