വയനാടന്‍

Tuesday, June 28, 2011

സ്വപ്നം


പുതിയലമാര മേടിച്ച്
ഭിത്തിയില്‍ കുത്തിച്ചാരുമ്പോള്‍
കുത്തഴിഞ്ഞ സ്വപ്‌നങ്ങള്‍ 
ചിരിക്കുന്നുണ്ടായിരുന്നു 

നഷ്ടങ്ങള്‍ അടുക്കി പെറുക്കിയപ്പോള്‍
മനസ്സ് വറ്റിയൊട്ടിയിരിക്കുന്നു .
കാലം മുന്നിലേക്കും കാലുകള്‍
പിന്നിലേക്കും ഇഴയുന്ന പോലെ ..

തീര്‍ച്ചകള്‍ നഷ്ടമാക്കിയ
കാലത്തിന്‍റെ മൂര്‍ച്ചകള്‍
പിന്നെയും വക്കുകള്‍
മിനുക്കി തന്നെ ..

ഒഴുകി നീണ്ടിട്ടും തീരാത്ത
പുഴ പോല്‍ പിന്നെയും ജീവന്‍
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
സ്വപ്നം കാണുന്നു ....

നനഞ്ഞ തലയിണയില്‍
സ്വപ്നങ്ങള്‍ തണുത്ത് വിറച്ചു .
മോഹങ്ങള്‍ പഞ്ഞിമരങ്ങളായി
കിളിര്‍ത്തു പൊങ്ങും .

വീണ്ടുമൊരു വേനലില്‍
ഉരുകി പൊട്ടിത്തെറിക്കും ..
പഞ്ഞി കുരുക്കള്‍
പിന്നെ ലോകമില്ലാതെ പറന്നലയും....

No comments:

Post a Comment