വയനാടന്‍

Friday, October 2, 2015

രണ്ടു ഞണ്ടുകള്‍


എന്‍റെ പ്രണയം
നിന്‍റെ ഉടലിറച്ചിയില്‍
ആഞ്ഞു കൊത്തിയ
കഴുക ചുണ്ടാണ്!

ഉരസി തേഞ്ഞു പോയതെങ്കിലും
മുറിവേല്‍പ്പിക്കുന്നത്‌.

ഒരുമിച്ചിരിക്കുന്ന
വെയില്‍  നേരങ്ങളെ
അതിവിശുദ്ധതയെന്നു
നീ തെറ്റി വായിക്കുമ്പോള്‍
നിന്‍റെ
ഇടത്തെമുലയുടെ
ഹെയര്‍പിന്‍ ചെരുവില്‍
ഞാന്‍ വിയര്‍പ്പു
കാറ്റു കൊള്ളുന്നു.

നീയൊരു മൌനത്തെ
കെണിച്ച് വെക്കുമ്പോള്‍
പ്രണയാര്‍ബുദിതനെന്ന വ്യാജേനെ
നിലവിളിച്ച്
പുക്കിള്‍ തടാകത്തില്‍
നീന്തി മലര്‍ക്കും.
നിന്‍റെ ഓരോ ഇടുക്കുകളിലും
ഇടിച്ചു തകരും.

കുമിള ഗവേഷകയായ
നിന്‍റെ മുറിയില്‍
നിറയെ മഴവില്ലുകളാണ്
മോര്‍ച്ചറി കാവല്‍ക്കാരനായ
എന്‍റെ മുറിയില്‍
ജീവനൂരി പോയ
കുറെയുടലുകളും.

ഞാന്‍ ശരീരങ്ങളുടെ
കാവല്‍ക്കാരനാണ്
നീ മഴവില്ലുകളുടെയും

എങ്കിലും നമ്മള്‍
രണ്ടു ഞണ്ടുകള്‍
എങ്ങിനെ പ്രണയിക്കുമെന്ന്
കണ്ടെത്തുകയാണ്.

No comments:

Post a Comment