വയനാടന്‍

Tuesday, January 21, 2014

നീല പുറം ചട്ടയുള്ള പുസ്തകങ്ങൾ

തണുപ്പ്
ജനാല ചില്ലുകളിൽ
നമ്മുടെ പേരുകളെഴുതുകയും
കാറ്റത് വിളിച്ചു പറയുകയും
ചെയ്തപ്പോഴാണ്
നീ പേടിക്കുകയും
ചുണ്ടുകളിലെ
തെർമോ മീറ്റർ കൊണ്ട്
എന്റെ നെഞ്ചിന്റെ
ചൂടളക്കുകയും ചെയ്തത് .

മിസ്റ്റർ ആൻഡ്‌ മിസ്സിസ്
എന്ന് പറയുമ്പോൾ
റിസപ്ഷനിസ്റ്റിന്റെ
ചുണ്ടിൽ നിന്ന്
പുറത്തേക്കു
ഓടിയിറങ്ങി പോയ
ചിരി ,
ആൾമാറാട്ടം
നടത്തി വീണ്ടും
വാതിലിൽ മുട്ടുന്നു .
ഒരിക്കലും
അവസാനിക്കാത്ത,
ആനന്ദം നിറച്ച
നിറയെ ഡോട്ടുകളുള്ള
ഒരു ഉറ
രഹസ്യമായി സമ്മാനിക്കപെടുന്നു

എന്നാൽ ,
തൊമ്മൻ ചേട്ടൻ
വരിയെടത്ത ശേഷം
സീസർ എന്ന പട്ടി
അനുഭവിച്ച
സ്വാതന്ത്ര്യത്തെക്കുറിച്ച്
ഞാൻ ആലോചിക്കുമ്പോൾ
നീ ചിരിക്കുകയായിരുന്നു.
ഒളിപ്പിച്ച ഒരു ചെമ്പ് തകിട്
വീണു കിലുങ്ങും പോലെ ..
മകളുടെ മിസ്സ്‌ കാളിനുള്ള
മറുപടിയിൽ
ചിലന്തികളെ കുറിച്ചും
അവ മെടഞ്ഞു മെടഞ്ഞു
പോകുന്ന
വലകളെക്കുറിച്ചും
നീ പറയുമ്പോൾ
എന്റെ ശരീരത്തിൽ
മുളക്കുന്ന രോമങ്ങളെയും
ചുണ്ടിലെ വലകളെയും
ഞാൻ ധൃതിയിൽ
ഒളിപ്പിച്ചു വെക്കുന്നു...(നീയും അങ്ങിനെ തന്നെ )

"നിന്റെ മുലകൾക്കെന്തു
ഭംഗിയാണെന്ന്"
ഞാൻ കണ്ടെത്തുമ്പോൾ
കണ്ടു പിടിത്തങ്ങളിൽ
താല്പര്യമില്ലാത്ത
എന്റെ ഭർത്താവിനോട്
നന്ദി പറയാൻ
നീല വിരി മാറ്റി
നീ ആവിശ്യപെടുന്നു.

ഞാൻ നിന്റെ കമ്മന്റുകളെ
ഉയർത്തിയടിക്കുമ്പോൾ
നീ എന്റെ കവിതകൾ
ഉറക്കെ വായിക്കുന്നു,
സ്റ്റാറ്റസുകളെ കെട്ടി വരിയുന്നു
നാം നീല പുറം ചട്ടയുള്ള
ഒരു പുസ്തകമാവുന്നു .

No comments:

Post a Comment