വയനാടന്‍

Wednesday, September 24, 2014

അത്തികായകള്‍



തണലില്‍ നിന്ന് ദൂരെ
നാവുണങ്ങിയ ഒരു കുട്ടി
വെയില്‍ വരച്ച നിഴലിലിനോട്
അല്ലെങ്കില്‍ അവന്‍റെ
ആടുകളോട്
പറഞ്ഞു കൊണ്ടിരുന്നു..
കൂടുതലും ഒട്ടിപോകുന്ന
തേങ്ങലിനെക്കുറിച്ച്.

ചിലപ്പോള്‍ കവിളില്‍
പണ്ട് കുഴിഞ്ഞതിന്‍റെ
പാടുള്ള ഒരുമ്മയെക്കുറിച്ച്.
ഒരു പെരുങ്കാങ്ക ഇടയ്ക്കിടെ
പറന്നു വന്ന് പഴുത്ത
അത്തികായകള്‍
അവനു സമ്മാനിക്കുന്നു.
വിശപ്പിനെ കാണിക്കാതെയവന്‍
കീറിയ കീശയിലേക്കത്
കരുതി വെക്കുന്നു ..

നെഫിലീമുകളുടെയും,
കിന്നരങ്ങളുടെ പിതാവായ
യൂബാലിന്‍റെയും
കഥകളെ അവന്‍റെ
വിതുമ്പുന്ന യാത്രയിലേക്ക്
കാക്ക ചിഞ്ഞിടുന്നുണ്ട്.
കല്ലുകളുടെയും
മണല്‍ പറമ്പുകളുടെയും
ഇടയിലൂടെ..,
ഓര്‍മ്മയിലെക്കുള്ള
ഒരു പഴയ വഴിയിലൂടെ
ആടുകളെ തെളിച്ചു നടക്കുമ്പോഴും
കീറിയ കീശയില്‍ കൈകള്‍ കടത്തി
ഉറപ്പുകൊള്ളുന്നുണ്ടവന്‍.

ഭൂമിയില്‍ നഷ്ടപെട്ടത്
ആകാശത്ത് പൂക്കുന്നുവെന്ന
ഒരു കവിത പെരുങ്കാങ്ക
രാത്രിയില്‍ അവനു
പാടി കൊടുക്കുമ്പോള്‍
ഒരു നക്ഷത്രം അവനിലേക്ക്‌
മുല ചുരത്തുകയും
കീശയിലെ അത്തികായകളെ
കയ്യിലൊതുക്കിയവന്‍
ഉറങ്ങുമ്പോള്‍
അവന്‍റെ കണ്ണില്‍
പീശോന്‍ എന്ന നദി
ഒഴുകി മടുത്ത പാടുകളെ
പെരുങ്കാക്ക തുടച്ചു കളയുന്നു.

നടന്നു നടന്നവര്‍
കുന്നിന്‍റെ ഏറ്റവും ചെരുവിലെ
മരിച്ചു പോയൊരു
സെമിത്തേരിയില്‍
കമ്മ്യൂണിസ്റ്റ് പച്ചകള്‍
മറച്ചു വെച്ച കല്ലറയുടെ
മുറ്റത്ത് മുട്ട് കുത്തുമ്പോള്‍,
അവന്‍റെ ആടുകള്‍
പച്ചപ്പിലേക്ക് തുള്ളി ചാടുന്നു!
അമ്മയ്ക്കവന്‍ അത്തികായകള്‍
സമ്മാനിക്കുന്നു

പെരുങ്കാങ്ക കണ്ണില്‍ നിന്നും
കരടു കഴുകി കളയുമ്പോള്‍
മോനെ എന്നൊരുമ്മ
അവന്‍റെ നെറ്റിയില്‍
ചേര്‍ത്ത് വെക്കപെടുന്നതായി
അവനു രോമാഞ്ചമുണ്ടാകുന്നു.
Yesterday

മിയാ സിയാദ



അവസാനത്തെ രാജകുമാരി..
പ്രണയം സമ്മാനിക്കുവാനായി മാത്രം
വയലുകള്‍ കടന്നു വന്നവളെ .
ഏറ്റവും ശൈത്യത്തില്‍
പാകമായ ഈ ആപ്പിള്‍ കഴിക്കു

അതിലോലവും
മൃദുലവുമായ പഞ്ഞിയാല്‍
ഞാന്‍ തീര്‍ത്ത കിടക്കയില്‍
ഇരുന്നു കൊള്ളുക .
തുടകളിലൂടെ നീല ഞരമ്പുകളെ
വിരിച്ചിട്ടവളെ ,
അതെ എന്‍റെ ജനാലയില്‍
ഒട്ടിച്ചു വെച്ചിരിക്കുന്നത്
വാന്‍ഗോഗിന്‍റെ വയലുകള്‍ ആണ്.

അടിവയറിലെ തിരകളെ
ശ്വാസങ്ങളില്‍ എണ്ണിയിരിക്കുന്നവളെ,
ഓ ക്ഷമിക്കു
നിലാവിനെ നിന്നിലേക്ക്‌
കോരിയിടട്ടെ ,
നാളെ പ്രഭാതത്തില്‍
വിരിയാന്‍ പോകുന്ന
രണ്ടു മൊട്ടുകള്‍ പോലെ
മുലകള്‍ ഉള്ളവളെ ,
കന്യകേ ...

നീണ്ട മുടിയിഴകളില്‍
തിരഞ്ഞു തിരഞ്ഞിരുന്നു
ചെറു ചിരികളില്‍
അലസമാകുന്നവളെ
ചെറിയോളം പഴുത്ത
ചുണ്ടുകള്‍ ഉള്ളവളെ

സന്ധ്യയുടെയത്രയും ചുവപ്പ്
കവിളില്‍ അണിഞ്ഞിരിക്കുന്നവളെ,
സ്പര്‍ശനങ്ങളില്‍ നിശ്വാസങ്ങള്‍
നഷ്ടപെടുന്നവളെ,
അവസാനത്തെ രാജകുമാരി .
ഇനിയും വൈകാതെ
നിലാവിലേക്ക് നമ്മുടെ
നഗ്നതയെ അഴിച്ചിടാം .

21 September

കത്തില്‍ ഫെമിനിസമില്ലാത്തവള്‍



അകന്നിരിക്കുന്നവനെ ,
നമ്മുടെ അടുക്കള തോട്ടത്തിലെ
ചാമ്പ മരച്ചുവട്ടിലൂടെ
രണ്ടു പാമ്പുകള്‍
ഇഴഞ്ഞു പോയി .....


ആപ്പിള്‍ ഇലകള്‍ പൊഴിഞ്ഞു
വീഴുന്നുണ്ടായിരുന്നപ്പോള്‍ ..!
ചുവന്ന ചാമ്പകള്‍
പ്രേമത്താല്‍ ആത്മഹത്യ ചെയ്തവരുടെ
അന്ത്യ ചുംബനം പോലെ
തുടുത്തിരുന്നു.
അതിനു ശേഷമാണ്
കുശവത്തി മാതുവിന്‍റെ
കയ്യില്‍ നിന്നും
ഒരു മീന്‍ ചട്ടി മേടിച്ചത്,
എന്നെ പുളിയിട്ടു വെക്കാന്‍

ഓ ,അവളുടെ മൂക്കുത്തി
ചുവന്ന കല്ലാക്കിയിരിക്കുന്നു.
അടുക്കളയിലെ
ആടുകളെ മേയ്ച്ചു
കുളിച്ചു വരുമ്പോള്‍
അകന്നിരിക്കുന്നവനെ..,
മുറിയിലാകെ നിന്‍റെ മണമാണ്.

അരികിലില്ലാത്തവനേ ..,
ഇലയറിയാതിരിക്കാന്‍
കാറ്റിനെ ഞാന്‍ ജനലുകള്‍
കൊണ്ട് മൂടി വെക്കും .
വെള്ളയില്‍ നീല പൂക്കളുള്ള
കിടക്കവിരി ഓര്‍മ്മയില്ലേ ?
അതിലേക്കു നിന്‍റെ
മണത്തിനെ ഞാന്‍ കൊഴിച്ചിടും.
അപ്പോള്‍ നമ്മള്‍
ഒരുമിച്ചു കറ്റയടിച്ചു
അളന്നെടുത്ത പറ നെല്ലുകളെ
ഓര്‍ത്ത്‌ നടുവിരല്‍
മീട്ടി ഞാനൊരു
കൊയ്ത്തു പാട്ട് പാടും.
പാട്ടിന്‍റെ ഈണങ്ങളില്‍
അരയിലൊരു കയറിട്ടു
ആകാശത്തിലെ നാണം കുണുങ്ങിയായ
ഒരു നക്ഷത്രത്തെ എറിഞ്ഞു കെട്ടും

എന്നിട്ട് ,അകന്നിരിക്കുന്നവനെ..,
ഞാന്‍ കയറി പോകാറുണ്ട്
നിന്‍റെ ആകാശങ്ങളെ കാണാന്‍.
അരികില്‍ നിന്നും
അകന്നിരിക്കുന്നവനേ...
നിന്‍റെ ചുണ്ടുകളില്‍ ഇപ്പോഴും
ആ ഉറുമ്പുകള്‍ ഉണ്ടോ ?
നിന്‍റെ കൈകളില്‍ ഇപ്പോഴും
പഴുതാരകളെ നീ
ഒളിപ്പിച്ചു വെച്ചിരിക്കുന്നുവോ ?
പ്രിയപെട്ടവനേ..,
ഞാനിതാ നിന്‍റെ ആകാശങ്ങളില്‍
തൊണ്ട വരണ്ടിരിക്കുന്നു
16 September

വചനങ്ങളില്‍ ജീവിക്കുക



മുന്തിയ പഴങ്ങള്‍
വില്‍ക്കുന്ന ചന്തയുടെ
തിരക്കില്‍
ഏറ്റവും മികച്ചത്
തിരഞ്ഞു തിരഞ്ഞു
സന്തോഷിക്കുമ്പോള്‍


മത വെയിലുകളില്‍
നിഴല്‍ വിരിച്ചിട്ടു
വേട്ടക്കിറങ്ങുന്ന
കുറുനരികള്‍ തിന്നു തീര്‍ത്ത
തെരുവുകളില്‍ ,
ബാക്കിയായ
വിശപ്പുകളുടെ കൈ നീട്ടല്‍
ഒരു നശിച്ച ഓടയെക്കാള്‍
മോശമാണ് .

"ദൈവത്തെയോ ,
ജനനേതാക്കളെയോ
നിങ്ങള്‍ ശപിക്കരുത് "
എന്ന വചനം
വളരെ പെട്ടെന്ന്
ചന്തയില്‍ മുഴങ്ങിയതു
കൊണ്ട് മാത്രമാണ്
ആറു വയസ്സുകാരന്‍
ഹാഷിം എന്ന
ചെക്കനെ വിശപ്പുള്ള
അനാഥനാക്കിയതില്‍
രണ്ടു പേരും വെറുതെ
വിടപെടുന്നത്.

തെരുവില്‍
അലഞ്ഞു തിരിയുന്ന വിശപ്പുകളെ,
നുര വറ്റിയ നാവുകളെ ,
നീണ്ടു വരുന്ന കൈകളെ
കുരുക്കെറിഞ്ഞു പിടിച്ച്
മരണത്തിന്‍റെ വാലില്‍ കെട്ടി
അഞ്ചാം മലയിലേക്കു
പറഞ്ഞു വിടണം.

തുടുത്ത പഴങ്ങളെ
സൂക്ഷിച്ചിരിക്കുന്ന
ചന്തകള്‍ തിളങ്ങുന്ന
ഉടുപ്പുകള്‍ കൊണ്ട്
അലങ്കരിക്കപെടേണ്ടതാണ്.

"ദൈവത്തെയോ ,
ജനനേതാക്കളെയോ
നിങ്ങള്‍ ശപിക്കരുത് "

നിലാവിനെ നഷ്ടമാകുമ്പോള്‍



ഈ കത്ത് താങ്കള്‍
വായിക്കുമോ
എന്നെനിക്കിനിയും ഉറപ്പില്ല
ഇതില്‍ സ്റ്റാമ്പ് ഒട്ടിച്ചിട്ടില്ല;
വിശന്നപ്പോള്‍
മറന്നു പോയതാണ്.


വായിച്ചാല്‍ തന്നെ
എന്നെ തിരിച്ചറിയുമോ
എന്ന എന്‍റെ ഭയം
നിങ്ങള്‍ അറിയാതിരിക്കാന്‍
മാലാഖമാരോട്
അപേക്ഷിക്കുന്നു.

അതെ ,തെരുവിന്‍റെ
ഏറ്റവും ഇടതു ഭാഗത്തുള്ള
മദ്യവില്‍പന ശാലയുടെ
മുന്നിലുള്ള തെരുവ് വിളക്കിന്‍റെ
ചുവട്ടില്‍ തന്നെയാണ്
ഞാനിപ്പോഴും താമസിക്കുന്നത് .

കുടിച്ചു ലക്ക് കെടുമ്പോള്‍
ഭാര്യമാരെ ഓര്‍ത്ത്‌
പ്രേമപരവശരായ
ചില ഭര്‍ത്താക്കന്മാര്‍
എനിക്ക് നേരെ കൈകള്‍
നീട്ടുന്നതും അരികിലെക്കെത്തും
മുന്‍പേ കാറ്റില്‍ തട്ടി വീഴുന്നതും
താങ്കള്‍ ശ്രെദ്ധിച്ചിട്ടുണ്ടാവില്ല.

എങ്കിലും,
വീഴും മുന്‍പേ
ചില തുട്ടുകള്‍ അവര്‍
സ്നേഹത്തോടെ എറിയാറുണ്ട്.
ഓ,അത് സ്നേഹമാണോ എന്തോ ?

കുടിക്കാന്‍ വരി നില്‍ക്കുന്നവരുടെ
സ്വബോധമുള്ള നോട്ടമുണ്ടല്ലോ,
അങ്ങയോടു ഞാന്‍ തുറന്നു പറയട്ടെ
ഇറച്ചി കടകള്‍ക്ക് മുന്‍പിലെ
നായകളെ പോലെയാണത്.

എന്‍റെ ഓരോ രോമവും
പിഴുതു പറിക്കുകയാണ്
എന്ന് തോന്നി പോകാറുണ്ട്
പക്ഷെ എന്തോ ,
അങ്ങയുടെ അന്നത്തെ
നോട്ടമുണ്ടല്ലോ
അതെന്‍റെ മുലകളെ
ഒരു മൊട്ടിനോട് വിരിയാന്‍
വണ്ട്‌ ആവിശ്യപെടുന്ന
പോലെയാണെനിക്ക് തോന്നിയത്.

ഓ ഞാനിതെന്തോക്കെയാണ്
പറയുന്നത് .
ദൈവമേ അടുത്ത പെരുന്നാളിന്
മുട്ടിലിഴഞ്ഞു കൊള്ളാമെ .

ഞങ്ങളുടെ രാജ്യം ചന്ദ്രനില്‍
അടുത്ത ദിവസം ആധിപത്യം
ഉറപ്പിക്കുമത്രേ ;
മാന്യമായി വസ്ത്രം ധരിക്കുന്ന
ആ തടിയന്‍ പറയുന്നത് കേട്ടതാണ്
(അയാളുടെ മുറിയില്‍ നിന്നൊരു
പയ്യന്‍ കരഞ്ഞു കൊണ്ടോടി പോയെന്നു
ആ തൂപ്പുകാരി കഴിഞ്ഞ ദിവസം
പറഞ്ഞിരുന്നു )

എന്‍റെ പേടി എന്താണെന്ന് വെച്ചാല്‍
നിലാവും കൂടെ
ഭരണ കൂടങ്ങള്‍ കയ്യടക്കിയാല്‍
തെരുവിന്‍റെ ഇരുട്ടില്‍
ഞാന്‍ എവിടെ എന്നെ
ഒളിപ്പിച്ചു വെക്കും എന്നതാണ് .

പക്ഷെ ഞങ്ങളുടെ
പ്രധാനമന്ത്രി പറഞ്ഞത്
ഇതൊരു അഭിമാന നിമിഷം ആണെന്നാണ്‌.
ഞാന്‍ അപ്പോള്‍
അറിയാതെ നോക്കിയത്
എന്‍റെ ഉടുപ്പൊപ്പിയെടുത്ത
ഋതുമാറ്റങ്ങളുടെ കറകളെയാണ്

താങ്കള്‍ ഇനിയെന്നാണ്
ഇതിലെ വരിക .
ചിലപ്പോള്‍ ഇതിലെ
ഇനി വരികയേ ഇല്ലായിരിക്കും.
എങ്കിലും നിങ്ങളുടെ കണ്ണുകളിലെ
വസന്തം ഞാന്‍ എന്‍റെ
ഹൃദയത്തില്‍ പറിച്ചു നട്ടിട്ടുണ്ട്
പ്രിയപെട്ടവനെ ,
എന്ന് അഭിസംബോധന
ചെയ്തു ഞാന്‍ എന്‍റെ
കത്ത് നിര്‍ത്തി കൊള്ളട്ടെ .

(മിയ സിയാദ പറഞ്ഞതിന്‍ പ്രകാരം )

Thursday, September 4, 2014

അതിര്‍ത്തികളിലെ ക്രിക്കെറ്റ് കളികള്‍

ഞങ്ങളുടെ വീട്ടില്‍
ഇബ്രാഹിമിന്‍റെ 
കയ്യില്‍ നിന്ന് മേടിച്ച 
അഞ്ച് ആടുകളുണ്ട്. 
അതില്‍ മൂന്നെണ്ണം 
കുട്ടികളാണ്‌. 


വളരെ മുന്‍പ്, 
ഞങ്ങളുടെ ആലയില്‍ 
പതിനൊന്നു പശുക്കളും 
അവര്‍ക്കുള്ള 
ഒരു മൂരിയും ഉണ്ടായിരുന്നു. 


അമ്പത്തേഴ് കഴിഞ്ഞുള്ള 
വീതം വെപ്പിന് ശേഷം 
ആല പൊളിക്കുകയും 
ഭാഗം കിട്ടിയ പശുവിനെ 
അടുക്കള ഭാഗത്തെ 
മുരിക്കില്‍ കെട്ടുകയും ചെയ്തു. 
അതിപ്പോള്‍ 
വാവ് കാത്തിരിപ്പാണ് 

ഞങ്ങളുടെ പാടം 
ഉഴുതുമറിച്ചിരുന്ന 
ഇബ്രാഹിമിന്‍റെ ബാപ്പക്കാണ് 
വീതം വെപ്പില്‍ 
മൂരിയെ കിട്ടിയത്. 


ചുവന്ന കോടി പുതച്ചു
 ഇബ്രാഹിമിന്‍റെ 
ബാപ്പ മരിച്ചു പോയി , 
കുറെ നാളു കഴിഞ്ഞാണ് 
ഞങ്ങളുടെ വീട്ടില്‍ 
പാര്‍ട്ടി ക്ലാസ് നടന്നത് . 


പിന്നെയും, 
കുറെ മുദ്രാവാക്യങ്ങള്‍ 
പാടത്തൂടെയും ,റോഡിലൂടെയും
ഉറച്ചു പെയ്തപ്പോള്‍ 
ഇബ്രാഹിം ഇടയില്‍ 
പള്ളിയിലോടിക്കേറി 
ഞാന്‍ ആലിന്‍ ചുവട്ടിലേക്കും. 


ഇപ്പോള്‍ , 
ഇന്ത്യയുടെയും ,
പാക്കിസ്ഥാന്‍റെയും 
ക്രിക്കെറ്റ് കളി വന്നാല്‍ 
ഞാന്‍ ഇബ്രാഹിമിനെ 
ഒന്ന് നോക്കും 
അവനൊന്നു ചുമയ്ക്കും . 
എന്നിട്ട് , അതിര്‍ത്തികളും 
ബാരിക്കേഡുകളുമുള്ള 
രണ്ടു കൊടികളാവും. 


ഞങ്ങളുടെ കുട്ടിക്ക് 
പാല് കുടിക്കാന്‍ ആട് ,
ഇബ്രഹാമിന്‍റെ വീട്ടിലെ 
ഉണ്ടായിരുന്നുള്ളൂ: 
അവന്‍റമ്മാക്ക് 
ദീനം വന്നപ്പോള്‍ 
വണ്ടി വിളിക്കാന്‍ 
ഞാനേ പാഞ്ഞുള്ളൂ. 


എന്നാലും , 
അവനു പള്ളി കമ്മിറ്റിക്കാരും 
എനിക്ക് അമ്പല കമ്മിറ്റിക്കാരും
 എല്ലാത്തിനുമുണ്ടെന്ന്‍ 
വിശ്വാസമാണ് 
ഞങ്ങളുടെ രണ്ടതിര്‍ത്തികള്‍ .

ദളിതരുടെ താഴ്‌വരകളില്‍
വരേണ്യതയുടെ കൂര്‍ത്ത ലിംഗങ്ങള്‍
സ്വര്‍ഗ്ഗം തിരഞ്ഞു കൊണ്ടിരിക്കുന്നു ..

ദൈവമേ ,നീയതെവിടെയാണ്
ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
ഒരു പൂവിനെയെങ്കിലും രക്ഷിക്കാന്‍
നീയതു പറയുകയില്ലേ ...!

ഒളിച്ചോടുന്ന രണ്ടു പേർ


7.30 നു
യാത്ര തുടങ്ങിയ
ഈ ബസിൽ
യാത്രക്കാരായി
നമ്മൾ രണ്ടു പേർ മാത്രം.
ബസിൽ മുഴച്ചു നില്ക്കുന്ന
ചില മുലകണ്ണുകളെയോ,
ചന്തികളെയോ
എപ്പോൾ വേണമെങ്കിലും
ഒന്നമർത്തി പോകാനോ
യാത്രകളെ
ബെല്ലടിച്ചു ഭീഷണിപെടുത്താനോ,
അവകാശമുള്ള കണ്ടകടർ
എന്നെയോ,നിന്നെയോ
അന്വേഷിക്കുന്നില്ല !

ഭൂമിയുടെ അറ്റത്തേക്കുള്ള
ഈ അവസാന ബസിൽ
കയറി പറ്റിയിരിക്കുന്ന നമ്മൾ
പ്രണയം കൊണ്ടോടി
പോകുന്നവരെന്ന്
അയാൾ ഇതിനകം
അറിഞ്ഞിരിക്കും.
ടൈറ്റാനിക്കിലെ
ജാക്കും റോസും
തുപ്പി കളിച്ച പോലെ
നമ്മളും കളിക്കുമെന്ന്
ഭയന്ന്
നമുക്കയാൾ
ഏതു നിമിഷവും
ഉറകള്‍ സമ്മാനിക്കും.

ഉറകളുടെ മൈക്രോണ്‍
അളന്ന ശേഷം
പഴയ വേഷങ്ങൾ
നാം അഴിച്ചു വെക്കും.
മഴയും , വെയിലും കൊള്ളാതെ..

നീ നിന്‍റെ ഭർത്താവിനെ
മടുത്ത പോലെ
അല്ലെങ്കിൽ,
ഞാൻ എന്‍റെ കാമുകിയെ
വെറുത്ത പോലെ,
നാം തമ്മിൽ
യാത്ര ചെയ്തു മടുക്കുമ്പോൾ
ഉടുത്തൊരുങ്ങി തിരിച്ചു പോകാൻ
നമ്മളാ വേഷങ്ങൾ സൂക്ഷിച്ചു വെക്കും .

ബസിപ്പോൾ
ഏതോ കടൽ
കഴിഞ്ഞു കാണും
കടലാമകൾ മുട്ടയിട്ടു പോയ
മണൽ തീരങ്ങൾ കാണാം
എങ്കിലും ,
കിഷോർ കുമാറിന്‍റെ
ഒരു പ്രണയ ഗാനം
ഈ ഡ്രൈവർ ഇടാത്തതിനെകുറിച്ചു
നാം ചിലപ്പോൾ
ഒരു സ്റ്റാട്ടസ് അപ്ഡേറ്റ് ചെയ്തേക്കും.
വീഞ്ഞിനോ ,മോര്‍ഫിനോ അടിമപെടുന്നതിലും വേഗതയിലാണ്‌

"പ്രണയിക്കുന്നു" എന്ന എന്‍റെ വാക്കിലേക്ക് നീ അടിമപെട്ടതും

അതില്ലാതെ ജീവിക്കാനാവില്ല എന്ന് വിളിച്ചു പറഞ്ഞതും.

മരണങ്ങളെ തിരഞ്ഞു പോകുന്നവര്‍

അതിര്‍ത്തികളില്‍
നട്ടു വെക്കുമ്പോള്‍
തീ ഒരൊറ്റ മരമല്ല
ഒരു കാടാണ്‌.


അഴുകി ദ്രവിച്ച
വിശ്വാസങ്ങള്‍
തീ പടര്‍ത്തുന്ന
ഖനന വസ്തുവാകും


അധികാരത്തിന്‍റെ
റഡാറുകള്‍
നീല കണ്ണുകളുള്ള
ശലഭങ്ങളെ
റോക്കറ്റ്‌ ലോഞ്ചറുകളെന്നു
കണ്ടെത്തുമ്പോള്‍
തെറിച്ചു പോകുന്നൊരിളം
തലയോട്ടിയില്‍
വിട്ടു പോകാതെ,
പാലിറ്റുന്നൊരു
മുല ഞെട്ടുണ്ടാകും.


ഒരാദ്യരാത്രിയെ
മുഴുമിപ്പിക്കാനാവാതെ
പൊട്ടിത്തെറിച്ചു ചിതറിയ
ആലിംഗനത്തില്‍
നിന്നടരാന്‍ വയ്യാതെ
നഗ്നതകള്‍
പത്രക്കാര്‍ക്ക് പോസ് ചെയ്യും.
വയലില്‍ നിന്ന്
ഉച്ചകഞ്ഞിക്ക്‌ വരുന്നവനെ
കാക്കകള്‍ കഷ്ണങ്ങളായി
കൊത്തിയെടുത്ത് പറക്കും.


പക്ഷെ അപ്പോഴും
തീ കൊടുത്തവനും
തീയിലെരിഞ്ഞവനും
ദൈവത്തെ കുറിച്ച് തന്നെയാണ്
പറയുന്നത് .
മനുഷ്യനെക്കുറിച്ചോ
സ്നേഹത്തെക്കുറിച്ചോ
പഠിക്കരുതെന്നും
പഠിപ്പിക്കരുതെന്നും
അവരെ മതങ്ങള്‍
ഭീഷണിപ്പെടുത്തിയിട്ടുണ്ട് .


വിശക്കുമ്പോള്‍ അമ്മയൊരു കാക്കയാവും

അപ്പോഴും ഞാന്‍ കരയും ...കൈകൊട്ടും ..


ആകാശത്തും കര്‍ക്കിടകമാണോ ആവോ ?

അവളന്ന് പോകുമ്പോള്‍

തിരക്കില്‍ കുടയെടുത്തോ എന്തോ ...
എല്ലാ പുരോഹിതന്മാരും ഒരുമിച്ചുറങ്ങുന്ന

ഒരു കല്ലറയുടെ മുകളിലെ

നിലാവിനെന്തു ഭംഗിയായിരിക്കും ...
വെയിലുകളില്‍ നരച്ച കാഴ്ചകളാണ്‌

നമ്മെ ,ഒരേ വയലില്‍

പരസ്പരം കാണാന്‍ കഴിയാത്ത

രണ്ടു ജമന്തി പൂക്കളാക്കിയത്
അറ്റമെത്താത്ത തുണിയില്‍

എത്ര പൊതിഞ്ഞാലും

തുളച്ചു പോകുന്ന തണുപ്പിലേക്ക്

പിന്നെയും ചുരുണ്ട് പോകുന്നൊരു കടത്തിണ്ണ
മുളപ്പിച്ചെടുത്ത ഉമ്മകള്‍

മരുക്കാടുകളില്‍ നട്ടു വെക്കും ,

വിളവെടുപ്പ്‌ കാലത്ത് എന്‍റെ പക്ഷികള്‍

നിന്നിലേക്ക് പറന്നു വരും ;

വിളഞ്ഞ ഉമ്മ മരങ്ങളുമായി ..
നിന്‍റെ മുറ്റത്ത്‌ നട്ടു വെക്കുന്നു,

നിന്‍റെ മുറിയില്‍ വരച്ചു വെക്കുന്നു ..

നിന്‍റെ കണ്ണാടിയില്‍ പറിച്ചു വെക്കുന്നു ..

എന്നെ ,നിന്‍റെ ഹൃദയത്തില്‍

ഞാന്‍ മുറിച്ചു വെക്കുന്നു ..
അവളിപ്പോൾ മുട്ടിലിഴഞ്ഞു ഭിത്തിയിലേക്ക്

മെല്ലെ എത്തി പിടിക്കുന്നുണ്ടാവും..

വീഴും വീഴും എന്ന പതിവ് വേവലാതിയോടെ

പുറകെ നീ പായുന്നുണ്ടാവും.




തീയുള്ള എൻറെ മുറിയിൽ

നിന്റെ തണുപ്പിനെ

പുതച്ചിരിക്കുകയാണ് ഞാനിപ്പോൾ.

ഇടയ്ക്കൊക്കെ നിന്നെ ഞാൻ

കണ്ണിൽ നിന്നും പറിച്ചെടുത്ത്

മുറിയിൽ മുറിച്ചു മുറിച്ചു വെക്കും .

എന്നിട്ട്, അക്കുത്തിക്കുത്ത് കളിച്ചിരിക്കും .

പുഴുക്കളുടെ കക്കൂസുകള്‍

മഴയില്‍ നടന്നവരെല്ലാം
നനഞ്ഞവരായിരുന്നില്ല
എന്നത് പോലെ ,
വെയിലില്‍ തിളങ്ങിയവയെല്ലാം
തണല്‍ ചൂടിയവയുമായിരുന്നില്ല
എന്ന ഒരു സിദ്ധാന്തം

ഇനിയും വരാനിരിക്കുന്ന
അരിമണികള്‍ക്ക് തിളയ്ക്കുന്ന,
അടുക്കളകളില്‍ നിന്നും
എല്ലായ്പ്പോഴും തന്നെ
പുറത്തേക്കിറങ്ങി പോകുന്നുണ്ട് .

പുഴക്കരയിലെ ,
"ഭൂമിയില്‍ പുഴുക്കളുണ്ട്"
എന്ന പരസ്യമുള്ള ഫ്ലാറ്റിന്‍റെ
ആറാം നിലയിലെ പത്താം നമ്പര്‍ മുറിയുടെ
ബാത്ത് ടബ്ബിലെ നഗ്നതയുടെ പാട്ടുകള്‍ക്ക്
ഇന്ന് വരെ സമയങ്ങള്‍
എഴുതപ്പെട്ടിട്ടുള്ളതായി അറിവില്ല .
എന്നാല്‍ ,
ഭൂമിയില്‍ പുഴുക്കളുണ്ട്
എന്ന ഫ്ലാറ്റിന്‍റെ കീഴെയുള്ള
അഴുക്കു ചാലിന്‍റെ
അരികു മുറിക്കുന്ന
"അടയാളങ്ങളില്ലാത്ത ജീവിതങ്ങള്‍ "
എന്ന വീട്ടില്‍ നിന്നും
അകത്തു നിന്ന് കൊളുത്തിടാവുന്ന
കക്കൂസ് സ്വപ്നം കണ്ട്
ഒരു പെണ്‍കുട്ടി എന്നും
പുഴക്കരയിലേക്ക്
അതിരാവിലെ പോകുന്നത്
നമ്മള്‍ ഒളിഞ്ഞു കാണുന്നുണ്ട്

കുളിക്കുമ്പോള്‍ ചുറ്റിലും വളരുന്ന
കൂര്‍ത്ത മുള്ളുകള്‍
അവളുടെ പാട്ടിനെ നിശബ്ദതയില്‍
ഒളിപ്പിച്ചു വെക്കുമ്പോഴെല്ലാം
സ്വയം ആസ്വദിക്കാനാവാത്ത
നഗ്നതയെ ചിലപ്പോളെല്ലാമവള്‍
നുള്ളി കരയിക്കുമ്പോള്‍
ഉഛ്വാസ വായു മാത്രമുള്ള
സ്വയംഭോഗികള്‍
അവള്‍ക്കില്ലാത്ത
കുളിമുറിയെക്കുറിച്ചോര്‍ത്ത്
മുറുക്കിയ കയ്യുകളാല്‍
മുദ്രാവാക്യം വിളിക്കും .

എട്ടാം നിലയിലെ
ഇരുപത്തി മൂന്നാം നമ്പര്‍ മുറിയുടെ
ബാല്‍ക്കണിയില്‍
മാര്‍ഗരിത്ത നുണയുന്ന
ആ ചുരുണ്ടമുടിക്കാരിയാണ്
ടോപ്പ് വ്യൂവിലൂടെ
"പുഴുക്കളുടെ കക്കൂസുകള്‍"
എന്ന ഡോക്ക്യുമെന്‍റ്റി ചെയ്യുന്നത് .
സ്വപ്നങ്ങളില്‍ ,നിന്നെയങ്ങിനെ

ചുട്ടെടുത്ത് ചുട്ടെടുത്തിരിക്കുമ്പോഴേക്കും

കാക്കയോ ,പൂച്ചയോ

വന്നെത്തി നോക്കുന്നു !
വിളഞ്ഞ ചോള വയലുകളെക്കുറിച്ച്

അവളോട് ഞാന്‍ പറയുന്നു .

മരണത്തിന്‍റെ പൂത്ത തലയോട്ടികള്‍

ആണെന്നവള്‍ ചിരിക്കുന്നു.

പ്രണയത്തിന്‍റെ കുന്നുകളിലുറങ്ങാമെന്നു

ഞാന്‍ കണ്ണിറുക്കുന്നു

ചുളിഞ്ഞ രണ്ടു മുലകളെന്നവള്‍

തിരിച്ചിറങ്ങുന്നു.
തേടി പോകുമ്പോഴെല്ലാം

മുറിഞ്ഞു പോകുന്നുണ്ട് നീ.

എന്നോളമില്ലെങ്കിലും

അത്രയും തന്നെ

പ്രണയിക്കുന്നുണ്ട് നിന്നെ ...
"എല്ലാ മരങ്ങളും കാടുകളാണ്"

എന്ന് കുമ്പസാരിച്ച വേശ്യയുടെ

അവസാനത്തെ കണ്ണു നീരിലാണ്

എങ്കില്‍, ഇനി നമുക്ക് പ്രണയിക്കാമെന്നു

പുരോഹിതന്‍ തീരുമാനിക്കുന്നത്.
"തെളിയാത്ത കാടുകളില്‍ ,

കോരിയെടുക്കപ്പെടാത്ത പുഴകളില്‍

നാം പ്രണയത്തെ കൂട്ടി കൊണ്ട് പോയി..



അപ്പോഴൊക്കെയും ,

ഞാന്‍ ചെരുപ്പുകുത്തിയുടെ മകനും,

നീ കരം പിരിവുകാരന്‍റെ മകളുമായിരുന്നു.

എന്നിരുന്നാലും , നാം ചുംബിക്കുമ്പോഴൊക്കെയും

പ്രണയമല്ലാതെ മറ്റൊന്നും പൂത്തിരുന്നില്ല ."
ആകയാല്‍ ,
പ്രണയം കൊണ്ടെന്നെ നീ മുറിച്ചു കൊള്ളുക 
ചുംബനം കൊണ്ട് വീതം വെക്കുക 
നഗ്നത കൊണ്ട് പുതക്കുക 
ഞാന്‍ സമര്‍പ്പിക്കപ്പെട്ടവനാകുന്നു
അതെ, പ്രണയമെന്നു തന്നെ

വിളിക്കേണ്ടി വരും.

മൌനങ്ങളില്‍ നിന്നും

വേര്‍തിരിച്ചെടുക്കുന്നയീ വേദനയെ

പ്രണയമെന്നു തന്നെ

വിളിക്കേണ്ടി വരും.
ഗ്രാമത്തിലെ
ഏറ്റവും മികച്ച
വീഞ്ഞുണ്ടാക്കുന്നവളെ ,
പ്രണയമെന്ന നിന്‍റെ
അത്ഭുത ചേരുവ
ഞാനിതാ കണ്ടെത്തി
കഴിഞ്ഞിരിക്കുന്നു .



നിന്‍റെ തട്ടി തൂവുന്ന
അടുക്കള മണങ്ങളെ ,
മുഷിഞ്ഞ ഉടുപ്പുകളെ ..
ഓ! പ്രിയപെട്ടവളെ ,
മണല്‍ കാടുകളില്‍
ഞാനിപ്പോഴും
അലയുകയാണ്...
ഒരു മുലകച്ച പോലുമില്ലാതെ
നിന്‍റെ നിലാവുകളെ
ഞാന്‍ കടത്തി പോകാറുണ്ട്

വീണു പോയതെന്ന് തോന്നുന്ന വിധം

ഒരിലയില്‍ നിന്ന് കാറ്റടര്‍ന്ന് വീണെന്നു
തോന്നിപ്പിക്കുമെങ്കിലും
കാറ്റോ ,ഇലയോ
അകല്‍ച്ചയിലേക്ക് പരസ്പരം
വീണു പോവുന്നതേയില്ല .