വയനാടന്‍

Monday, March 17, 2014

കള്ളി പൂച്ച

ഡീ ചക്കിയേ ..
എന്ന് വിളിക്കുമ്പോൾ
ഒരു ഉരസൽ
തിരക്കുകളിൽ നിന്നോടി വന്ന്
മേലാകെ പടരും ...
കരിയും പുകയും
ചുറ്റും കാണും
നനവും ഒട്ടലും
പറ്റിപിടിചിട്ടുണ്ടാവും
ഇന്നത്തെ കറിയും
അതിന്റെ നീറ്റലുമുണ്ടാകും
മത്തിയുടെ ഉളുമ്പുണ്ടാവും
ഒരു നൂറു കൂട്ടം പണിയുണ്ടെന്ന
വേവലാതിയും കാണും
എന്നാലും ,
തിരക്കിലെയാ ഉരസലുകലാണ്
ഈ ജീവിതമെന്നു
അമർത്തിപിടിയ്ക്കും
അപ്പോഴേക്കും
കുക്കർ മൂന്നാമത്തെ
വിസിൽ അടിച്ചിരിക്കും
ടാങ്ക്‌ നിറഞ്ഞൊഴുകും
തുണി കുതിർന്നിരിക്കും
ചിന്നുവിന്റെ കള്ളി പൂച്ച
മീനിന്റെ തൊട്ടടുത്തെത്തിയിരിക്കും ...
"ഈ മനുഷ്യനിതെന്തിന്റെ കേടാ ....,"
എന്നൊരു മോഹം ബാക്കിയാക്കി
ഊർന്നിറങ്ങിയോടുന്നൊരു കള്ളി പൂച്ച

Wednesday, March 12, 2014

ആണ്‍ മണമില്ലാത്ത ലായങ്ങൾ

മൂന്നു നിലകളിൽ
നിറയെ മുറികളുള്ള ആ ഹോസ്റലിൽ
ആണ്‍മണമൊരിക്കൽ പോലും
ഒളിഞ്ഞോ തെളിഞ്ഞോ
വാതിലുകളടച്ചു വിയർത്തിട്ടില്ല .ഒട്ടി വഴുകുന്ന ഒരു ഉറ പോലും
ടോയിലെറ്റിൽ ഫ്ലെഷ് ചെയ്യപെട്ടിട്ടില്ല
ബീജം കുത്തി നിറച്ച്
ഒരു ആണ്‍ മണവും
ജനാലകൾ ചാടിയിട്ടില്ല .
പക്ഷെ ,
രാത്രിയിൽ വാതിലുകൾ അടയപെടുമ്പോൾ
അതൊരു കുതിരാലയമാകും ..
തടിച്ച ചന്തിയുള്ള ഒരു ലായക്കാരത്തി
അതിനു കാവലിരുന്നുറങ്ങും.
അപ്പോൾ മാത്രം ,
ചില മുറികളിലെ കട്ടിലുകളിൽ നിന്ന്
ആണ്‍ കുതിരകളും പെണ്‍കുതിരകളും
രൂപം കൊളളും ...
ആർത്തവ പൂക്കൾ ചുവന്നവർ
മോർച്ചറിയിലെ ശവങ്ങളെപോലെ
കിടന്നുറങ്ങും .
ആണ്‍ കുതിരകളും , പെണ്‍കുതിരകളും കൂടി
യോദ്ധാവും കടിഞ്ഞാണുമില്ലാത്ത
ഒരു യുദ്ധത്തിനു പോകും
പരസ്പരം കുന്നുകളിടിച്ചു തിമിർക്കും
എത്രയിടിച്ചാലും തൊടാനാവാത്ത
ആഴങ്ങളുടെ വക്കത്തു വെച്ച് ,
അവർ ആണ്‍ മണങ്ങളെ കൊതിക്കും ...

ലായക്കാരിയുടെ കൈ വിരലുകളപ്പോൾ
ഒരു വീണ മീട്ടുകയായിരിക്കും
അല്ലെങ്കിൽ അവർ ഒരു ചെറിയ കുതിരയെ
മെരുക്കുകയായിരിക്കും ....

Tuesday, March 11, 2014

പ്രവാചകൻ ഏലിയ

'ചെറിത്ത് '
എന്ന വറ്റിയ
പുഴയുടെ കരയിലേക്ക്
പാലായനം ചെയ്യപെട്ട
ഏലിയയെ
കാക്കകൾതീറ്റിക്കുമ്പോഴാണ്
സറെഫത്തിലേക്ക്
ഉടനെ യാത്രയാവാൻ
ദൈവത്തിന്റെ
കാഴ്ചയില്ലാത്ത മാലാഖ
അവനോടാഞാപിക്കുന്നത്ഈ ഇരുപത്തി മൂന്നാം വയസ്സിലും
ഒരു പെണ്‍ കുട്ടിയുടെ പ്രേമം
രുചിച്ചു നോക്കുവാൻ പോലുമാകാതെ
മരിച്ചു പോകുമെന്നയാൾ
ഇടയ്ക്കിടെ കരഞ്ഞു പോകുന്നതിനിടയിലാണ്
ജെസബെൽ രാജകുമാരിയുടെ
പച്ച നിറമാർന്ന ,
തിളങ്ങുന്ന കണ്ണുകൾ
ഓർമ്മിച്ചെത്തുന്നത് ."ഇസ്രായേലിൽ ബാൽ ദൈവം
ആരാധിക്കപെടുവോളം
മഴ പെയ്യുകയില്ലെന്നു "
ആഹാബ് രാജാവിന്
മുന്നറിയിപ്പ് നല്കാൻ
ഗിൽഡിലെ വെറുമൊരു
മരപ്പണിക്കാരനായ തന്നെ
ദൈവം ,
തിരഞ്ഞെടുത്തതെന്തിനെന്നു
ചെറിത്തിലെ കല്ലുകളിൽ
തട്ടി തടയുമ്പോഴെല്ലാം
ഏലിയ ആലോചിക്കുന്നുണ്ട് .ദൈവങ്ങളുടെ കുടി പകയിൽ
പോരാളികളാവാൻ ,
മനുഷ്യനെ പ്രവാചകരുടെ
വെളിപെടുത്തലുകളിലൂടെ
അടിമപെടുത്തുകയാണ്
ദൈവമെന്നു
മരപ്പണിക്കാരനായ പ്രവാചകൻ
ഏലിയയോ അയാളുടെ
കാഴ്ചയില്ലാത്ത മാലാഖയോ
പക്ഷെ വെളിപെടുത്തുന്നില്ല !