വയനാടന്‍

Tuesday, February 19, 2013

മാവോവാദി കാളന്‍

കാളന്‍ പണിയന്‍
മാവോ വാദിയായിരുന്നില്ല
പക്ഷെ,
വയലുകളെ
കറ്റകളെ
കുഞ്ഞാറ്റ കിളികളെ
മനക്കലെ
പൂവാലി പശുവിനെ
എന്ന് വേണ്ട
മൂവാണ്ടന്‍ മാവിനേയും
മാങ്ങയെയും വരെ
സ്നേഹിച്ചിരുന്നു കാളന്‍.



ഒട്ടിയുറച്ച
വയറുരച്ചു
പുളിയന്‍ ഉറുമ്പിനെ
ഞെരടികൊന്ന്‍
മനക്കലെ,
മൂവാണ്ടന്‍ മാവിന്റെ
അറ്റത്തെ കൊമ്പിലെത്തി പിടിക്കുമ്പോ
മാവോ വാദിയായിരുന്നില്ല കാളന്‍ !



ചീരു പെണ്ണിനെ
മനയ്ക്കലെ കറ്റയടിക്കുമ്പോഴാണ്‌
ആദ്യമായി കണ്ടത് .
പക്ഷെ കാമറക്ക് മുന്നില്‍
നീട്ടി പിടിച്ച മൈക്കിലൂടെ
വെടിയുതിര്‍ക്കുന്നവര്‍
തത്സമയം പറഞ്ഞത്
തിരുനെല്ലി കാട്ടിലെ
മരങ്ങളില്‍ വട്ടമിട്ടു
വെടിയുതിര്‍ത്തുന്നം
പഠിക്കുമ്പോഴെന്നു .



കളപ്പുരയിലേക്ക്
അധികാരി ചീരുവിനെ
വിളിപ്പിക്കുമ്പോൾ
അകത്തമ്മമാരെത്ര
കൊടുത്താലും തീരാത്ത
ദാഹമുണ്ടധികാരിക്കെന്നൊരു
നാട്ടു നടപ്പപ്പോൾ
വയലിറമ്പത്തൂടെ
നടന്നു പോകുമ്പോഴും
മാവോവാദിയല്ല കാളന്‍ .



വാരി പിടിച്ചോടി വരുമ്പോൾ
ചീരുവിന്റെ ചുണ്ടിലെ
മുറുക്കാൻ കറ
അടിയാനെച്ചിലു മതിയെന്നുറക്കുമ്പോളും
കുടിയിലിതൊക്കെ പതിവെന്ന് ചൊല്ലി
മൂത്തോരു മിണ്ടാതെ,
നെല്ലളന്നു ,പത്തായത്തിലേറ്റുമ്പോഴും
മാവോവാദിയല്ല കാളന്‍ .



നെല്ലരിഞ്ഞു കാച്ചിവെച്ച
അരിവാളു അധികാരിയുടെ
ഉടലാകെ കൊയ്യുമ്പോഴും
മാവോയോ ,ചൈനയോ
കാളനെ അറിഞ്ഞിരുന്നില്ല .

No comments:

Post a Comment