വയനാടന്‍

Wednesday, March 30, 2016

കണ്ണാടി

വയലിൽ മെലിഞ്ഞ
അരക്കെട്ടിൽ നിന്നൊരുടുമുണ്ട്
ഊർന്നു വീഴുമ്പോൾ
നാമെന്തു ചെയ്യും ?
ടിപ്പറുകളിൽ നികന്നു,
വരാൻ പോകുന്ന നഗരത്തിനെ
കാതോർക്കും ...

ഭരണകൂടം അവന്റെ
അടിവസ്ത്രമുരിയുകയും
അടിവയറിനു തൊഴിക്കുകയും
ചെയ്യുമ്പോഴുള്ള ചെണ്ടകളുടെ
അലർച്ചകളോട് നാമെന്തു ചെയ്യും?

മഴ, വെയിൽ കണക്കിൽ
തോറ്റ കുട്ടിയെന്ന പോൽ ശകാരിക്കും
ഉപദേശിക്കും വാ പൊത്തി ചിരിക്കും.

എളുപ്പത്തിൽ കയറാവുന്ന
ഒരു മരകൊമ്പിൽ അവൻ
കഴുത്തൊടിച്ചിടുമ്പോൾ
തുറിച്ചുപോയ കണ്ണുകളോട്
നാമെന്തു പറയും ?

തനിച്ചായ അവന്റെ ഭാര്യയുടെ
നടുവിരൽ ഈണങ്ങളോർത്തു വേദനിക്കും
ഒറ്റപ്പെടുന്ന വഴികളിൽ വെച്ച്
മുട്ടിയാൽ തുറക്കുന്ന
കൊളുത്തുകളെക്കുറിച്ച് ചോദിക്കും.

വിവേചനത്തെക്കുറിച്ച്
ഫാനിൽ തൂക്കിയിട്ട ചോദ്യത്തോട്
നാമെന്തു പറയും ?

സംസ്ക്കാരത്തെക്കുറിച്ചല്ലാതെ
മറ്റെന്തു പറയാൻ

സ്വാതന്ത്ര്യത്തെക്കുറിച്ച്
ഇരുട്ട് മുറിയിലടച്ച കുട്ടികൾ ചോദിക്കുമ്പോൾ
നാമെന്തു പറയും?

അതിർത്തികളിൽ
കൊലചെയ്യപ്പെട്ടവരുടെ
ശവക്കുഴികൾ തോണ്ടിക്കാണിക്കും.