വയനാടന്‍

Wednesday, January 22, 2014

ചെറുമീനുകൾ

പോരാട്ടങ്ങളുടെ
ആഴകടലുകളിൽ
നിന്നും
ചെറുമീനുകൾ
കുട്ടകളിലേക്ക്
എണ്ണിയെടുക്കപെടുന്നതിൽ
ചില സ്രാവുകളുടെ
നയവ്യതിയാനങ്ങൾ
കാരണമാവുന്നുണ്ട്
എന്ന് അവഗണിക്കപെട്ട
ചില ബെർലിൻ
പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു .

"കൊന്നാൽ പാപം
തിന്നാൽ തീരും ,
ഒന്ന് ചീഞ്ഞാലെ
മറ്റൊന്നിനു വളമാകൂ "
എന്നിങ്ങിനെയുള്ള
ലോക തൊഴിലാളി
ആശയങ്ങൾ
ആവർത്തിച്ചു കൊണ്ട്
സ്രാവുകൾ
മത്തികളുടെ ശരീരത്തിൽ
വരഞ്ഞു
മുളക് പുരട്ടാൻ
കൊട്ടേഷൻ നൽകുമ്പോൾ
വലതു പക്ഷ വ്യതിയാനമാണെന്ന്
പറഞ്ഞ സ്രാവിനെ
പി ബിയിൽ നിന്നും
പുറത്താക്കി .

മുതലാളിത്വം
കരയിൽ വെച്ച്
സദ്ദാമിനെ
ശ്വാസം മുട്ടിച്ചു
കൊന്നപ്പോൾ
സ്രാവുകൾ
മീനുകളെ അണിനിരത്തി
കടലിൽ
പ്രകടനവും
ഹർത്താലുകളും
നടത്തിയത്
സ്വാതന്ത്ര്യ സംരക്ഷണത്തിനു
വേണ്ടി മാത്രമായിരുന്നു .

പക്ഷെ ,
ഒഞ്ചിയത്തെയും
പാലക്കാട്ടെയും
മീനുകളുടെ
അച്ചടക്ക ലംഘനം
കമ്മറ്റികൾ
കണ്ടെത്തിയ കാര്യമാണ്

അത് കൊണ്ടാണ്
മാത്രകാ പരമായി
അവരെ വരഞ്ഞു
മുളക് തേച്ചത്

ചെറു മീനുകൾ
ചിന്തിക്കേണ്ടത്
സോമാലിയയിലെ പട്ടിണിയെക്കുറിച്ചും
ക്യൂബയിലെയിലെ
അധികാര
കൈമാറ്റത്തെക്കുറിച്ചുമാണ്
അല്ലെങ്കിൽ,
ചൈനയിലെ
പരിഷ്കാരങ്ങളെക്കുറിച്ച്
നാട്ടിലെ
പൊട്ടി പൊളിഞ്ഞ
റോഡിനെക്കുറിച്ചോ
മത്തി മേടിക്കാൻ വകയില്ലാത്ത
ആദിവാസിയെക്കുറിച്ചോ അല്ല

No comments:

Post a Comment