വയനാടന്‍

Thursday, September 4, 2014

മരണങ്ങളെ തിരഞ്ഞു പോകുന്നവര്‍

അതിര്‍ത്തികളില്‍
നട്ടു വെക്കുമ്പോള്‍
തീ ഒരൊറ്റ മരമല്ല
ഒരു കാടാണ്‌.


അഴുകി ദ്രവിച്ച
വിശ്വാസങ്ങള്‍
തീ പടര്‍ത്തുന്ന
ഖനന വസ്തുവാകും


അധികാരത്തിന്‍റെ
റഡാറുകള്‍
നീല കണ്ണുകളുള്ള
ശലഭങ്ങളെ
റോക്കറ്റ്‌ ലോഞ്ചറുകളെന്നു
കണ്ടെത്തുമ്പോള്‍
തെറിച്ചു പോകുന്നൊരിളം
തലയോട്ടിയില്‍
വിട്ടു പോകാതെ,
പാലിറ്റുന്നൊരു
മുല ഞെട്ടുണ്ടാകും.


ഒരാദ്യരാത്രിയെ
മുഴുമിപ്പിക്കാനാവാതെ
പൊട്ടിത്തെറിച്ചു ചിതറിയ
ആലിംഗനത്തില്‍
നിന്നടരാന്‍ വയ്യാതെ
നഗ്നതകള്‍
പത്രക്കാര്‍ക്ക് പോസ് ചെയ്യും.
വയലില്‍ നിന്ന്
ഉച്ചകഞ്ഞിക്ക്‌ വരുന്നവനെ
കാക്കകള്‍ കഷ്ണങ്ങളായി
കൊത്തിയെടുത്ത് പറക്കും.


പക്ഷെ അപ്പോഴും
തീ കൊടുത്തവനും
തീയിലെരിഞ്ഞവനും
ദൈവത്തെ കുറിച്ച് തന്നെയാണ്
പറയുന്നത് .
മനുഷ്യനെക്കുറിച്ചോ
സ്നേഹത്തെക്കുറിച്ചോ
പഠിക്കരുതെന്നും
പഠിപ്പിക്കരുതെന്നും
അവരെ മതങ്ങള്‍
ഭീഷണിപ്പെടുത്തിയിട്ടുണ്ട് .

No comments:

Post a Comment