വയനാടന്‍

Sunday, August 31, 2014

നില നില്‍ക്കാനായി നില്‍ക്കുന്നവര്‍

കുന്നേല്‍ പാപ്പി,

അതായതു

എന്‍റെ അപ്പാപ്പന്‍

ചുരം കയറി ചെല്ലുമ്പോള്‍

വയറു ഉള്ളിലേക്ക്

വാരിയെല്ല് കൊണ്ട്

വലിച്ചു കെട്ടിയ

നിലയിലായിരുന്നു.

ഇടയ്ക്കിടെ

അമ്മാമ്മ കണ്ണീരു

തേകി തേകി

മുഖം കഴുകുമ്പോള്‍

അപ്പാപ്പന്‍ നീണ്ട

ഓരോ നെടുവീര്‍പ്പിട്ടു

കൊടുക്കും .

മലയും ,കാടും ,

കൂരയും, തൈവങ്ങളും

കാവും ,പുഴയും

ആദിവാസികളുടെ

ആയിരുന്നപ്പോള്‍ .

വിശപ്പ്‌ ചുമന്നു

ചെന്ന അപ്പാപ്പനും

അമ്മാമ്മക്കും

മുലയുടുപ്പില്ലാത്ത

പെണ്ണുങ്ങള്‍

കാച്ചിലും കാന്താരിയും

കൊടുത്തു നിറച്ചു .

പകലുകളില്‍

അപ്പാപ്പന്‍

കാടിനെ ഓടിക്കാന്‍ പോകും

കാട്ടുപന്നികള്‍

അപ്പാപ്പനെ തിരിച്ചോടിക്കും .

തണുക്കുമ്പോള്‍

അപ്പാപ്പന്‍ അമ്മാമ്മയുടെ

ഏറു മടത്തിലേക്ക് വരും

തണുപ്പ് മാറുമ്പോള്‍

അമ്മാമ്മ പെറും

പത്തു തണുപ്പ് കഴിഞ്ഞപ്പോള്‍

എഴെണ്ണം കയ്യിലുണ്ടായിരുന്നു.

കാട് ഓടി പോയ

വഴിയത്രയും

പിന്നീട് ,

അപ്പാപ്പന്‍റെതായി .

തിരിച്ചോടി വന്ന

പന്നികളെ ,

അമ്മാമ്മ ഉപ്പ് ചേര്‍ത്ത്

ഉണക്കാനിട്ടു .


പാപ്പി അപ്പാപ്പന്‍

കഴിഞ്ഞ എട്ടു നോയമ്പിന്‍റെ

നാളില്‍ മരിച്ചു പോയി .

ഞങ്ങളുടെ അമ്മാമ്മക്ക്

കാച്ചില് കൊടുത്ത

ആദിവാസിയുടെ

മക്കളും കൊച്ചു മക്കളും

ഇപ്പോളും ഉണ്ട്.

തെയ്യവും ,

തൈവങ്ങളും ഇല്ലാതെ

തിന്നാന്‍

കാച്ചിലില്ലാതെ ,

കിടക്കാന്‍

ഭൂമിയില്ലാതെ

നില്‍ക്കുകയാണ്.

കാടില്ലാതെ ,

പുഴകളില്ലാതെ,

തന്‍റെതായി

ഒരടയാളം പോലുമില്ലാതെ,

നില നില്‍ക്കാനായി

അവര്‍ നില്‍ക്കുന്നുണ്ട് .

പക്ഷെ ,

ഞങ്ങളുടെ അമ്മാമ്മ

ഇപ്പോള്‍

അമേരിക്കയിലാണ്.

കൊച്ചു മോളുടെ

മോളെ കാണാന്‍

പോയിരിക്കുകയാണ്.

Saturday, August 30, 2014

ഞങ്ങള്‍ ഗാന്ധി കുടുംബമാണ്

എന്‍റെ അച്ഛനോ ,
അച്ഛന്‍റെ അച്ഛനോ
സമയം കിട്ടുമ്പോഴോന്നും
ചര്‍ക്ക നൂല്‍ക്കുകയോ ,
രഘുപതി രാഘവ രാജാറാം
എന്ന് ഈണത്തില്‍ പാടുകയോ
ചെയ്തിരുന്നതായി
എനിക്കോര്‍മ്മയില്ല .എന്നിരുന്നാലും ,
അതി രാവിലെ തന്നെ
തെരുവുകളിലേക്ക്‌ പോകുകയും,
ഓരോ വീടിനോടും
ഒഴിഞ്ഞ തൊട്ടിയുമായി
നിറഞ്ഞ കക്കൂസുകളുണ്ടോ ?
എന്നവര്‍ അന്വേഷിക്കുകയും
ചെയ്തിരുന്നതിനാല്‍
ഗാന്ധിയന്‍മാരായിരുന്നു
എന്ന് തന്നെ വിശ്വസിക്കാം.കുട്ടിക്കാലത്ത്
നിറഞ്ഞ കക്കൂസുകളെ
ഞങ്ങള്‍ സ്വപ്നം
കാണാറുണ്ടായിരുന്നു.പക്ഷെ ,
ഞങ്ങളുടെ വീട്ടില്‍
കക്കൂസേ ഉണ്ടായിരുന്നില്ല!
കാരണം ,ഞങ്ങളുടെ
അടുക്കളയ്ക്ക്
പുക കുറവായിരുന്നു.സ്കൂള്‍
കക്കൂസുള്ളവരുടേതായിരുന്നു
ഞങ്ങള്‍ അതിനു മുന്നിലൂടെ
ഉടുപ്പുകളില്ലാതെ
തലയിട്ടു നോക്കും.ഇപ്പോള്‍
ഞങ്ങള്‍ക്കറിയാം
ഭരണകൂടങ്ങള്‍
വിലകയറ്റം കൊണ്ട്
കക്കൂസുകളെ
നിഷേധിക്കുകയാണ് എന്ന് .എന്‍റെ അച്ഛനും ,
അപ്പൂപ്പനും
മരിച്ചപ്പോള്‍
അടുക്കള കുഴിച്ചാണ്
മറവു ചെയ്തത്.രാമന് വേണ്ടിയാണ്
ഗാന്ധിയും ,ഗോട്സെയും
ഇരയും ,വേട്ടക്കാരനുമായതെന്ന
കാറ്റ് ഇടയ്ക്ക് ഇതിലെ
വീശി പോകും
അപ്പോഴൊക്കെ
ഞങ്ങള്‍ വോട്ടു ചെയ്യും.ആ സമയത്ത്
നിറയാന്‍ പോകുന്ന
വയറുകളെക്കുറിച്ച്
ഗ്രാമത്തില്‍ പാട്ടുകള്‍
ഉച്ചത്തില്‍ വെച്ചിട്ടുണ്ടാകും .വിശപ്പിനെ വളരെ
പെട്ടെന്ന് മറക്കാന്‍
അറിയുന്നവരാണ്
ഞങ്ങള്‍ എന്ന്
എല്ലാ പാട്ടുകാര്‍ക്കും
അറിയാം .

Friday, August 29, 2014

സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍

കവിതയെഴുതാനറിയുന്ന
ഫ്രോയിഡ് മരംകൊത്തി
വായിക്കാനറിയുന്ന ഹവ്വയുടെ
ആപ്പിളിലേക്ക് ഇടയ്ക്കിടെ
കൊക്കിളക്കുന്നത്
പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .കുളിമുറിയുടെ ഏതാണ്ട് മധ്യഭാഗത്ത്‌
ഒമ്പതിഞ്ചു നീളമുള്ള മരംകൊത്തിയുടെ
കാല്‍പാടുകള്‍ക്കൊപ്പം
ഒരു ചുംബനത്തിന്‍റെ ഫിംഗര്‍ പ്രിന്‍റും
സാത്താന്‍റെ കണ്ണുകള്‍ കണ്ടെത്തുന്നു.പുസ്തകവില്‍പനക്കാരന്‍ എന്ന നിലയില്‍
പരാജയമായിരിക്കെ തന്നെ,
ആദം, ഹവ്വയുടെ ആപ്പിളുകളെ
കണ്ടെത്തിയിരുന്നില്ല ,എന്ന സത്യം
ഫ്രോയിഡിന് അറിയാമായിരുന്നു എന്നത്
ഡിക്റ്ററ്റീവ് സാത്താനും കണ്ടെത്തിയിരിക്കുകയാണ്.വിശ്വാസ പുസ്തകം എഴുതിയ ദൈവം
പിന്നീടു ഇടയിലെ ചില വരികള്‍ മാറ്റിയെഴുതിയത്
സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
സ്വന്തം നിലയില്‍ കണ്ടെത്തിയതാണ്
കേസിലെ സുപ്രധാന വഴിത്തിരിവ്.ചോദ്യം ചെയ്യാന്‍ സാത്താന്‍ ഡിക്റ്ററ്റീവ്
എത്തുമ്പോഴേക്കും ഫ്രോയിഡ് മരംകൊത്തി
അടുത്ത ചാറ്റിലേക്ക് പറന്നു പോയിരുന്നു
എങ്കിലും, ദൈവത്തെയും
തിരുത്തിയ വിശ്വാസ പുസ്തകത്തെയും
സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
കസ്റ്റെഡിയില്‍ എടുക്കുക തന്നെ ചെയ്തു .

Wednesday, August 6, 2014

അരൂപികള്‍

ഒറ്റയ്ക്ക് ചെരിഞ്ഞു പോകുന്ന കുന്നിന്‍ ചെരുവില്‍
തൊട്ടാവാടി പൂക്കള്‍ തിരഞ്ഞു പോകുന്ന
ആടുകള്‍ക്കിടയിലൂടെ ഒഴുകി പോകുന്ന
ഒരു പെണ്‍കുട്ടി .
അവളുടെ നീണ്ടു മെടഞ്ഞ മുടിയില്‍
കൊഴിഞ്ഞു പോയ അരിമണികളുടെ
കൊയ്ത്തുപ്പാട്ടുകള്‍ പാടി പാടിയിരിക്കുന്ന
ഒരു മഞ്ഞ കുരുവി.സ്വപ്നം കാണുമ്പോഴെല്ലാം
മേഘരൂപിയാവുന്ന കൂട്ടത്തിലെ
മുഴുത്ത ആടിന്‍റെ കൊമ്പുകളടര്‍ത്തി
അവള്‍ പറന്നു പോയി യുദ്ധം ചെയ്യും
കൌമാരത്തിലേക്ക് ഒരു കുപ്പി വള പോലും
മോഹിക്കാതെ നടന്നു പോകുന്ന
തുടകളില്‍ നട്ടുവളര്‍ത്തുന്ന ഗോതമ്പ് ചെടികളെ
മറച്ചു പിടിക്കാനറ്റമില്ലാത്ത
അവളുടെ ചണയുടുപ്പ് യുദ്ധത്തിനിടയില്‍
ഒരു പട്ടു പാവാടയാകും..ആടുകളുടെ യജമാനന്‍റെ ഭാര്യയുടെ
ചാട്ടവാറടികളില്‍ പുളഞ്ഞ്
തൊഴുത്ത് വൃത്തിയാക്കുകയും
ആടുകളെ കറക്കുകയും ചെയ്യുമ്പോള്‍
വാരിയെല്ലുകള്‍ എണ്ണികളിച്ചു കൊണ്ടിരിക്കുന്ന
അവളുടെ അനിയന്‍ ചൂടുള്ള ആട്ടിന്‍ പാലുകൊണ്ട്
വയറിനെ ഒരു പന്തു പോലാക്കും
എന്നിട്ട് കാണാതായ വാരിയെല്ലുകളെ
തിരഞ്ഞു തിരഞ്ഞു പോകുംഅവളുടെ അമ്മയപ്പോള്‍ ആടുകളുടെ
യജമാനന്‍റെ ഭാര്യയുടെ അടുക്കളയില്‍
മണങ്ങളുള്ള കറികളില്‍ നിന്നും
വിശപ്പിനെ കെട്ടിയിട്ടിരുന്ന
അടിപാവാടയുടെ വള്ളി ഒന്നഴിച്ചു കെട്ടും.


സൂര്യനസ്തമിക്കുമ്പോള്‍ മേഘം മുഴുത്ത ആടായി
യജമാനന്‍റെ അരികിലേക്ക് തിരിച്ചു പോകും
വാരിയെല്ലുകളിലെ നേര്‍ത്ത തൊലിപ്പുറത്ത്
ചാട്ടയുടെ പുഴകളില്‍ നിന്നനിയന്‍ ഉപ്പുകള്‍
വാരുമ്പോഴോ,
നിറയെ മണങ്ങളുള്ള അടുക്കളയില്‍ നിന്ന്
അടിവയറിനെ ഒന്നുകൂടെ പുറകിലേക്ക്
വലിച്ചു കെട്ടി തൊട്ടിയും ചൂലുമായി
അമ്മ പോകുമ്പോഴും യുദ്ധം ഒരു പരാജയമാണെന്ന്
അവള്‍ തിരിച്ചറിയുന്നുണ്ട് .
നീണ്ട പട്ടു പാവാട ചുരുങ്ങി ചുരുങ്ങി
യജമാനന്‍ കണ്ണുകളൊളിപ്പിച്ച് വെക്കാറുള്ള
ഒരു മരമാവുമ്പോള്‍
വിളഞ്ഞ പാടങ്ങളില്‍ വെച്ച് പാടാറുള്ള
പാട്ട് പാടാന്‍ മഞ്ഞകിളിയോടു അവള്‍ ആവിശ്യപെടും .