വയനാടന്‍

Wednesday, September 24, 2014

വചനങ്ങളില്‍ ജീവിക്കുകമുന്തിയ പഴങ്ങള്‍
വില്‍ക്കുന്ന ചന്തയുടെ
തിരക്കില്‍
ഏറ്റവും മികച്ചത്
തിരഞ്ഞു തിരഞ്ഞു
സന്തോഷിക്കുമ്പോള്‍


മത വെയിലുകളില്‍
നിഴല്‍ വിരിച്ചിട്ടു
വേട്ടക്കിറങ്ങുന്ന
കുറുനരികള്‍ തിന്നു തീര്‍ത്ത
തെരുവുകളില്‍ ,
ബാക്കിയായ
വിശപ്പുകളുടെ കൈ നീട്ടല്‍
ഒരു നശിച്ച ഓടയെക്കാള്‍
മോശമാണ് .

"ദൈവത്തെയോ ,
ജനനേതാക്കളെയോ
നിങ്ങള്‍ ശപിക്കരുത് "
എന്ന വചനം
വളരെ പെട്ടെന്ന്
ചന്തയില്‍ മുഴങ്ങിയതു
കൊണ്ട് മാത്രമാണ്
ആറു വയസ്സുകാരന്‍
ഹാഷിം എന്ന
ചെക്കനെ വിശപ്പുള്ള
അനാഥനാക്കിയതില്‍
രണ്ടു പേരും വെറുതെ
വിടപെടുന്നത്.

തെരുവില്‍
അലഞ്ഞു തിരിയുന്ന വിശപ്പുകളെ,
നുര വറ്റിയ നാവുകളെ ,
നീണ്ടു വരുന്ന കൈകളെ
കുരുക്കെറിഞ്ഞു പിടിച്ച്
മരണത്തിന്‍റെ വാലില്‍ കെട്ടി
അഞ്ചാം മലയിലേക്കു
പറഞ്ഞു വിടണം.

തുടുത്ത പഴങ്ങളെ
സൂക്ഷിച്ചിരിക്കുന്ന
ചന്തകള്‍ തിളങ്ങുന്ന
ഉടുപ്പുകള്‍ കൊണ്ട്
അലങ്കരിക്കപെടേണ്ടതാണ്.

"ദൈവത്തെയോ ,
ജനനേതാക്കളെയോ
നിങ്ങള്‍ ശപിക്കരുത് "

No comments:

Post a Comment