വയനാടന്‍

Wednesday, September 24, 2014

കത്തില്‍ ഫെമിനിസമില്ലാത്തവള്‍



അകന്നിരിക്കുന്നവനെ ,
നമ്മുടെ അടുക്കള തോട്ടത്തിലെ
ചാമ്പ മരച്ചുവട്ടിലൂടെ
രണ്ടു പാമ്പുകള്‍
ഇഴഞ്ഞു പോയി .....


ആപ്പിള്‍ ഇലകള്‍ പൊഴിഞ്ഞു
വീഴുന്നുണ്ടായിരുന്നപ്പോള്‍ ..!
ചുവന്ന ചാമ്പകള്‍
പ്രേമത്താല്‍ ആത്മഹത്യ ചെയ്തവരുടെ
അന്ത്യ ചുംബനം പോലെ
തുടുത്തിരുന്നു.
അതിനു ശേഷമാണ്
കുശവത്തി മാതുവിന്‍റെ
കയ്യില്‍ നിന്നും
ഒരു മീന്‍ ചട്ടി മേടിച്ചത്,
എന്നെ പുളിയിട്ടു വെക്കാന്‍

ഓ ,അവളുടെ മൂക്കുത്തി
ചുവന്ന കല്ലാക്കിയിരിക്കുന്നു.
അടുക്കളയിലെ
ആടുകളെ മേയ്ച്ചു
കുളിച്ചു വരുമ്പോള്‍
അകന്നിരിക്കുന്നവനെ..,
മുറിയിലാകെ നിന്‍റെ മണമാണ്.

അരികിലില്ലാത്തവനേ ..,
ഇലയറിയാതിരിക്കാന്‍
കാറ്റിനെ ഞാന്‍ ജനലുകള്‍
കൊണ്ട് മൂടി വെക്കും .
വെള്ളയില്‍ നീല പൂക്കളുള്ള
കിടക്കവിരി ഓര്‍മ്മയില്ലേ ?
അതിലേക്കു നിന്‍റെ
മണത്തിനെ ഞാന്‍ കൊഴിച്ചിടും.
അപ്പോള്‍ നമ്മള്‍
ഒരുമിച്ചു കറ്റയടിച്ചു
അളന്നെടുത്ത പറ നെല്ലുകളെ
ഓര്‍ത്ത്‌ നടുവിരല്‍
മീട്ടി ഞാനൊരു
കൊയ്ത്തു പാട്ട് പാടും.
പാട്ടിന്‍റെ ഈണങ്ങളില്‍
അരയിലൊരു കയറിട്ടു
ആകാശത്തിലെ നാണം കുണുങ്ങിയായ
ഒരു നക്ഷത്രത്തെ എറിഞ്ഞു കെട്ടും

എന്നിട്ട് ,അകന്നിരിക്കുന്നവനെ..,
ഞാന്‍ കയറി പോകാറുണ്ട്
നിന്‍റെ ആകാശങ്ങളെ കാണാന്‍.
അരികില്‍ നിന്നും
അകന്നിരിക്കുന്നവനേ...
നിന്‍റെ ചുണ്ടുകളില്‍ ഇപ്പോഴും
ആ ഉറുമ്പുകള്‍ ഉണ്ടോ ?
നിന്‍റെ കൈകളില്‍ ഇപ്പോഴും
പഴുതാരകളെ നീ
ഒളിപ്പിച്ചു വെച്ചിരിക്കുന്നുവോ ?
പ്രിയപെട്ടവനേ..,
ഞാനിതാ നിന്‍റെ ആകാശങ്ങളില്‍
തൊണ്ട വരണ്ടിരിക്കുന്നു
16 September

No comments:

Post a Comment