വയനാടന്‍

Monday, October 13, 2014

ഉറുമ്പുകള്‍

1.
പോത്ത് വെട്ടുകാരന്‍ അയ്മുട്ടിയെ
വേദം പഠിപ്പിക്കാന്‍ പോയവന്‍റെ
വീട്ടിലേക്കു ഉറുമ്പുകള്‍
നടന്നു കയറുന്നു.

ഉമ്മറപ്പടിയില്‍ വെച്ച്
കൊച്ചുമകന്‍ വരിയില്‍ ചേരുന്നു
നിരതെറ്റാതെ
ഉള്ളിലേക്കുള്ളിലേക്ക്...

ഒരിരുട്ടു മുറിയില്‍
മരിക്കാനിട്ടിരിക്കുന്ന
അച്ഛമ്മയുടെ
ചോറ് പാത്രത്തില്‍
ഉറുമ്പുകള്‍
നാറിയ
മൂത്രമണത്തില്‍
മൂക്ക് പൊത്തുന്നു.

ഏതാണ്ടതേ സമയത്ത് തന്നെയാണ്
അയ്മുട്ടി
ഭാരത ദര്‍ശനത്തിന്‍റെ
നാലാമത്തെ പേജില്‍
മുട്ടു കുത്തി നില്‍ക്കുകയും
രാജാവ് മുറ്റമടിക്കാന്‍
ചൂലുമായി വരികയും ചെയ്തത്.

2.
മക്കാവു തെരുവില്‍
കളിപ്പാട്ടങ്ങളുടെ
വലിപ്പത്തെയും,
പതുപതുപ്പിനെയും കുറിച്ച്
സംശയം ചോദിച്ചു
കൊണ്ടിരിക്കുന്നതിനിടയിലാണ്.

എത്ര തിരഞ്ഞിട്ടും
കാണാതെ പോയ
രാഘവേട്ടനെ
കണ്ടെത്താന്‍ കഴിയാത്ത
ചുണ്ടിനെയോ,
അരകെട്ടിനെ തന്നെയോ
കുറ്റം പറഞ്ഞിരിക്കുന്ന
ത്രേസ്യയുടെ വീട്ടില്‍
തീപ്പട്ടിക്കൊള്ളി ചോദിച്ചവനെ
അടിച്ചു കൊന്ന
സദാചാരക്കാരന്‍ അബ്ദുവിനെ
അറസ്റ്റു ചെയ്യപെടുന്നത്.

അച്ഛമ്മയുടെ
കഫം ചുമന്ന്‍ പോയ
അതെ ഉറുമ്പുകള്‍ തന്നെയാണ്
തീപ്പട്ടി കൊള്ളി
ചോദിച്ചു മരിച്ചവന്‍റെ
ശവകൂനയിലും
നിരന്നു നില്‍ക്കുന്നതെന്ന്
കൊച്ചു മകന്‍ കവിത ചൊല്ലുന്നു..

No comments:

Post a Comment