വയനാടന്‍

Thursday, September 4, 2014

പുഴുക്കളുടെ കക്കൂസുകള്‍

മഴയില്‍ നടന്നവരെല്ലാം
നനഞ്ഞവരായിരുന്നില്ല
എന്നത് പോലെ ,
വെയിലില്‍ തിളങ്ങിയവയെല്ലാം
തണല്‍ ചൂടിയവയുമായിരുന്നില്ല
എന്ന ഒരു സിദ്ധാന്തം

ഇനിയും വരാനിരിക്കുന്ന
അരിമണികള്‍ക്ക് തിളയ്ക്കുന്ന,
അടുക്കളകളില്‍ നിന്നും
എല്ലായ്പ്പോഴും തന്നെ
പുറത്തേക്കിറങ്ങി പോകുന്നുണ്ട് .

പുഴക്കരയിലെ ,
"ഭൂമിയില്‍ പുഴുക്കളുണ്ട്"
എന്ന പരസ്യമുള്ള ഫ്ലാറ്റിന്‍റെ
ആറാം നിലയിലെ പത്താം നമ്പര്‍ മുറിയുടെ
ബാത്ത് ടബ്ബിലെ നഗ്നതയുടെ പാട്ടുകള്‍ക്ക്
ഇന്ന് വരെ സമയങ്ങള്‍
എഴുതപ്പെട്ടിട്ടുള്ളതായി അറിവില്ല .
എന്നാല്‍ ,
ഭൂമിയില്‍ പുഴുക്കളുണ്ട്
എന്ന ഫ്ലാറ്റിന്‍റെ കീഴെയുള്ള
അഴുക്കു ചാലിന്‍റെ
അരികു മുറിക്കുന്ന
"അടയാളങ്ങളില്ലാത്ത ജീവിതങ്ങള്‍ "
എന്ന വീട്ടില്‍ നിന്നും
അകത്തു നിന്ന് കൊളുത്തിടാവുന്ന
കക്കൂസ് സ്വപ്നം കണ്ട്
ഒരു പെണ്‍കുട്ടി എന്നും
പുഴക്കരയിലേക്ക്
അതിരാവിലെ പോകുന്നത്
നമ്മള്‍ ഒളിഞ്ഞു കാണുന്നുണ്ട്

കുളിക്കുമ്പോള്‍ ചുറ്റിലും വളരുന്ന
കൂര്‍ത്ത മുള്ളുകള്‍
അവളുടെ പാട്ടിനെ നിശബ്ദതയില്‍
ഒളിപ്പിച്ചു വെക്കുമ്പോഴെല്ലാം
സ്വയം ആസ്വദിക്കാനാവാത്ത
നഗ്നതയെ ചിലപ്പോളെല്ലാമവള്‍
നുള്ളി കരയിക്കുമ്പോള്‍
ഉഛ്വാസ വായു മാത്രമുള്ള
സ്വയംഭോഗികള്‍
അവള്‍ക്കില്ലാത്ത
കുളിമുറിയെക്കുറിച്ചോര്‍ത്ത്
മുറുക്കിയ കയ്യുകളാല്‍
മുദ്രാവാക്യം വിളിക്കും .

എട്ടാം നിലയിലെ
ഇരുപത്തി മൂന്നാം നമ്പര്‍ മുറിയുടെ
ബാല്‍ക്കണിയില്‍
മാര്‍ഗരിത്ത നുണയുന്ന
ആ ചുരുണ്ടമുടിക്കാരിയാണ്
ടോപ്പ് വ്യൂവിലൂടെ
"പുഴുക്കളുടെ കക്കൂസുകള്‍"
എന്ന ഡോക്ക്യുമെന്‍റ്റി ചെയ്യുന്നത് .

No comments:

Post a Comment